കൊല്ലം: അമ്മേ, അച്ഛാ, ഓടി വാ...എന്നായിരുന്നു നിലവിളി.... ചെന്നു നോക്കുമ്പോൾ കണ്ടത് വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി കിരൺ അമർത്തുന്നതും. വേഗം കാറെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വീട്ടിൽനിന്നു കൊണ്ടു പോകുമ്പോൾ വിസ്മയയ്ക്ക് ജീവനുണ്ടായിരുന്നു. കണ്ണുകൾ ചെറുതായി തുറക്കുകയും ചെയ്തു-ശാസ്താംനടയിലെ ആ വീട്ടിൽ വിസ്മയ തൂങ്ങി നിൽക്കുന്നത് കിരണിന്റെ അച്ഛനും അമ്മയും പോലും കണ്ടില്ല. കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെങ്കിൽ അതു കാണുമ്പോൾ തന്നെ പൊട്ടിക്കരയേണ്ടതായിരുന്നില്ലേ കിരൺ? ഈ ചോദ്യമാണ് വിസ്മയയുടേതുകൊലപാകരമെന്ന വസ്തുതയ്ക്ക് അടിവരയിടുന്നത്.

കിരണും വിസ്മയയും കിടന്നിരുന്നത് ഒരു മുറിയിൽ. അതേ മുറിയിലെ ബാത്ത്‌റൂമിൽ തൂങ്ങി മരിച്ചുവെന്നത് ആർക്കും വിശ്വസിക്കാൻ ആയില്ല. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്ന് മരുമകൾ ആദ്യം ബഹളം കേട്ടെത്തിയ കിരണിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നുവെന്ന് മറുനാടനോട് തന്നെ അവർ നേരത്തെ സമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് മരണം. മൊബൈലിൽ എന്തോ കണ്ടതിന്റെ പക കിരൺ തീർക്കാനാണ് സാധ്യത. ജീവനോടെ കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങി മരണത്തിന്റെ സൂചനകളേ ഉണ്ടാകൂ. അഞ്ചലിൽ ഉത്രയെന്ന പെൺകുട്ടിയെ തെളിവുകൾ ഇല്ലാതാക്കാൻ സൂരജ് എന്ന ഭർത്താവ് മുർഖനെ കൊണ്ടു കടുപ്പിച്ചു. ഇവിടെ എല്ലാവരുടേയും കണ്ണിൽ പൊടിയിടാൻ നിയമം അറിയാവുന്ന മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടറായ കിരൺ വിസ്മയയെ ജീവനോടെ കെട്ടിത്തൂക്കിയെന്നതാണ് ഉയരുന്ന സംശയം.

മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേരാത്രി വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായി ഭർത്താവ് കിരൺകുമാറിന്റെ അമ്മ ചന്ദ്രമതി പറയുന്നു. നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛൻ സദാശിവൻ പിള്ളയും പറഞ്ഞു. പുലർച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും ഇവർ പറയുന്നു. എന്നാൽ ഇവർ തമ്മിലെ പ്രശ്‌നം എന്തെന്ന് അവർ വെളിപ്പെടുത്തുന്നുമില്ല. മകനെ രക്ഷിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഇവരുടെ വാക്കുകളിലുണ്ട്. ഈ സാഹചര്യത്തിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് എസ്. കിരൺ കുമാറിന്റെ ബന്ധുക്കൾക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയും വ്യക്തമാക്കി.

കിരണിന്റെയും വിസ്മയയുടെയും വീടുകൾ ഐജി സന്ദർശിച്ചു. കഴിഞ്ഞ ജനുവരി 5ന് കിരൺ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മുൻപിൽ വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിച്ച സംഭവം പുനരന്വേഷിക്കുമെന്നും ഐജി പറഞ്ഞു. കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ ചന്ദ്രവിലാസം വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘമെത്തി. ഷാൾ ഉപയോഗിച്ചു കിടപ്പുമുറിയോടു ചേർന്ന വെന്റിലേഷനിൽ വിസ്മയ തൂങ്ങിമരിച്ചതായി പറയുന്ന സ്ഥലത്ത് ഉൾപ്പെടെ ഐജി പരിശോധന നടത്തി. തൂങ്ങി മരണത്തിന്റെ സാധ്യത പോലും ചോദ്യം ചെയ്യുന്നതാണ് ഈ ക്രൈംസ്‌പോട്ട്.

കിരണിന്റെ മാതാപിതാക്കളായ സദാശിവൻപിള്ള, ചന്ദ്രമതിയമ്മ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. കിരണുമായുള്ള വഴക്കിനെത്തുടർന്നു വിസ്മയ 21നു പുലർച്ചെ കിടപ്പുമുറിയോടു ചേർന്ന വെന്റിലേഷനിൽ തൂങ്ങിയെന്നും ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാർ മൊഴി നൽകിയത്. കാറിനെച്ചൊല്ലി കിരൺ തർക്കമുണ്ടാക്കിയിരുന്നെങ്കിലും സ്ത്രീധനപീഡനം നടന്നിട്ടില്ല. രണ്ടുപേരും വളരെ സ്‌നേഹത്തോടെയാണു കഴിഞ്ഞതെന്നും മൊഴിയിലുണ്ട്. തീർത്തും അവിശ്വസനീയമാണ് ഈ മൊഴിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്.

രാവിലെ 10ന് വിസ്മയയുടെ നിലമേൽ കൈതോട്ടുള്ള വീട്ടിൽ എത്തിയ ഐജി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ പിള്ള, അമ്മ സജിത, സഹോദരൻ വിജിത്ത് എന്നിവരിൽ നിന്നു മൊഴിയെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് ഐജി പറഞ്ഞു.

കിരണിന്റെ അച്ഛനും അമ്മയും പറയുന്നത്

തലേന്നു രാത്രി ഭക്ഷണം കഴിഞ്ഞു രണ്ടു പേരും മുറിയിലേക്കു പോയി. അൽപനേരം കഴിഞ്ഞപ്പോൾ വിസ്മയ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തങ്ങൾ ചെല്ലുമ്പോൾ വിസ്മയ വസ്ത്രം മാറി പോകാൻ തയാറായി നിൽക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെയെന്നും ഈ രാത്രിയിൽ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്നും കിരണിന്റെ അച്ഛൻ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞു.

നേരത്തെയും ഇതുപോലെ വിസ്മയ നിർബന്ധം പിടിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ കൊണ്ടു വിട്ടിട്ടുമുണ്ട്. കിരൺ വസ്ത്രം മാറി കിടന്ന ശേഷം ഞങ്ങൾ മുറി വിടുകയും ചെയ്തു. അൽപസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചിൽ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ...എന്നായിരുന്നു നിലവിളി. ചെന്നു നോക്കുമ്പോൾ കിരൺ വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുകയായിരുന്നു. വേഗം കാറെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വീട്ടിൽനിന്നു കൊണ്ടു പോകുമ്പോൾ വിസ്മയയ്ക്ക് ജീവനുണ്ടായിരുന്നു. കണ്ണുകൾ ചെറുതായി തുറക്കുകയും ചെയ്തതായി ചന്ദ്രമതി പറഞ്ഞു.

മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായെങ്കിലും മർദിച്ചിട്ടില്ലെന്നും വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോൾ നേരം പുലരട്ടെയെന്നു പറഞ്ഞുവെന്നും പിന്നീടു തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നുവെന്നും തന്നെയാണ് കിരൺ നൽകിയ മൊഴിയും വിസ്മയയെ പലകുറി മർദിച്ചിട്ടുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി പലതവണ തർക്കമുണ്ടായിരുന്നതായും കിരൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കിരൺകുമാറിനെ മോട്ടോർവാഹനവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു,

മോട്ടോർവാഹനവകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ. ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകളാണ് നിലവിൽ കിരണിനെതിരേചുമത്തിയിട്ടുള്ളത്. കിരണിന്റെ ബന്ധുക്കളെ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.