ഡബ്ലിൻ: എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിൻ ഡിയുടെ അഭാവം രാജ്യത്ത് എട്ടിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കുട്ടികളിലും മുതിർന്നവരിലും എല്ലുകൾക്ക് അത്യാവശ്യഘടകമാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡിയുടെ അഭാവം കുട്ടികളിൽ  റിക്കറ്റ് എന്ന രോഗാവസ്ഥയ്ക്കും മുതിർന്നവരിൽ വേദനയ്ക്കും കാരണമാകാറുണ്ട്. കൂടാതെ എല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ കുട്ടികൾക്ക് ഉണ്ടാകുക വൈറ്റമിൻ ഡിയുടെ കുറവുമൂലമാണ്.
റിക്കറ്റ് എന്ന രോഗം രാജ്യത്തു നിന്ന് നിർമ്മാർജനം ചെയ്തിരുന്നതാണെങ്കിലും ഇപ്പോൾ പുതുതലമുറയിൽ ഇത് കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. സൂര്യപ്രകാശം ഏൽക്കുന്നതോടെ തൊലിയിൽ രൂപം കൊള്ളുന്നതാണ് വൈറ്റമിൻ ഡി. അയർലണ്ടിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യം കുറവായതിനാൽ മറ്റു ആഹാരപദാർഥങ്ങളിലൂടെ വൈറ്റമിൻ ഡിയുടെ കുറവ് നികത്താവുന്നതാണ്. സാൽമൻ, സാൽഡൈൻ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ വൈറ്റമിൻ ഡി ഏറെ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട, ചിലയിനം ധാന്യങ്ങൾ എന്നിവയിലും വൈറ്റമിൻ ഡിയുടെ സാന്നിധ്യം കണ്ടെത്താനാവും.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് കോർക്ക് (യുസിസി) രാജ്യമെമ്പാടും നടത്തിയ പഠനത്തിലാണ് ഈ വൈറ്റമിന്റെ അഭാവം പൊതുവേ കണ്ടെത്തിയത്. വെള്ളക്കാരേക്കാൾ കറുത്ത വർഗക്കാരായ ആൾക്കാർക്ക് കൂടുതൽ സൂര്യപ്രകാശം ലഭിച്ചാലേ ശരീരത്തിന് വേണ്ടത്ര തോതിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സാധിക്കൂ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ 12 ശതമാനം ജനങ്ങളും വൈറ്റമിൻ ഡിയുടെ അഭാവത്തിൽ ജീവിക്കുന്നവരാണെന്നാണ് യുസിസി സർവേ വ്യക്തമാക്കുന്നത്. യുകെയിലാകട്ടെ ഇത് 20 ശതമാനമാണ്.

യൂറോപ്പിലാകമാനം വൈറ്റമിൻ ഡി അഭാവമുള്ള ആളുകൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തന്മൂലം കഴിവതും കാലുകളും കൈകളും സൂര്യപ്രകാശം ഏൽപ്പിക്കണമെന്നും ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി അതുവഴി ലഭിക്കാൻ അവസരമൊരുക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഐറീഷ് ജനങ്ങൾക്ക് ദിവസേന 15 മിനിട്ടുവരെ സൂര്യപ്രകാശം ഏറ്റാൽ അതുമതിയാകുമെന്നാണ് ഇവർ പറയുന്നത്.  കൂടുതൽ സമയം സൂര്യപ്രകാശം ഏറ്റാൽ അത് സൂര്യതാപത്തിനും മറ്റു അപകടങ്ങൾക്കും കാരണമാകും.