- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും; വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്; പത്തനംതിട്ടയിൽ നിന്നെത്തിയ കത്തിന് പിന്നിലാര്? പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്ന് പൊലീസ് നിഗമനം
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഭീഷണിക്കത്താണ് വന്നിരിക്കുന്നത്. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നും കത്തിൽ പറയുന്നു. അതേസമയം കത്ത് എഴുതിയത് പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിൽ കത്ത് ലഭിച്ചത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് വന്നതെന്നാണ് നിഗമനം. കേസിൽ നിന്ന് പിന്മാറാൻ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തിൽ പറയുന്നു. കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെയാകും സഹോദരൻ വിജിത്തിനുമെന്നും കത്തിൽ പറയുന്നു.
കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുബം പ്രതികരിച്ചിട്ടില്ല. കത്ത് പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് മൊഴിയെടുത്തു. കേസിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. 102 സാക്ഷി മൊഴികൾ, 56 തൊണ്ടിമുതലുകൾ, 92 രേഖകൾ, എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീധന പീഡന നിരോധന നിയമം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്.
ഇതുവരെ നടന്ന അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദി പറയുന്നെന്നും വിസ്മയുടെ പിതാവ് പ്രതികരിച്ചു. ജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണ നടത്തണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം സമർപ്പിച്ചു. 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവിൽ നിന്ന് ശേഖരിച്ച രക്തം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി തകർത്ത് ഉള്ളിൽ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊർജതന്ത്ര വിദഗ്ദ്ധരെ ഉൾപ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതിൽ തുറക്കുന്നതും ബലമായി തകർക്കുന്നതും തമ്മിലുള്ള ഊർജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന. പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിക്കും.
മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ വിസ്മയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു. വിചാരണ അപേക്ഷ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കമാണ്. കുറ്റപത്രം സമർപ്പിക്കുന്നതിനൊപ്പം ജൂഡീഷ്യൽ കസ്റ്റഡിയിൽ കിരൺ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷ സമർപ്പിക്കുന്നത് ജാമ്യ സാധ്യത പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്ത്രീധന നിരോധന നിയമം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിക്കൂടിയാണ് അസാധാരണ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
മറുനാടന് മലയാളി ബ്യൂറോ