കോഴിക്കോട്: രോഹിത് വെമുലമാർ 'ആത്മഹത്യ' ചെയ്യുകയും, കലാലയങ്ങളെ പോലും കാവി പുതപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും  ചെയ്യുന്ന ഈ കെട്ടകാലത്ത് സവർണ രാഷ്ട്രീയത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയാവുകയാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ 'വിശ്വവിഖ്യാത തെറി'. കഴുവേറിയേയും, ചെറ്റയേയും, പുലയാടി മക്കളെയും തെറികളാക്കിയ മലയാളിയുടെ പൊതുബോധത്തിന് ഗുരുവായൂരപ്പനിലെ വിദ്യാർത്ഥികൾ നൽകുന്ന മുഖമടച്ചൊരടി. കീഴാള വിരുദ്ധ, സ്ത്രീവിരുദ്ധ സവർണ്ണ ഹൈന്ദവ രാഷ്ട്രീയത്തോട് സർഗാത്മകമായി ഏറ്റുമുട്ടുകയാണ് ഈ കോളേജ് മാഗസിൻ.

മാഗസിനിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും അപമാനിക്കുന്നതാണെന്നാരോപിച്ച് എബിവിപി ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ ക്യാംപസിൽ വിശ്വ വിഖ്യാത തെറി ചുട്ടെരിച്ചതോടെ, ഇത് കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മാഗസിൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്‌സ് തീരുമാനിച്ച സാഹചര്യത്തിൽ മാഗസിൻ എഡിറ്റർ ശ്രീഷമീം മറുനാടൻ മലയാളിയോട്.

'ആദ്യമേ പറയട്ടെ, ഈ മാഗസിൻ ഒരു കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. സാധാരണ കോളേജ് മാഗസിനുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പ്രണയവും സാഹിത്യവും ശാസ്ത്രവുമൊക്കെയാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രമായിരുന്നു വിശ്വവിഖ്യാത തെറിയിലേക്കെത്തിച്ചത്. ജാതിയുടെ പേരിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതും, ദളിത് കുഞ്ഞുങ്ങൾ ചുട്ടെരിക്കപ്പെടുന്നതും, അധികാര വർഗത്തെ ചോദ്യം ചെയ്യുന്ന എഴുത്തുകാർ ഇല്ലാതാക്കപ്പെടുന്നതും കണ്ടു നിൽക്കേണ്ടി വരുമ്പോൾ, വളർന്നു വരുന്ന അസഹിഷ്ണുതയുടെ കാലഘട്ടത്തിൽ, തെറിയുടെ രാഷ്ട്രീയവും, സവർണ ബോധം ഭാഷയിലൂടെ നടത്തിയ ഇടപെടലുകളും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നു തോന്നി. ട്രാൻസ് ജെൻഡറിനെയും, ദളിതനെയും, സ്ത്രീയെയും അപമാനിക്കുന്ന വാക്കുകളാണ് നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന ഓരോ തെറികളും. ഇതൊന്നും അത്ര നിസാരമല്ലെന്നും, ഓരോ തെറിക്കു പിന്നിലും നീതിനിഷേധത്തിന്റെയും പാർശ്വവത്ക്കരണത്തിന്റെയും വലിയ ചരിത്രമുണ്ടെന്നും സമൂഹത്തോട് വിളിച്ചു പറയുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. കാലങ്ങളായി നമ്മുടെയുള്ളിൽ ഉറച്ചുപോയ ചില ബോധ്യങ്ങളെ ഉടച്ചെറിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ അത് സാധ്യമാകൂ.'

മലയാള തെറികളുടെ ചരിത്രവും രാഷ്ട്രീയവുമാണ് 160 പേജ് വരുന്ന കോളേജ് മാഗസിൻ കൈകാര്യം ചെയ്യുന്നത്. എന്നാൽ വിശ്വവിഖ്യാത തെറി ചുട്ടെരിച്ചതിനു പുറമേ, രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് മാഗസിനിലുള്ളതെന്നും ആരോപിച്ച് എബിവിപി കേസ് കൊടുത്തിരിക്കുകയാണ്. 'ദേശവിരുദ്ധതയും, മതസ്പർദയും വളർത്തുന്ന ഏതു പരാമർശമാണ് മാഗസിനിൽ ഉള്ളത് എന്നറിഞ്ഞുകൂട. 'കീഴാളരും' മത ന്യൂന പക്ഷങ്ങളും, ലൈംഗിക ന്യൂന പക്ഷങ്ങളും, പുരുഷാധിപത്യത്തിന്റെയും സവർണതയുടെയുമെല്ലാം ഇരകളും വിശ്വവിഖ്യാത തെറിയിൽ ഇടം പിടിക്കുന്നു. എന്തിനെതിരെയാണോ, ആർക്കെതിരെയാണോ ഞങ്ങൾ സംസാരിച്ചത്, അതവരെ പ്രകോപിപ്പിച്ചെങ്കിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. സത്യത്തിൽ എബിവിപി സുഹൃത്തുക്കളോട് നന്ദിയുണ്ട്. അവരാണ് ഈ മാഗസിൻ ഇത്രയേറെ ചർച്ച ചെയ്യപ്പെടാൻ കാരണമായത്. പത്തൊമ്പതും ഇരുപതും വയസു മാത്രം പ്രായമുള്ള കുറേ കുട്ടികൾ തങ്ങളുടെ ചിന്തകളും ആശയങ്ങളും തുറന്നെഴുതിയപ്പോൾ അത് ഇത്ര വലിയ വിജയമാകുമെന്നോ ഒരുപാട് പേർ ഏറ്റെടുക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല. ശരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.'

'മുപ്പത്തിയൊന്നു വർഷമായി ഇവിടുത്തെ ക്യാന്റീനിൽ ജോലി ചെയ്യുന്ന രാധച്ചേച്ചിയാണ് മാഗസിൻ പ്രകാശനം ചെയ്തത്. സാധാരണ കോളേജ് മാഗസിനുകൾ പ്രകാശനം ചെയ്യുന്നത് സെലിബ്രിറ്റികൾ ആയിരിക്കും. പക്ഷെ അത് വേണ്ടെന്നത് ഞങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു. രാധച്ചേച്ചിയാണ് മാഗസിൻ പ്രകാശനം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്കും വളരെ താത്പര്യമായിരുന്നു. എന്നാൽ തെറി എന്ന് കണ്ടപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു. പക്ഷെ, ഇതൊരു തെറിപ്പുസ്തകമല്ലെന്നും തെറിവിളിക്കപ്പെടേണ്ട സാമൂഹിക വ്യവസ്ഥക്കെതിരായ പ്രതിരോധമാണെന്നും അവരെ പറഞ്ഞു മനസിലാക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ഈ ആശയവുമായി ചീഫ് എഡിറ്റർ രതി ടീച്ചറയെും സ്റ്റാഫ് എഡിറ്റർ അനിൽ സാറിനെയും സമീപിച്ചപ്പോൾ അവർക്ക് വലിയ സന്തോഷമായിരുന്നു. ഇത്തരത്തിലൊരു മാഗസിൻ ഇറക്കാനുള്ള തീരുമാനത്തെ ഒരുപാട് അദ്ധ്യാപകർ പിന്തുണച്ചു. മാഗസിൻ ഇറങ്ങിയപ്പോൾ അവരെല്ലാം അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം അദ്ധ്യാപകർ വിമർശിച്ചു. നിങ്ങൾക്ക് ഇങ്ങനത്തെ പണിക്കൊക്കെ പോകേണ്ട കാര്യമുണ്ടോ, ക്യാമ്പസിൽ അല്ലാതെ തന്നെ എന്തെല്ലാം വിഷയങ്ങൾ എഴുതാം എന്നായിരുന്നു അവരുടെ ചോദ്യം.'

'എബിവിപി കത്തിച്ചു കളഞ്ഞ മാഗസിനു പുറകിൽ ഒരുപാടുപേരുടെ കുറേ നാളത്തെ അദ്ധ്വാനമുണ്ട്. മാഗസിന്റെ വർക്കിനായി കുറേ യാത്ര ചെയ്തു. കുറേ പേരെ കണ്ടു സംസാരിച്ചു. ഒരുപാട് ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. ഈ അദ്ധ്വാനമൊന്നും വെറുതെ ആയില്ലെന്നറിയുമ്പോൾ വല്ലാത്ത സംതൃപ്തി. മുഖ്യധാരാ സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപങ്ങളാണ്. അത്തരം പദാവലികളെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് വിശകലനം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത്. ഇതൊക്കെ എന്നും ഞങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടാറുള്ള കാര്യങ്ങളാണ്.' ശ്രീഷമീം പറഞ്ഞു.

രാജ്യത്തെ ക്യാമ്പസുകളിലൊന്നാകെ സവർണതയ്ക്കും ജനാധിപത്യവിരുദ്ധതയ്ക്കുമെതിരെ പ്രതിഷേധസ്വരങ്ങളുയരുന്ന സാഹചര്യത്തിൽ വിശ്വവിഖ്യാത തെറി കൂടുതൽ പേരുടെ കൈകളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മാഗസിൻ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ഡിസി ബുക്‌സ്. മാഗസിന്റെ ഉള്ളടക്കം വിശാലമായ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അസഭ്യമെന്ന് പൊതുസമൂഹം വിളിക്കുന്ന പദങ്ങളുടെ നിഷ്പത്തി അന്വേഷിക്കാനുള്ള വിദ്യാർത്ഥികളുടെ ശ്രമത്തെ രേഖപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെയൊരു ചിന്തയാണ് മാഗസിൻ പുസ്തകരൂപത്തിലിറക്കുക എന്ന തീരുമാനത്തിലെത്തിച്ചത്. വിശ്വവിഖ്യാത തെറിയെന്ന പേരിൽ അതേ ഡിസൈനിൽ പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങുമെന്ന് ഡിസി അധികൃതർ അറിയിച്ചു.