- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാലക്കമ്പിയിൽ തൂങ്ങിക്കിടന്ന വിസ്മയയുടെ ഡമ്മി കണ്ട് കിരൺ കുമാറിന് ഞെട്ടൽ; പൊലീസ് തെളിവെടുപ്പ് ശാസ്ത്രീയമായ വഴിയിൽ നീങ്ങവേ കേസ് അന്വേഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി; അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പിക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം; കേസിൽ വഴിത്തിരിവുണ്ടായ ഘട്ടത്തിലെ ഉദ്യോഗസ്ഥ മാറ്റത്തിൽ ആശങ്ക
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃപീഡനത്താൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട വിസ്മയയുടെ കേസ് ആന്വേഷിക്കുന്ന ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയപ്പോഴാണ് രാജ്കുമാർ ശാസ്താംകോട്ടയിൽ എത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ഭാഗമായി പൊലീസ് സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പുനഃവിന്യാസം നടത്തുന്നതിനുള്ള സർക്കുലർ കഴിഞ്ഞ ദിവസം ഡിജിപി ലോകനാഥ് ബെഹ്റ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്കുമാറിന് കൊച്ചി സിറ്റിയിലേയ്ക്ക് മാറേണ്ടി വരും. കേസന്വേഷണത്തിന്റെ സങ്കീർണഘട്ടത്തിൽ അന്വേഷണഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് കേസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും വിസ്മയയുടെ കുടുംബവും.
വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഇത് കണ്ടെത്തുന്നതിന് ശാസ്ത്രീയമായ അന്വേഷണരീതികളായിരുന്നു രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവലംബിച്ച് പോന്നത്. കഴിഞ്ഞ ദിവസം വിസ്മയയുടെ അതെ വലിപ്പത്തിലും ഭാരത്തിലുമുള്ള ഒരു ഡമ്മി തയ്യാറാക്കി ഡമ്മി ടെസ്റ്റ് നടത്തിയിരുന്നു. വിസ്മയ തൂങ്ങിമരിച്ചുക്കിടക്കുന്നത് കിരൺ അല്ലാതെ മറ്റാരും കണ്ടിട്ടില്ല. അവർ എത്തുമ്പോഴേയ്ക്ക് കിരൺ വിസ്മയയെ കയർ മുറിച്ച് നിലത്ത് കിടത്തിയിരുന്നു എന്നാണ് അവകാശവാദം. ഇത് ശരിയാണോ എന്നും ഒരാൾക്ക് ഒറ്റയ്ക്ക് അത്രയും ഭാരമുള്ള മറ്റൊരാളെ കെട്ടഴിച്ച് നിലത്തിറക്കാൻ കഴിയുമോ എന്നുമൊക്കെ അന്വേഷണസംഘം പരിശോധിച്ചിരുന്നു.
വിസ്മയയെ അഞ്ച് തവണ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് കിരൺ അന്വേഷണ ഉദ്യാഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കൗൺസിലറോട് വിസ്മയ പറഞ്ഞ കാര്യങ്ങളൊക്കെ പൂർണമായും ശരിവയ്ക്കുന്ന കുറ്റസമ്മതമാണ് കിരൺ ഉദ്യോഗസ്ഥരോട് നടത്തിയിരിക്കുന്നത്. എന്നാൽ വിസ്മയയുടേത് ആത്മഹത്യയയാണെന്ന മൊഴിയിൽ നിന്ന മാത്രം പിന്നോട്ട് പോകാൻ കിരൺ തയ്യാറായിട്ടല്ല. ഡമ്മി ഉപയോഗിച്ച് അവിടെ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ അന്വേഷണസംഘം കാണിച്ചപ്പോൾ കിരൺ കുമാർ ഞെട്ടിത്തരിച്ചു നിന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ശാസ്താംകോട്ട എസ്ബിഐയിൽ കിരണിനൊപ്പം എത്തിയ പൊലീസ് അവിടത്തെ ലോക്കറിൽ നിന്നും 42 കണ്ടെത്തിയിട്ടുണ്ട്. ഇനി 38 പവൻ കൂടി കിട്ടാനുണ്ട്. കേസന്വേഷണം ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ഡിവൈഎസ്പി രാജ്കുമാറിന്റെ സ്ഥലംമാറ്റം. 179 ഡിവൈഎസ്പിമാർക്കും നാന്നൂറോളം സർക്കിൾ ഇൻസ്പെക്ടർക്കും പുനഃവിന്യാസത്തിന് നിർദ്ദേശമുണ്ട്.
എന്നാൽ കേരളത്തെയാകെ പിടിച്ചുകുലുക്കിയ ഈ കേസ് അതിന്റെ സന്നിഗ്ധഘട്ടത്തിൽ നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് പിന്നിൽ മറ്റെന്തിലും കളികളുണ്ടോ എന്ന ആശങ്കയും ഉയർന്നുവന്നിട്ടുണ്ട്. പുതിയ അന്വേഷണഉദ്യോഗസ്ഥൻ എത്തിയാൽ നിലവിലെ അന്വേഷണഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളെ എങ്ങനെ ഉൾക്കൊള്ളുമെന്നാണ് വിസ്മയയുടെ കുടുംബാംഗങ്ങളുടെ ഭയം.
നിലവിൽ ശരിയായ ട്രാക്കിലൂടെയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. പുതിയ ആൾ വരുമ്പോൾ അന്വേഷണത്തിന്റെ ട്രാക്ക് മാറുമോ, നിഗമനങ്ങളിൽ മാറ്റമുണ്ടാകുമോ, തങ്ങൾക്ക് നീതി ലഭിക്കുമോ എന്നൊക്കെ അവർ ആശങ്കപ്പെടുന്നു. എന്നാൽ ഇതൊരു പൊതുസ്ഥലംമാറ്റം മാത്രമാണെന്നാണ് പൊലീസ് ഭാഷ്യം.
അതിനിടെ കേസിലെ പ്രതിയായ കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കിരണിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിരൺ കുമാറിനെ വിട്ടു നൽകിയിരുന്നു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി കോവിഡ് മാറി സുഖമായതിനു ശേഷമായിരിക്കും തെളിവെടുപ്പ്.
അതിനിടെ പോരു വഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവൻ സ്വർണം അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അതേസമയം, വിസ്മയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ പെട്ടെന്നു തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിസ്മയ പഠിച്ച കോളേജിലും അന്വേഷണസംഘം എത്തിയിരുന്നു. പന്തളത്തെ ആയുർവേദ മെഡിക്കൽ കോളേജിൽ എത്തിയ അന്വേഷണ സംഘം തെളിവെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ