- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് നാട്ടിലെത്തിയപ്പോൾ ലീവ് ചോദിച്ചിട്ട് കൊടുത്തില്ല; ഗർഭ സംബന്ധ ചികിൽസയ്ക്കുള്ള അവധി അപേക്ഷയും നിരസിച്ച കോമഡി; 'വ്യക്തിപരമായ കാരണം' എന്നെഴുതിയാൽ ആർക്കും ഏൺഡ് ലീവ് കൊടുക്കില്ലെന്ന നിലപാടിൽ ചീഫ് സെക്രട്ടറി; കാര്യ കാരണം അറിയിക്കാൻ നിർദ്ദേശിച്ച് കത്തും; വിശ്വാസ് മേത്തയ്ക്കെതിരെ ഐഎഎസുകാർക്കിടയിൽ 'അവധി' അമർഷം
കൊച്ചി: സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഏൺഡ് ലീവിന് അപേക്ഷിക്കുമ്പോൾ സാധാരണ വ്യക്തിപരമായ കാരണങ്ങൾ എന്നാണ് എഴുതാറ്. സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിൽ കാരണം വിശദീകരിക്കാറില്ല. ഇത്തരത്തിൽ അപേക്ഷ കിട്ടിയാൽ അവധി ചോദിക്കുന്ന സമയത്ത് ആ ഉദ്യോഗസ്ഥന്റെ സേവനം ആവശ്യമില്ലെന്ന് മേലുദ്യോഗസ്ഥന് തോന്നിയാൽ അവധി നൽകും. മറ്റൊരു മാനദണ്ഡവും ഇതിൽ ഇല്ല. അവധി അപേക്ഷിക്കുന്നവർക്ക് അത് നൽകാനുള്ള സാഹചര്യമുണ്ടോ എന്ന് മാത്രമാണ് ഉദ്യോഗസ്ഥൻ നോക്കേണ്ടത്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ പുതിയ നിർ്ദ്ദേശം വിവാദത്തിലാകുന്നത്.
ഐഎഎസുകാരോടാണ് ചീഫ് സെക്രട്ടറിയുടെ പുതിയ നിർദ്ദേശം. വ്യക്തിപരമായ കാരണങ്ങൾ എന്ന് പറഞ്ഞ് നൽകുന്ന അവധി അപേക്ഷകൾ ഇനി പരിഗണിക്കില്ലെന്ന മുന്നറിപ്പാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നൽകുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ എന്ന് പറഞ്ഞ് നൽകുന്ന അവധി അപേക്ഷ നിരസിക്കും. കാര്യകാരണ സഹിതം എല്ലാം വിശദീകരിക്കണം. കുടുംബപരമായി പുറത്തു പറയാൻ പാടില്ലാത്ത കാര്യമാണെങ്കിൽ പോലും അവധി വേണമെങ്കിൽ ഐഎഎസുകാർ ചീഫ് സെക്രട്ടറിയെ അറിയിക്കണം. ഇത് ഐഎഎസ് ഓഫീസർമാർക്കിടയിൽ അമർഷം പുകയ്ക്കുകയാണ്. ഇത്തരത്തിൽ നിർദ്ദേശം കൊടുക്കുന്നത് നിയമപരമായി നിലനിൽക്കാത്തതാണെന്ന് അവർ പറയുന്നു.
അവധി അപേക്ഷ നിരസിക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ട്. സർക്കാരിന് അവധി ചോദിക്കുന്ന സമയത്ത് ഈ ഉദ്യോഗസ്ഥന്റെ സേവനം ആവശ്യമെങ്കിൽ അത് നിരസിക്കാം. അ്ല്ലാതെ വ്യക്തിപരമായ കാരണം പറഞ്ഞാലേ അവധി നൽകൂവെന്ന് പറയുന്നത് ശരിയല്ല. ഇതിന് നിയമപരമായ സാധുതയില്ലെന്നും അവർ പറയുന്നു. നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമെന്നും വിശദീകരിക്കുന്നു. ഏതൊരു ജീവനക്കാരനും അയാൾക്ക് ആഗ്രഹിക്കുമ്പോൾ ഏൺഡ് ലീവിന് അപേക്ഷിക്കാൻ കഴിയും. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ മേലധികാരി നൽകണമെന്നതാണ് വ്യവസ്ഥ. അല്ലാതെ കാര്യകാരണം അറിഞ്ഞ് കൊടുക്കേണ്ടതല്ല ഏൺഡ് ലീവെന്നും ഐഎഎസ് ഉദ്യോഗസ്ഥർ പറയുന്നു.
മുമ്പും ചീഫ് സെക്രട്ടറിയുടെ ഇത്തരം ഇടപെടലുകൾ വിവാദമായിട്ടുണ്ട്. ഭർത്താവ് നാട്ടിൽ എത്തിയപ്പോൾ ഏൺഡ് ലീവിന് അപേക്ഷിച്ച ഉദ്യോഗസ്ഥയോടും കാര്യ കാരണം വിശദീകരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഗർഭസംബന്ധമായ ചികിൽസയ്ക്ക് പോകാനായി അവധി ചോദിച്ച ഉദ്യോഗസ്ഥയോടും ഇതേ സമീപനമാണ് ചീഫ് സെക്രട്ടറി എടുത്തത്. ഇതെല്ലാം വിവാദമായെങ്കിലും വ്യക്തിപരമായ കാരണങ്ങൾ അറിഞ്ഞേ അവധി തരൂവെന്ന നിലപാടിൽ ചീഫ് സെക്രട്ടറി തുടരുകയാണ്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിലയൊരു വിഭാഗം ഐഎഎസുകാരും.
ജാഫർ മാലിക് ഐഎഎസിനോടാണ് ചീഫ് സെക്രട്ടറി അവധിക്ക് വ്യക്തിപരമായ കാരണങ്ങളാൽ എന്ന് മാത്രം ചൂണ്ടിക്കാട്ടിയാൽ പോരെന്ന് അവസാനമായി ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിക്ക് മുമ്പിൽ കാര്യകാരണങ്ങൾ വിശദീകരിച്ചേ മതിയാകൂവെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജനുവരി 15നാണ് അവധിക്ക് അപേക്ഷിച്ചത്. 21നാണ് കാരണങ്ങൾ ബോധിപ്പിച്ചേ മതിയാകൂവെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്. പുറത്തു പറയാൻ ആരും മടിക്കുന്ന വ്യക്തിപരമായ കാരണങ്ങൾ വന്നാൽ ഏൺഡ് ലീവ് കിട്ടില്ലേ എന്ന ചോദ്യമാണ് ഈ കത്ത് ഉയർത്തുന്നത്.
ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് പോലും വ്യവസ്ഥയില്ല. എപ്പോ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ