കൊല്ലം: ജനുവരിയിൽ വീട്ടിലെത്തി കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്മയയുടെ കുടുംബം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയോട് കുടുംബം ഈ ആവശ്യം ഉന്നയിച്ചു. വിസ്മയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബംഗങ്ങൾ. ഐജി ഹർഷിതാ അട്ടല്ലൂരിയോട് ഇക്കാര്യങ്ങൾ എല്ലാം വിസ്മയയുടെ അച്ഛൻ വിശദീകരിച്ചിട്ടുണ്ട്.

അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദ്ദിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ കിരൺ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. കിരൺ ജോലി ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് കേസിൽ നിന്ന് പിന്നോട്ട് പോയതെന്ന് വിസ്മയയുടെ അച്ഛൻ പറയുന്നു. ഒത്തുതീർപ്പായെങ്കിലും കിരണിനെ വിളിച്ച് ശകാരിച്ചാണ് എസ്‌ഐ പറഞ്ഞയച്ചത്. ഇനിയൊരു നിയമലംഘനമുണ്ടായാൽ വെറുതെ വിടില്ലെന്ന് എസ് ഐ പറഞ്ഞാണ് വിട്ടതെന്നും വിസ്മയയുടെ അച്ഛൻ പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കേസ് അന്വേഷണം. അങ്ങനെ വന്നാൽ ചടയമംഗലം പൊലീസും കേസെടുക്കും.

ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും, കേസ് വീണ്ടും അന്വേഷിച്ചേ മതിയാകൂ എന്നും കുടുംബം പറയുന്നു. കിരൺ സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കൂടുതൽ ആക്രമണം നടത്താറുള്ളതെന്ന് സുഹൃത്തുക്കളിൽ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനത്തിൽ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരിയിലെ കേസ് ഒതുക്കി തീർക്കാനായി കിരൺ കുമാറിന്റെ അച്ഛനും സഹോദരി ഭർത്താവും വീട്ടിൽ വന്ന് കാലുപിടിച്ചെന്ന് ത്രിവിക്രമൻ പിള്ള പറയുന്നു.

വിസ്മയയ്ക്ക് നൽകിയ 80 പവന്റെ സ്വർണം കരണിന്റെ പേരിലെ ബാങ്ക് ലോക്കറിലാണ്. കൊടുത്ത കാർ ഇപ്പോൾ വിസ്മയയുടെ വീട്ടിലാണുള്ളത്. അതിനിടെ കിരൺ കുമാറിന്റെ പീഡനത്തിൽ കൂടുതൽ വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കും' ഇതുപറഞ്ഞാണ് വിസ്മയയെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് പറയുന്നു. ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷം രൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് വിജിത്ത് പറഞ്ഞു. 'മാസങ്ങൾക്കു മുൻപ് അയാൾ മദ്യലഹരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞങ്ങളുടെ മുൻപിൽ വച്ച് വിസ്മയയെ അടിച്ചു. ഞാൻ തടസ്സം പിടിച്ചപ്പോൾ എനിക്കും മർദനമേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ അയാൾ ഇറങ്ങിയോടി.

പൊലീസ് പിടിച്ചപ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചു. മോട്ടർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിലെയും പൊലീസിലെയും ചിലർ ഇടപെട്ടാണു കേസ് ഒത്തുതീർപ്പാക്കിയത്. ആ ഒത്തുതീർപ്പിലാണ് എനിക്കെന്റെ സഹോദരിയെ നഷ്ടമായത്. അതിനു ശേഷം വിസ്മയ വീട്ടിൽ നിന്നാണു ക്ലാസിൽ പോയത്. ഭർത്താവ് കോളജിൽ ചെന്നു കൂട്ടിക്കൊണ്ടുപോയി. പിന്നെ അവിടെ നടക്കുന്ന ഉപദ്രവങ്ങളൊന്നും വീട്ടിൽ അറിയാതെയായി. മരിച്ച ദിവസം രാത്രിയിലും അവൾ അമ്മയെ വിളിച്ചിരുന്നു; പരീക്ഷയ്ക്ക് വിടുന്നില്ല എന്നു പറഞ്ഞു കരഞ്ഞു. ആയിരം രൂപ വേണമെന്നും അമ്മയോടു പറഞ്ഞു. അയച്ചുകൊടുക്കാമെന്നും പറഞ്ഞു. പിന്നീട് ഞങ്ങൾ അറിയുന്നത് അവളുടെ മരണവാർത്തയാണ്.

വിസ്മയ നേരത്തേ ഒരു കൂട്ടുകാരിക്ക് അയച്ച സന്ദേശം അവർ എനിക്ക് ഇപ്പോൾ അയച്ചു തന്നു. ഭർത്താവ് തന്നെ കൊല്ലുമെന്ന് അവൾ ആ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. തെളിവെല്ലാം ഞാൻ പൊലീസിനു സമർപ്പിച്ചിട്ടുണ്ട് വിജിത്ത് പറയുന്നു. മരണത്തിന് കുറച്ചുനാൾ മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങളിലൂടെ പുറത്തുവന്നത് സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകളാണ്. 'വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.'-എന്നെല്ലാമായിരുന്നു ഈ സന്ദേശങ്ങൾ.

വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാണ്. ഇന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന. ഇൻക്വിസ്റ്റ് കോപ്പിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്മയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. അതേസമയം, കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഐജി ഹർഷിത അട്ടല്ലൂരി 'പറഞ്ഞു.

വളരെ നിർഭാഗ്യകരമായ കേസാണിത്. ഏത് പെൺകുട്ടിക്കും, ഗാർഹികപീഡനം നേരിട്ടാൽ വിളിച്ച് പറയാനും പരിഹാരമുണ്ടാക്കാനും കേരളത്തിൽ സംവിധാനമുണ്ട്. പുതിയ ഹെൽപ് ലൈൻ നമ്പറുകൾ ഇന്ന് നിലവിൽ വരുമെന്നും ഐജി വ്യക്തമാക്കി.