കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ പരിശോധനയിലും ആത്മഹത്യ ഉറപ്പിക്കാൻ കഴിയുന്നില്ല. കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ട് ചീഫ് ഫൊറൻസിക് ഡയറക്ടർ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ.

അതിനിടെ ആത്മഹത്യയ്ക്കുള്ള സാധ്യത ഫോറൻസിക് വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ശുചി മുറിയിലെ ഉയരത്തിലും ആത്മഹത്യ സാധ്യമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ കതകു പൂട്ടിയായിരുന്നോ ആത്മഹത്യ എന്നത് അടക്കമുള്ള ചോദ്യം ഉയരുന്നുണ്ട്. സ്ഥലത്ത് കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ദൂരൂഹത മാറുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് കിരണിനെ തെളിവെടുപ്പിനായി പോരുവഴി ശാസ്താംനടയിലെ വീട്ടിലെത്തിച്ചത്.

വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു. വിസ്മയ ജനൽ കമ്പിയിൽ തൂങ്ങിനിന്നുവെന്നു കിരൺ പറഞ്ഞ ശുചിമുറിയിൽ ഡോക്ടർമാരും റൂറൽ എസ്‌പി കെ.ബി.രവിയും പരിശോധന നടത്തി. ലഭ്യമായ മൊഴികൾ അനുസരിച്ച് വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കിരൺ മാത്രമേ കണ്ടിട്ടുള്ളൂ.

വിസ്മയ തൂങ്ങിമരിച്ചതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കിരൺ. എന്നാൽ സ്ത്രീധനം കുറഞ്ഞു പോയതിന്റെയും കാറിന്റെയും പേരിൽ പലതവണ വിസ്മയയെ വിവിധ സ്ഥലങ്ങളിൽ വച്ച് മർദിച്ചതായി കിരൺ പൊലീസിനോടു സമ്മതിച്ചു. സ്വർണാഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാസ്താംനടയിലെ എസ്‌ബിഐ ശാഖയിൽ തെളിവെടുപ്പു നടത്തി. മാലയും വളകളും ഉൾപ്പെടെ 42 പവൻ സ്വർണാഭരണങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നത്. എൺപതു പവനാണ് സ്ത്രീധനമായി നൽകിയത്. ബാക്കി സ്വർണ്ണത്തിലും അന്വേഷണം തുടരും.

140 സെന്റീമീറ്റർ നീളമുള്ള ടർക്കി ടവൽ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കിരൺ കുമാറിന്റേയും ബന്ധുക്കളുടേയും മൊഴി. തറനിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ അസാധ്യമാണ്. തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ ഒരാൾക്ക് തുങ്ങി മരിക്കുക അസാധ്യമാണ്. 140 സെന്റീമീറ്റർ നീളമുള്ള ടവൽ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും ഒരിക്കലും മരണം സാധ്യമല്ല. കെട്ടി തൂങ്ങുമ്പോൾ ടവലുകൾ അയയും. ജനൽ കമ്പിയിൽ ടവൽ കെട്ടുമ്പോൾ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും. മരണ വെപ്രാളത്തിൽ കാലുകൾ തുങ്ങും. ഈ സമയം 19 സെന്റിമീറ്റർ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കിൽ മരണം അസാധ്യമാകുമെന്ന നിഗമനവും ഉണ്ട്. എന്നാൽ ചെറിയ ഉയരത്തിലും ആത്മഹത്യ സാധ്യമാകുമെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിലപാട് എന്നാണ് സൂചന.

സ്വർണ്ണവും 1 ഏക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയത്. കാർ മൈലേജില്ലാത്തതിനാൽ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാൻ ഈ കാർ വിറ്റ് ഉടൻ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മർദ്ദിക്കുന്നത് പതിവാക്കി. 2021 ജനുവരി 5 ന് അർദ്ധരാത്രി കിരൺ മദ്യപിച്ച് ഇതേ കാറിൽ വിസ്മയെയും കൊണ്ട് അമിത വേഗതയിൽ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടിൽ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചു. തടയാൻ ചെന്ന സഹോദരനെയും ക്രൂരമായി മർദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു. വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്ഐയെയും കിരൺ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി.

കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടിൽ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിറ്റേന്ന് സ്റ്റേഷനിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചർച്ച നടത്തി ഇനിയൊരു പ്രശ്നമുണ്ടാക്കില്ലെന്ന ധാരണയിൽ ഒത്തു തീർപ്പാക്കി. പ്രശ്നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റർ ക്ലോസ് ചെയ്യുകയായിരുന്നു.