കൊച്ചി: വടക്കൻ പറവൂർ സ്വദേശി വിസ്മയയെ ഇളയ സഹോദരി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. വിസ്മയയോട് മാതാപിതാക്കൾക്കുള്ള സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്ന് പ്രതി ജിത്തു മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. ജിത്തു പൊലീസ് മുമ്പാകെ നൽകിയ മൊഴിയും ഇതു തന്നെയാണ്. അതിനിടെ വിസ്മയയെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ജിത്തുവുമായി വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെടുത്തത്. ഉച്ചയോടെ ജിത്തുവിനെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ജിത്തുവിനെ കണ്ടെത്തിയത്.

കൊന്നത് താൻ തന്നെയെന്ന് ജിത്തു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ജിത്തു പൊലീസിന് മൊഴി നൽകിയത്. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. സഹോദരിയെ കൊലപ്പെടുത്തി മുങ്ങിയ ജിത്തുവിനെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവ ശേഷം വീട്ടിൽ നിന്ന് കാണാതായ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ ഇവരെ കൊച്ചിയിൽ പലയിടങ്ങളിൽ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്.

കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും നഗരസഭ അധികൃതരെയും അറിയിച്ചത്.

പൊലീസും ഫയർഫോഴ്‌സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുൻവശത്തെ വാതിൽ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി നശിച്ചു. അതിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവിയിൽ ജിത്തുവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ജിത്തുവിന്റെ(22) കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ജിത്തുവിനെ കണ്ടെത്താനായില്ല.വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടതാണ് മരണത്തിൽ ദുരൂഹത വർധിപ്പിച്ചത്.