കൊല്ലം: മലയാളിയെ കരയിപ്പിച്ച ആ സ്ത്രീധന പീഡന മരണത്തിന് പിന്നിൽ സംശയ രോഗവും? പഠനത്തിൽ മിടുക്കിയായിരുന്നു വിസ്മയ. നൃത്തത്തിലും സ്‌പോർട്‌സിലും കഴിവു തെളിയിച്ചിരുന്നു. സ്‌കൂൾ കലോത്സവത്തിൽ വിവിധ നൃത്ത ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു. മികച്ച എൻസിസി കെഡറ്റ് ആയിരുന്നു. ഇങ്ങനെ എല്ലാ മേഖലയിലും മിടുക്കു കാട്ടിയ വിസ്മയയാണ് ശാസ്താംകോട്ടയിലെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.

കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ തീരുമാനിച്ച മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു. കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്‌നമാകാം വിസ്മയയുടെ മരണത്തിലേക്ക് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. എന്നാൽ ഈ വിഷയത്തിലേക്കൊന്നും പൊലീസ് അന്വേഷണം നീളുന്നില്ല. കിരൺകുമാർ എന്ന മോട്ടോ വെഹിക്കൾ ഉദ്യോഗസ്ഥൻ പറയുന്ന മൊഴിയിൽ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്,

ബിഎഎംഎസ് വിദ്യാർത്ഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. ഞായറാഴ്ചയും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നു. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു. ഇതിന് ശേഷമാണ് വിസ്മയയുടെ മരണം. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അതു മനസ്സിലാക്കി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നു. വിസ്മയയെ പ്രകോപിപ്പിക്കാനായിരുന്നു അത്.

വിസ്മയ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ അത് അംഗീകരിക്കുന്നില്ല. വിസ്മയ ഭർത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാൽ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാൽ തൂങ്ങി മരിച്ചതാണെന്നു തോന്നില്ല.

വിസ്മയയുടെ മൊബൈൽ ഫോൺ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവർ ആരോപിക്കുന്നു. സഹോദരി സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന സമയത്താണ് താൻ വിവാഹം കഴിക്കുന്നതെന്നും അതുകൊണ്ട് തന്നെ സ്ത്രീധനം വേണ്ടെന്ന് നിബന്ധന വച്ചിരുന്നെന്നും വിസ്മയയുടെ സഹോദരൻ വിജിത് വി.നായർ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിജിത് പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടും മകളെ വീണ്ടും ഭർതൃവീട്ടിലേക്കു പറഞ്ഞുവിട്ട രക്ഷിതാക്കളാണ് മരണത്തിന് ഉത്തരവാദി എന്ന് ചിലർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നുണ്ട്. അതു പൂർണമായും തെറ്റാണ്. കുടുംബാംഗങ്ങൾക്കു ദുഃഖമുണ്ടാക്കുന്നതാണ്. വിസ്മയയ്ക്ക് വിവാഹമോചനം നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. സ്വന്തം വീട്ടിൽനിന്നു പരീക്ഷ എഴുതാൻ കോളജിൽ പോയ വിസ്മയയെ കിരൺ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇനി ഉപദ്രവിക്കില്ലെന്ന് വാക്കുപറഞ്ഞാണ് അയാൾ കൊണ്ടുപോയത്.

അവിടേക്കു പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പായിരുന്നു. അച്ഛനും സഹോദരനുമായി സംസാരിക്കാതിരിക്കാൻ വേണ്ടി വിസ്മയയുടെ ഫോണിൽ ആ നമ്പരുകൾ കിരൺ ബ്ലോക്ക് ചെയ്‌തെന്നും വിജിത് ആരോപിച്ചു.