- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിന്റെ പേരിൽ കിരണും വിസ്മയയും തമ്മിൽ യാതൊരു തർക്കവും ഉണ്ടായിരുന്നില്ല; വിസ്മയ അയച്ച വാട്സാപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്തെന്നും മൊഴി; കിരണിന്റെ സഹോദരി കീർത്തി കൂറുമാറി; കേസിൽ ആകെ കൂറുമാറിയത് നാല് പേർ

കൊല്ലം: വിസ്മയക്കേസിൽ വിചാരണ പുരോഗമിക്കവേ, പ്രതി കിരണിന്റെ ബന്ധുക്കളുടെ കൂറുമാറ്റം തുടരുന്നു. കിരണിന്റെ സഹോദരി കീർത്തി, കിരണിന്റെ വല്യച്ഛന്റെ മകൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി എന്നിവർ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. കിരണിന്റെ പിതാവ് സദാശിവൻ പിള്ളയും കൂറുമാറിയവരിൽ ഉൽപ്പെടുന്നു. നാലുപേരാണ് ഇതോടെ കൂറുമാറ്റം നടത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനായ അനിൽകുമാർ, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദു എന്നിവർ പൊലീസിൽ കൊടുത്ത മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ലെന്ന് കീർത്തി മൊഴി നൽകിയതോടെ ഇവർ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രസ്താവിച്ചു.
തുടർന്നുള്ള വിസ്താരത്തിൽ 2021 ജൂൺ 13ന് വിസ്മയ വാട്ആപ്പിലൂടെ തനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും കീർത്തി മൊഴി നൽകി. നാല് വാട്ആപ് മെസേജുകൾ വിസ്മയ തനിക്ക് അയച്ചതാണെന്ന് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണവും കോടതിയിൽ കേൾപ്പിച്ചു.
ലോക്കറിൽ കൊണ്ടുവയ്ക്കാൻ പോകുന്നതിന് മുമ്പ് 60 പവനോളം സ്വർണമുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും എന്നാൽ ലോക്കറിൽ വയ്ക്കാൻ കൊണ്ടുചെന്നപ്പോൾ 42 പവനേയുള്ളു എന്ന് അറിഞ്ഞുവെന്നും കിരണിന്റെ പിതാവ് സദാശിവൻപിള്ള മൊഴി നൽകി. ഇക്കാര്യം കിരൺ വീട്ടിൽ വന്ന് തന്നോട് പറഞ്ഞു. ഇതേതുടർന്ന് വിസ്മയയും കിരണും തമ്മിൽ വഴക്കായി.
താൻ സ്വർണം ദുരുപയോഗം ചെയ്തതായി തെറ്റിദ്ധരിക്കുമെന്ന് കരുതിയായിരിക്കും കിരൺ ഇപ്രകാരം പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ളയുടെ എതിർവിസ്താരത്തിൽ കിരണിന്റെ പിതാവ് സദാശിവപിള്ള മൊഴി നൽകി.
വിസ്മയയുടെ കട്ടിലിലെ തലയണയുടെ അടിയിൽ നിന്ന് കിട്ടിയ കടലാസ് താൻ പൊലീസിൽ ഏൽപ്പിച്ച കാര്യം ആരോടും പറയാതിരുന്നത് തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതിചേർക്കുമെന്ന് ഭയന്നാണെന്നും സാക്ഷി എതിർവിസ്താരത്തിൽ പറഞ്ഞു. തുടർന്നുള്ള വിസ്താരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ വർഷം ജൂൺ 21-നാണ് ചടയമംഗലം നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


