- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവനുള്ള ഡിസ്മിസൽ അടിച്ചിട്ടേ ഞാൻ നിങ്ങളുടെ വീട്ടിൽ വരൂവെന്ന് മന്ത്രി ആന്റണി രാജു; മന്ത്രി വാക്കുപാലിച്ചു; മാതൃകപരമായ തീരുമാനമെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിക്കും നന്ദിയെന്ന് പിതാവ്
തിരുവനന്തപുരം: 'അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..' തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛനോട് മന്ത്രി ആന്റണി രാജു പറഞ്ഞ വാക്ക് ഇങ്ങനെയായിരുന്നു. ഇന്ന് വകുപ്പ് തല അന്വേഷണത്തെത്തുടർന്ന് കിരണിനെ പുറത്താക്കി ഉത്തരവ് ഇറക്കിയപ്പോൾ മന്ത്രി തന്റെ വാക്ക് പാലിച്ചിരിക്കുകയാണ്. മന്ത്രി വാക്ക് അദ്ദേഹം പാലിച്ചു എന്ന് കണ്ണീരോടെയാണ് വിസ്മയയുടെ അച്ഛൻ പറഞ്ഞത്.
കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി തന്റെ മകൾക്ക് കിട്ടിയ ആദ്യനീതിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ പ്രതികരണം. മാതൃകപരമായ തീരുമാനമെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രി ആന്റണി രാജുവിനും നന്ദി അറിയിക്കുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയെ ചെന്ന് കാണുമ്പോൾ അദ്ദേഹം പറഞ്ഞ ആദ്യവാക്ക് അവന്റെ ഡിസ്മിസ് ഓർഡറുകൊണ്ടേ വീട്ടിൽ വരൂ എന്ന് പറഞ്ഞിരുന്നു. ആ വാക്ക് മന്ത്രി പാലിച്ചു. അതിന് താനും തന്റെ കുടുംബവും സർക്കാരിനോട് കടപ്പെട്ടിരിക്കുമെന്ന് തിവിക്രമൻ നായർ പറഞ്ഞു.
ചരിത്രപരമായ തീരുമാനമെന്ന് വിസ്മയയുടെ സഹോദരൻ പറഞ്ഞു. ഇത് മാതൃകാപരമാണ്. നാളെ ഒരു പെൺകുട്ടിയോട് ഇങ്ങനെ പെരുമാറാതിരിക്കാൻ ഈ നടപടി സഹായകമാകും. കുറ്റം ചെയ്തെങ്കിൽ ശിക്ഷ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിവാക്ക് പാലിച്ചെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
ഗവർണർ അടക്കം വീട് സന്ദർശിച്ചിട്ടും ആന്റണി രാജു മാത്രം എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് െകാണ്ടാണ് അദ്ദേഹം വീട്ടിൽ എത്താതിരുന്നത്. അവനെതിരെ നടപടി എടുത്തിട്ടേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം പറയുന്നു.അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ
സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. 1960ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.
കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി. 1960ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്.
മറുനാടന് മലയാളി ബ്യൂറോ