- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഐപിസി 304 ബി-യ്ക്ക് നൽകുന്ന പരമാവധി ശിക്ഷ; സ്ത്രീധന നിരോധന നിയമപ്രകാരം സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ; വിസ്മയ കേസിലെ വിധിയിൽ പൂർണതൃപ്തനെന്ന് പ്രോസിക്യൂട്ടർ
കൊല്ലം: വിസ്മയ കേസിൽ കോടതിയുടെ വിധിയിൽ പൂർണതൃപ്തനെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഐപിസി 304 ബി-യ്ക്ക് നൽകുന്ന പരമാവധി ശിക്ഷയാണ് പത്തുവർഷം തടവ്. അത് ലഭിച്ചു.
അതിനെക്കാളേറെ പ്രധാന്യം സ്ത്രീധന നിരോധന നിയമപ്രകാരം വളരെ കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നൽകണമെന്നായിരുന്നു കോടതിയിൽ ആവശ്യപ്പെട്ടത്. അത് കോടതി നൽകിയിട്ടുണ്ടെന്നും ജി. മോഹൻരാജ് പ്രതികരിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി. പി.രാജ്കുമാറും കോടതി വിധിയിലെ സന്തോഷം പങ്കുവെച്ചു. വിസ്മയയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് ചെയ്തത്. മണിക്കൂറുകൾക്കകം ഇതൊരു സ്ത്രീധന പീഡന മരണമാണെന്ന് തിരിച്ചറിഞ്ഞതോടെ വകുപ്പുകൾ മാറ്റി. ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും പരമാവധി തെളിവുകൾ ശേഖരിക്കാനും അത് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞു.
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഒരു പെൺകുട്ടി മരണപ്പെട്ട കേസാണിത്. ബഹുമാനപ്പെട്ട കോടതി കൃത്യമായി അത് കണ്ടെത്തി. സ്ത്രീധന നിരോധന നിയമപ്രകാരം പരമാവധി ശിക്ഷയാണ് ലഭിച്ചത്. പത്ത് ലക്ഷം രൂപ വലിയൊരു പിഴത്തുകയാണെന്നും ഡിവൈ.എസ്പി. പി.രാജ്കുമാർ പ്രതികരിച്ചു.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന് പത്ത് വർഷം കഠിന തടവ് അനുഭവിക്കണം. ആകെ 12.55 ലക്ഷം രൂപ പിഴയാണ് കോടതി ശിക്ഷ വിധിച്ചത്.
സ്ത്രീധന പീഡനത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.
12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ