കൊല്ലം: കൊല്ലം ശൂരനാട്ടെ വിസ്മയുടെ മരണത്തിൽ സ്ത്രീധനപീഡനത്തിനെതിരായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തീരുമാനം. ഇതോടെ കിരൺകുമാറിനൊപ്പം അച്ഛനും അമ്മയും പ്രതികളാകുമെന്നും ഉറപ്പായി. കിരണിന്റെ സഹോദരിയേയും ഭർത്താവിനേയും പൊലീസ് സംശയ നിഴലിൽ കാണുന്നുണ്ട്. സഹോദരി ഭർത്താവായ മുകേഷിന്റെ മൊഴി വീണ്ടും പൊലീസ് എടുക്കും.

വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കൾ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പറഞ്ഞത്രയും സ്വർണം തന്നില്ലെന്നും കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നുമൊക്കെയുള്ള പരാമർശങ്ങൾ വിസ്മയയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കൾ നടത്തിയിരുന്നു. ഇതെല്ലാം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കിരണിനെ ഭാര്യവീട്ടുകാർക്കെതിരെ തിരിച്ചു വിട്ടത് അച്ഛനും അമ്മയും ആണെന്ന സംശയം വ്യാപകമാണ്.

കിരണിന്റെ വിസ്മയയുടെയും 3 മൊബൈൽ ഫോണുകൾ ഡേറ്റ പുനഃസൃഷ്ടിക്കാനായി ഫൊറൻസിക് സയന്റിഫിക് വിദഗ്ദ്ധർക്ക് കൈമാറി. വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.

അർജുന്റെ വാട്‌സാപ്പ് സന്ദേശവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിക്കും. കേസിൽ സ്ത്രീധന പീഡനത്തിനെതിരായ വകുപ്പുകൾ ചേർക്കാൻ വനിതാ കമ്മിഷനാണ് നിർദ്ദേശം നൽകിയത്. സ്ത്രീധന നിരോധന നിയമം (ഭേദഗതി), സെക്ഷൻ മൂന്നും ആറും വകുപ്പുകൾ, ഐപിസി 406 എന്നിവ ചേർത്ത് അന്വേഷണം നടത്താനാണു പൊലീസിനു നിർദ്ദേശം.

അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയ കൂട്ടുകാരി അശ്വതിയുടെയും മൊഴിയും പൊലീസ് ശേഖരിച്ചു. വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വിശദമായ റിപ്പോർട്ട് പിന്നീട് മാത്രമേ പുറത്തുവരൂ. ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷമാണ് വിശദമായ റിപ്പോർട്ട് പുറത്തുവിടുക.

അച്ഛനമ്മമാരും സഹോദരനും തന്നെച്ചൊല്ലി വേദനിക്കേണ്ടന്നു കരുതിയാണ് പരീക്ഷയെഴുതാൻപോയ വിസ്മയ, അവിടെനിന്നു കിരണിനൊപ്പം പോയതെന്ന് ബന്ധുക്കൾ പറയുന്നു. അന്നുമുതൽ കാറിന്റെപേരിൽ മോശം പെരുമാറ്റം കിരണിൽനിന്നുണ്ടായി. അവസാനം വിളിക്കുമ്പോൾ അമ്മയോട് 5,500 രൂപ തന്റെ അക്കൗണ്ടിൽ ഇടാൻ അഭ്യർത്ഥിച്ചിരുന്നതായും അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു.

ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത.വി.നായരുടെയും മകൾ വിസ്മയ 21ന് പുലർച്ചെ 3.30ന് ആണ് ശൂരനാടുള്ള ഭർതൃഗൃഹത്തിൽ മരിച്ചത്. വിസ്മയയുടെ ഭർത്താവായ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൊല്ലം പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ സ്ത്രീധനപീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും അംഗം എം.എസ്.താരയും നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ഡോ.ആർ.ബിന്ദു, എൻ.കെ.പ്രേമചന്ദ്രൻ എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി തുടങ്ങിയവർ ഇന്നലെ വിസ്മയയുടെ വീട്ടിലെത്തി.