കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരി ജിത്തു അറസ്റ്റിൽ. കാക്കനാട് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു.

സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പൊലീസിനോട് സമ്മതിച്ചു. ജിത്തുവിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മകൾ ജിത്തു(22)വിനെ കണ്ടെത്താനാണ് പറവൂർ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നത്.

ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു 25) പൊലീസ് ഉറപ്പിച്ചതിനെ തുടർന്നാണ് ശിവാനന്ദന്റെ ഇളയമകളായ ജിത്തു(22)വിനെ തിരഞ്ഞത്. ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വിസ്മയയുടെ മൊബൈൽ ഫോണുമായാണ് ജിത്തു ഒളിവിൽ പോയത്. ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാരെ ജിത്തു ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

കാണാതായ ജിത്തു, എറണാകുളത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവൻ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാൽ, വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. തീപിടിത്തത്തിൽ മുൻഭാഗത്തെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. അതിനുള്ളിലാണ് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ മൃതദേഹം കണ്ടത്. മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ജിത്തുവിനെ മുൻപും കാണാതായിട്ടുണ്ടെന്ന് റൂറൽ എസ് പി.കെ. കാർത്തിക് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസും അഗ്‌നിരക്ഷാസേനയും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. രണ്ട് മുറികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന തീയണച്ച ശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു.

സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പോയിരുന്നതായാണ് പൊലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കൾ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്.

ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂർത്തിയാക്കിയവരാണ്. ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.