- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തൂങ്ങി മരിച്ചത് 140 സെന്റീമീറ്റർ നീളമുള്ള ടർക്കി ടവലിൽ; ശാസ്താംകോട്ടയിലേത് ക്രൂര കൊലപാതകമെന്ന് ഏതാണ്ട് ഉറപ്പിച്ച് അന്വേഷകർ; കിരണിനെ ചോദ്യം ചെയ്യുന്നതുകൊലക്കുറ്റം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
കൊല്ലം: വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹം ശക്തമാക്കി പുതിയൊരു വിവരം കൂടി. 140 സെന്റീമീറ്റർ നീളമുള്ള ടർക്കി ടവൽ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കിരൺ കുമാറിന്റേയും ബന്ധുക്കളുടേയും മൊഴി. ഈ മൊഴി കിരൺ കുമാറിനൊപ്പം ബന്ധുക്കളേയും കേസിൽ പ്രതിയാക്കും. കിരണിന്റെ അച്ഛനും അമ്മയും കേസിൽ പ്രതിയാകാനാണ് സാധ്യത.
തറനിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ അസാധ്യമാണ്. തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ ഒരാൾക്ക് തുങ്ങി മരിക്കുക അസാധ്യമാണ്. 140 സെന്റീമീറ്റർ നീളമുള്ള ടവൽ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും ഒരിക്കലും മരണം സാധ്യമല്ല. കെട്ടി തൂങ്ങുമ്പോൾ ടവലുകൾ അയയും. ജനൽ കമ്പിയിൽ ടവൽ കെട്ടുമ്പോൾ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും. മരണ വെപ്രാളത്തിൽ കാലുകൾ തുങ്ങും. ഈ സമയം 19 സെന്റിമീറ്റർ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കിൽ മരണം അസാധ്യമാകും.
ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു. കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുകൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനും പൊലീസ് ശ്രമിക്കും. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്.
വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി റിപ്പോർട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളിൽ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വൽ ടർക്കിയിൽ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു. കെമിക്കൽ ഫലത്തിനായി കാക്കുകയാണ് പൊലീസ്.
വിസ്മയുടെ കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. ഇതും ദുരൂഹമാണ്. കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് കിരൺ. പന്തളം കോളേജിൽ ബി എ എം എസ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് വിസ്മയ. വിദേശ മലയാളിയും പൊതു പ്രവർത്തകനുമായ ത്രിവിക്രമൻനായരാണ് പിതാവ്. ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിന്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടിൽ ഒന്നാം നിലയിൽ ദമ്പതികളുടേ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്. കിരൺ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിന്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ തെളിവായി ശരീരത്തിലുള്ള പരിക്കിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്‌സ്ആപ്പ് അയച്ചിരുന്നു.
ഇതേച്ചൊല്ലിയും കിരൺ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോൺ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലപ്പോഴായി 5 ഫോണുകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകൾ കിരൺ ബ്ലോക്കും ചെയ്തു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായർ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്.
101 പവനും 1 ഏക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയത്. കാർ മൈലേജില്ലാത്തതിനാൽ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാൻ ഈ കാർ വിറ്റ് ഉടൻ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മർദ്ദിക്കുന്നത് പതിവാക്കി. 2021 ജനുവരി 5 ന് അർദ്ധരാത്രി കിരൺ മദ്യപിച്ച് ഇതേ കാറിൽ വിസ്മയെയും കൊണ്ട് അമിത വേഗതയിൽ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടിൽ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചു. തടയാൻ ചെന്ന സഹോദരനെയും ക്രൂരമായി മർദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു. വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്‌ഐയെയും കിരൺ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി.
കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടിൽ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിറ്റേന്ന് സ്റ്റേഷനിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചർച്ച നടത്തി ഇനിയൊരു പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയിൽ ഒത്തു തീർപ്പാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റർ ക്ലോസ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ