- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്: കിരണിന്റെ ജാമ്യ ഹർജിയിൽ ജില്ലാ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും; കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കി; കിരണിനെ ഇനി പൊലീസ് കസ്റ്റഡി ലഭിക്കില്ല
തിരുവനന്തപുരം: കൊല്ലം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരണിന്റെ ഭാര്യ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ (24) ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീധന പീഡന മരണക്കേസിൽ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. പൊലീസ് കേസ് ഡയറി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും കോടതി ഉത്തരവ് പ്രകാരം ജൂലൈ 22 ന് പൊലീസ് ഹാജരാക്കി. ജില്ലാ കോടതിയിൽ കിരൺ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കോടതി ഉത്തരവ് പറയുന്നത്. ജൂൺ 22 മുതൽ റിമാന്റിൽ കഴിയുന്ന വിസ്മയയുടെ ഭർത്താവായ പ്രതി എസ്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.
മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളിയപ്പോഴുണ്ടായ സാഹചര്യങ്ങളിൽ മാറ്റം വന്നതായും അന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും അതിനാൽ തന്റെ തുടർ ജുഡീഷ്യൽ ജയിൽ റിമാന്റ് കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും കാട്ടിയാണ് കിരൺ ജില്ലാ കോടതിയിൽ ജാമ്യഹർജി ബോധിപ്പിച്ചിരിക്കുന്നത്. തനിക്കെതിരെ പൊലീസ് ചുമത്തിയ സ്ത്രീധന പീഡനക്കുറ്റവും സ്ത്രീധന പീഡന മരണക്കുറ്റവും നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രധാനമായും കിരണിന്റെ വാദം. പത്ര , ദൃശ്യ മാധ്യമ വിചാരണയാണ് കേസിൽ നടക്കുന്നതെന്നും കിരൺ ബോധിപ്പിച്ചു.
കൊറോണ പോസിറ്റീവായ തന്നെ ജയിൽ കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ വിട്ടയക്കണമെന്നും ബോധിപ്പിച്ചു. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിച്ചെടുത്തിയും മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കുമെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പ്രതിക്കെതിരെ പ്രധാനമായും ആരോപിക്കുന്ന വകുപ്പ് 304 (ബി) സ്ത്രീധന പീഡനമരണക്കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റമായതിനാലും അന്വേഷണം പ്രാരംഭ ദിശയിലായതിനാലും മജിസ്‌ട്രേട് കോടതി ജാമ്യം നിരസിച്ചിരുന്നു. അതേ സമയം കിരണിനെ ജൂൺ 25 ന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി നൽകിയിരുന്നു. വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റെ വീട്ടിൽ കൊണ്ടുചെന്ന് വിസ്മയയുടെ 166 സെ.മി. പൊക്കവും 66 കിലോ ഭാരവുമുള്ള ഡമ്മി വച്ച് ക്രൈം സീൻ കിരണിനെ കൊണ്ട് പുനരാവിഷ്‌ക്കരിച്ചിരുന്നു. പോരുവഴി സ്റ്റേറ്റ് ബാങ്കിൽ കൊണ്ടുചെന്ന് ലോക്കറിൽ നിന്ന് 42 പവൻ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി. പിറ്റേന്ന് വിസ്മയുടെ നിലമേൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോവാനിരിക്കേ കോവിഡ് പോസിറ്റീവായതിനാൽ നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 15 ദിവസം ക്വാറന്റയിനിൽ കഴിയേണ്ടതിനാൽ അന്വേഷണം വഴിമുട്ടി.