- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം
കൊച്ചി: വിസ്മയ കേസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എസ്. കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നാണ് പ്രതിയുടെ വാദം. ഹർജി നാളെ പരിഗണിച്ചേക്കും.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം.
മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.
90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.
വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന കിരൺ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഗാർഹികപീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുള്ള കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് സംഭവിച്ചതെന്നും കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി പൂർണമായും തള്ളി. നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
മറുനാടന് മലയാളി ബ്യൂറോ