ഇന്ത്യൻ വിമാന കമ്പനിയായ വിസ്താരയുടെ ആദ്യ ഇന്ത്യ-ഖത്തർ സർവീസ് ഈ മാസം 19ന്. ഡൽഹിയിൽ നിന്നും ദോഹയിലേക്കാണ് ആദ്യ സർവീസ് നടത്തുക. വ്യാഴം, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും രാത്രി എട്ടു മണിക്ക് പുറപ്പെടുന്ന വിമാനം ദോഹയിൽ പ്രാദേശിക സമയം 9.45ന് എത്തും. ദോഹയിൽ നിന്നും തിരികെ 10.45ന് ഡൽഹിയിലേക്ക് മടങ്ങും. റെഗുലേറ്ററി അനുമതികൾ ലഭിക്കുന്നത് പ്രകാരമായിരിക്കും യാത്രാ ഷെഡ്യൂൾ. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 19ന് ഇക്കോണമി ക്ലാസിൽ ഡൽഹിയിൽ നിന്നും ദോഹയിലേക്ക് ഒരാൾക്ക് 7,858 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്നു തന്നെ തിരികെ ഡൽഹിയിലേക്ക് 9,189 രൂപയുമാണ് നിരക്ക്.

കോവിഡ്-19 നിയന്ത്രണങ്ങളെ തുടർന്നു നിലവിൽ ഇന്ത്യ-ഖത്തർ എയർബബിൾ കരാർ പ്രകാരമാണ് സർവീസുകൾ നടക്കുന്നത്. ഇന്ത്യയിലേക്കും തിരിച്ചും ഇന്ത്യൻ വിമാനങ്ങൾ കൂടാതെ ഖത്തർ എയർവേയ്സും സർവിസ് നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ഡിസംബർ 31 വരെ കരാർ കാലാവധി നീട്ടിയത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ പ്രവാസികൾക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ദോഹയിലെത്തുന്നവർ ഏഴു ദിവസം നിർബന്ധമായും ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം.

പെർമിറ്റ് ലഭിച്ച് ഹോട്ടൽ മുറി ലഭ്യതയനുസരിച്ചാണ് ഇന്ത്യയിൽ നിന്നും ദോഹയിലേക്ക് യാത്ര സാധ്യമാകുക. ഖത്തർ എയർവേയ്സിനു പുറമേ ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് ഖത്തറിൽ നിന്നും ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്. പുതിയ വിമാന കമ്പനിയുടെ സർവീസുകൾ കേരളത്തിലേക്ക് കൂടി ആരംഭിച്ചാൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമാകും.