- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ സർക്കാരിന് പിന്നിൽ പാറ പോലെ നിന്നത് വിശ്വാസ് മേത്തയ്ക്ക് തുണയാകും; പ്രളയകാലത്തെ യാത്രകളിൽ ഒപ്പം നിന്ന വേണു രാജാമണിയെ അനുനയിപ്പിക്കാൻ പിണറായി നേരിട്ട് ഇടപെടും; മുൻ അംബാസിഡർക്ക് മത്സരിക്കാൻ ഉറച്ച് സീറ്റ് നൽകുന്നതും പരിഗണനയിൽ; വിരമിക്കുമ്പോൾ ചീഫ് സെക്രട്ടറി മുഖ്യവിവരാവകാശ കമ്മിഷണറാകും
തിരുവനന്തപുരം : ജനുവരിൽ വിരമിച്ച ഉഷാ ടൈറ്റസിന് അസാപ്പിൽ പുതിയ സ്ഥാനം സർക്കാർ നൽകും. ഇനി ഈമാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കുള്ള ഊഴം. ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുമെന്നു സൂചന. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് പ്രതിരോധം തീർത്ത വ്യക്തിയാണ് ബിശ്വാസ് മേത്ത.
അഡീഷണൽ ചീഫ് സെക്രട്ടറി വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറിയാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് തീരുമാനമുണ്ടാകും. ഇന്നലെ വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസിനു വിദ്യാഭ്യാസവകുപ്പിനു കീഴിലെ അസാപ്പിൽ പുനർനിയമനം നൽകിയിരുന്നു.
മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മുഖ്യവിവരാവകാശ കമ്മിഷണർ തസ്തികയിലേക്കു 13 പേർ അപേക്ഷിച്ചിരുന്നു. അവസാന റൗണ്ടിലെത്തിയതു വിശ്വാസ് മേത്തയും നെതർലാൻഡ് മുൻ അംബാസഡർ വേണു രാജാമണിയുമാണ്.
മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവർ അംഗങ്ങളുമായ സമിതിയാണു മുഖ്യവിവരാവകാശ കമ്മിഷണറെ തെരഞ്ഞെടുക്കുക. 15-നു മുമ്പ് ഗവർണർക്കു സമിതി ശിപാർശ സമർപ്പിച്ചേക്കും. വിശ്വാസ് മേത്തയും വേണു രാജാമണിയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കാനാകൂ. വേണു രാജാമണിയെ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ രണ്ടു പേരേയും പിണക്കാതെയാകും തീരുമാനം എടുക്കുക.
തെരഞ്ഞെടുപ്പ് സമിതിയിൽ പ്രതിപക്ഷ നേതാവുണ്ടെങ്കിലും മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേരുമ്പോൾ ഭൂരിപക്ഷമാകും. അതുകൊണ്ട് തന്നെ തന്നെ സർക്കാരിന് താൽപ്പര്യമുള്ളവർ മാത്രമേ ചീഫ് കമ്മീഷണറാകൂ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വിയോജന കുറിപ്പ് എഴുതുമോ എന്നതാണ് നിർണ്ണായകം. 2019-ൽ ഭേദഗതി ചെയ്ത വിവരാവകാശനിയമപ്രകാരം, മുഖ്യവിവരാവകാശ കമ്മിഷണർക്കു മൂന്നുവർഷമാണു കാലാവധി. ചീഫ് സെക്രട്ടറിക്കു തുല്യമായ പദവിയാണിത്.
രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത സംസ്ഥാനത്തെ നാലാം മുഖ്യവിവരാകാശ കമ്മിഷണറാകും. 28-നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദവിയിൽനിന്നു വിരമിക്കുന്നത്. 1986-ൽ ഐ.എ.എസ്. ലഭിച്ച മേത്ത കൊല്ലം അസി. കലക്ടറായി ഔദ്യോഗികജീവിതമാരംഭിച്ചു. റബർ മാർക്കറ്റിങ് ഫെഡറേഷൻ എം.ഡി, ഇടുക്കി, വയനാട് കലക്ടർ, ആരോഗ്യ സെക്രട്ടറി, വിദ്യാഭ്യാസ-റവന്യൂ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്ന മേത്ത മികച്ച ഗായകനുമാണ്. സർക്കാരുമായും നല്ല അടുപ്പത്തിലാണ് വിശ്വാസ് മേത്ത.
പിണറായി വിജയനുമായി ബന്ധപ്പെട്ട് ഏറെ അടുത്തു നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് വേണു രാജാമണിയും. പ്രസിഡന്റായിരിക്കെ പ്രണാബ് കുമാർ മുഖർജിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രധാനിയായിരുന്നു. കോൺഗ്രസുമായാണ് കൂടുതൽ അടുപ്പമെങ്കിലും അടുത്ത കാലത്തായിരുന്നു ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുകയാണ് വേണു രാജാമണി. നെതർലണ്ടിൽ മുഖ്യമന്ത്രിക്ക് പരിപാടികൾ ഒരുക്കിയതും കേരളത്തെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയ പ്രവർത്തനകൾ നടത്തിയതും വേണു രാജാമണിയാണ്. കമ്മീഷണർ സ്ഥാനം അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന് കടുത്ത വെല്ലുവിളിയാണ് ഈ തീരുമാനം എടുക്കൽ.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഈ പദവിയിൽ എത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ വിശ്വാസ് മേത്തയ്ക്ക് വേണ്ടി ബെഹ്റ വഴി മാറുകയും ചെയ്തു. ജൂണിൽ വിരമിക്കുന്ന ബെഹ്റയ്ക്കും നല്ല പദവി സർക്കാർ നൽകുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ