- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളുവെന്ന് കൊല്ലം റൂറൽ എസ്പി; അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിക്ക്; വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്
കൊല്ലം: വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറൽ എസ്പി. പറഞ്ഞു.
ഓരോ ചെറിയ കാര്യങ്ങൾ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. വിശദമായ തെളിവെടുപ്പടക്കം നടത്തുമെന്നും റൂറൽ എസ്പി. പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും അറിയിച്ചു. ഇതുസംബന്ധിച്ച് ഐ.ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.ജി സംഭവസ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കർശന നടപടിയുണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വനിതാ സുരക്ഷയ്ക്കായി രണ്ടുദിവസത്തിനകം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
അതിനിടെ, സുഹൃത്തായ അശ്വതി പ്രതികരിച്ചു. 'അവൾ ആരോടും ഒരുകാര്യവും തുറന്നു പറയില്ല. എല്ലാകാര്യങ്ങളും പോസിറ്റീവായി കണ്ടിരുന്ന വ്യക്തിയാണ്. അവൾ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാൽ ഞങ്ങളുടെ കൂട്ടത്തിലെ ഒരു മനുഷ്യരും വിശ്വസിക്കില്ല. സ്ത്രീധനത്തിന്റെ പേരിൽ കിരൺ ഉപദ്രവിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോൾ അവിടെ അമ്മയും അച്ഛനുമൊക്കെ ഇല്ലേയെന്ന് ചോദിച്ചു. അമ്മയും അച്ഛനും കൂടെനിന്നാണ് അവളെ ഉപദ്രവിച്ചിരുന്നത്. വിസ്മയയുടെ കുടുംബം നൽകിയ കാർ പോരായിരുന്നു എന്നാണ് കിരൺ പറഞ്ഞിരുന്നത്. 20 ലക്ഷം രൂപയുടെയെങ്കിലും കാർ കിട്ടേണ്ട ആളാണ് താനെന്ന് പറഞ്ഞ് കിരൺ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നു.''- അശ്വതി പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകി.
തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല.
20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ