- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലം പൊളിച്ചവർ പുറത്ത്,തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവർ അറസ്റ്റിൽ'; വൈറ്റില പാലം തുറന്നതിനെ പിന്തുണച്ച് ജൂഡ് ആന്റണി ജോസഫ്
കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തന്നെ തുറന്ന സംഭവത്തിൽ വി ഫോർ കേരള പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പാലം പൊളിച്ചവർ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവർ അർധരാത്രി അറസ്റ്റിൽ ,സുലാൻ എന്നായിരുന്നു ജൂഡിന്റെ പ്രതികരണം. ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകൾ തുറന്നത്.
സംഭവത്തിൽ വി ഫോർ കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. സംഭവത്തിൽ പാലത്തിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവർക്ക് പുറമെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു. നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോർ കേരള പ്രവർത്തകർ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാൻ എത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലായിരുന്നു വൈറ്റില കുണ്ടന്നൂർ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാൽ കോവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബർ പതിനൊന്നിനായിരുന്നു നിർമ്മാണം ആരംഭിച്ചത്.