- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് നടൻ വിവേക് അന്തരിച്ചു; ഹൃദയാഘാതത്തെ അതിരൂക്ഷമാക്കിയത് ഇടത് ആർട്ടെറിയിൽ നൂറു ശതമാനം രക്തം കട്ടപിടിച്ചത്; താളവും പ്രാസവുമായി കൈയടി നേടിയ ഹാസ്യ നടന്റെ മരണം കേട്ട് ഞെട്ടി സിനിമാ ലോകം; ഓർമ്മയാകുന്നത് സാമൂഹിക വിമർശനത്തിലൂടെ തമിഴരെ ചിന്തിപ്പിച്ച അതുല്യനടൻ
ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദൻ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. പുലർച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിങ് സെറ്റിൽവച്ചുകുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വടപളനിയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉറ്റ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്നത്. കൊറോണറി ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്തെന്നും ഇസിഎംഒയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. 'അക്യൂട്ട് കൊറോണറി സിൻഡ്രോ'മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഇതിനു കാരണം കോവിഡ് വാക്സിനേഷൻ ആവണമെന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് വിവേക് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ആശുപത്രിയിൽ എത്തിച്ചതിനു ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെയാണ് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന വിവരം വിവേക് വീട്ടുകാരെ അറിയിച്ചത്. ഭാര്യയും മകളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ശരീരത്തിന്റെ പുറത്തുനിന്ന് യന്ത്രസഹായത്തോടെ നിർവ്വഹിക്കുന്ന സംവിധാനമാണ് എക്സ്ട്രാ കോർപ്പറൽ മെംബ്രേൻ ഓക്സിജനേഷൻ എന്ന ഇസിഎംഒ. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്താറ്. ഇതിനും വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല.
വിവേകിന്റെ ഇടത് ആർട്ടെറിയിൽ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫെബ്രുിലേഷൻ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോൾത്തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. കോവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നു.
സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട് ഹരീഷ് കല്യാൺ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. കമൽഹാസന്റെ ഇന്ത്യൻ 2 ലും വിവേക് അഭിനയിക്കുന്നുണ്ട്. തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക്. 1987-ൽ കെ. ബാലചന്ദറിന്റെ. മരണം : 17 ഏപ്രിൽ 2021മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്.
താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്. മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ