തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രണയദിനത്തിലാണ് വായനക്കാരുടെ മുന്നിലെത്തുക. താരപുത്രിയുടെ കവിതയും പെയിന്റിങ്ങുമെല്ലാമാണ് പുസ്തകത്തിലുള്ളത്. പെൻഗ്വിൻ ബുക്സാണ് പുസ്തകം പുറത്തിറക്കുക.

വളരെ അപ്രതീക്ഷിതമായാണ് ഗ്രയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പിറവിയെടുത്തത് എന്നാണ് വിസ്മയ പറയുന്നത്. ഒരു കവിതാസമാഹരണം എഴുതണം എന്ന ഉദ്ദേശത്തോടെ ഇരുന്നു എഴുതിയതല്ല. നിങ്ങൾക്ക് അത് വായിക്കുമ്പോൾ മനസിലാവും. വളരെ ലളിതമായാണ് എഴുതിയിരിക്കുന്നത്. സബ് വേയിൽ കാത്തിരിക്കുമ്പോഴും ഇഷ്ടപ്പെട്ട സംഗീതം കേൾക്കുമ്പോഴും പെയിന്റിങ്ങിലേക്കോ പ്രകൃതിയിലേക്കോ നോക്കുമ്പോൾ എന്നിലേക്ക് വരുന്ന വാക്കുകളിൽ നിന്നും എന്റെ ഫോണിൽ ടൈപ്പ് ചെയ്യുന്നവയാണ് ഈ കവിതകൾ. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞു.

ചെറുപ്പത്തിലെ ഞാൻ വളരെ അധികം എഴുതുമായിരുന്നു. പഴയ സ്‌കെച്ച് ബുക്കുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ സഹോദരനിൽ നിന്നാണ് ഇങ്ങനെയൊരു ഐഡിയ എനിക്ക് കിട്ടുന്നത്. ഇതെല്ലാം ചേർത്തുവച്ച് ഒരു ബുക്കുണ്ടാക്കിയത് അങ്ങനെയാണ്- വിസ്മയ പറഞ്ഞു. മോഹൻലാലാണ് മകളുടെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിസ്മയ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. പ്രണവ് മോഹൻലാലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും പോസ്റ്റിൽ പറയുന്നു. സാഹിത്യത്തോടും കലയോടുമുള്ള തന്റെ താൽപ്പര്യം സോഷ്യൽ മീഡിയയിലൂടെ വിസ്മയ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ചില വർക്കുകളും താരചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.