- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയയുടെ മരണത്തിന്റെ കുറ്റപത്രത്തിൽ കിരണിന്റെ പേരുമാത്രം; ഭർത്താവിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല; സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡന കുറ്റവു ഉൾപ്പെടുത്തി; വിസ്മയ നിരന്തരം പീഡനം നേരിട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു അന്വേഷണ സംഘം; ജാമ്യം കിട്ടാതിരിക്കാനുള്ള കരുനീക്കവുമായി പൊലീസ്
ശാസ്താംകോട്ട: വിസ്മയയുടെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം കരുതലോടെ. അന്വേഷണ സംഘം സമർപ്പിക്കുന്ന കുറ്റപത്രത്തിൽ പ്രതി ഭർത്താവ് കിരൺകുമാർ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന പീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ധാരണയായിട്ടുണ്ട്.
കിരണിന്റെ മാതാപിതാക്കൾ, ചില അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നു വിസ്മയ നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നെന്ന മൊഴികൾ അന്വേഷണസംഘത്തിനു കിട്ടിയെങ്കിലും ഇവരെ ആദ്യഘട്ടത്തിൽ പ്രതി ചേർക്കേണ്ടതില്ലെന്നാണ് തീരുമാനം. ജാമ്യം നേടാൻ കിരൺ തിരക്കിട്ട നീക്കം നടത്തുന്നതിനാൽ ഉടനടി കുറ്റപത്രം സമർപ്പിച്ച് അതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു കിരണിനെ അഴിക്കുള്ളിൽ അടക്കുന്നത് ഉറപ്പാക്കുക എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്.
കിരണിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കെതിരെ ലഭിച്ച മൊഴികളിൽ വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ശേഖരിച്ച് ഇവരെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിലെ ധാരണ. കിരണിൽ നിന്നു വിസ്മയ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്നു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരമാവധി ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മരണശേഷം കിരണിന്റെ മാതാപിതാക്കൾ ടെലിവിഷൻ ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ, തരാമെന്നു പറഞ്ഞത്ര സ്വർണം നൽകിയില്ല, അവൻ ആഗ്രഹിച്ച കാർ അല്ല കിട്ടിയത്, വസ്തു തരാമെന്നു പറഞ്ഞെങ്കിലും എഴുതിവച്ചില്ല തുടങ്ങി സ്ത്രീധന പീഡനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം ഡിജിറ്റൽ തെളിവുകളായി അന്വേഷണസംഘം ശേഖരിക്കുകയാണ്. കിരണിനെ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നും വിസ്മയയുടെ വീട്ടിൽ വച്ച് കിരൺ നടത്തിയ അക്രമങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ സ്ത്രീധന പീഡനത്തിന് ഇരയായി വിസ്മയ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കാൻ ഭർത്താവും പ്രതിയുമായ കൊല്ലം സ്വദേശി എസ്. കിരൺകുമാർ നൽകിയ ഹർജി തിരുത്തൽ വരുത്തി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ജൂലൈ 26നു പരിഗണിക്കും. ഇക്കഴിഞ്ഞ ജൂൺ 21നാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടത്.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.
നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ