തിരുവനന്തപുരം: സ്ത്രീധ പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട വിസ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നു ചൂണ്ടിക്കാട്ടിയും സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് രംഗത്ത് വന്നത്.വിസ്മയക്ക് അർഹിക്കുന്ന നീതി കിട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു.ഇ സാഹചര്യത്തിൽ വിസ്മയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. വർഷങ്ങൾക്ക് മുൻപ് ഒരു പ്രണയ ദിനത്തിൽ താമശയ്‌ക്കെന്നോണം തനിക്ക് വിസ്മയ എഴുതിയ ഒരു പ്രണയലേഖനവും പങ്കുവച്ചാണ് താരം രംഗത്തെത്തിയത്.

രണ്ടു വർഷം മുൻപത്തെ വാലന്റൈൻസ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനം എഴുതുന്നത്. ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നത്, ഇഷ്ടതാരത്തിന്റെ ഫോൺവിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കണ്ടിരുന്നു. അവസാനം ആ കത്ത് കാളിദാസിന്റെ അടുത്തു എത്തുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അതുകാണാൻ വിസ്മയ മാത്രം ഇല്ല.

വിസ്മയയുടെ മരണത്തെത്തുടർന്ന് വാർത്തകൾ സജീവമാകുന്ന സമയത്താണ് ഈ കത്തും കാളിദാസിനടുത്തേക്ക് എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് വി്‌സ്മയ പറഞ്ഞ് ഒരു സുഹൃത്ത് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കത്തിനെക്കുറിച്ചും അത് എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒരു പോസ്റ്റ് ഇട്ടിരുന്നു. വിസ്മയയുടെ വാർത്തകൾ സജീവമാകുമ്പോഴാണ് ഈ കത്ത് ഷെയർചെയ്ത് കാളിദാസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കാണാനിടയായ വിവരം വേദനയോടെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'പ്രിയപ്പെട്ട വിസ്മയ, നിങ്ങൾഎനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!'- എന്നാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും എഴുതിയത്.

രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്..... ,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു.... പോസ്റ്റ് വൈറൽ ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ കോൾ ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു.... അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലൈറ്റർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.'

എന്നാണ് അരുണിമ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇ പോസ്റ്റ് വൈറലായി കാളിദാസിനടുത്തെത്തുകയായിരുന്നു.വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ വിയോഗ വാർത്തയെക്കുറിച്ച് കുറിച്ചത്. വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺക്കുട്ടികളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

കഴിഞ്ഞദിവസം നടൻ ജയറാമും വിസ്മയക്ക് ആദരാഞ്ജലികളുമായി രംഗത്തെത്തിയിരുന്നു.