- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്; ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്; 'പരസ്പരം സീരിയൽ' കണ്ട് കൂട്ടുകാർ ചോദിച്ചത് പറ്റുന്ന പണിക്ക് പൊയ്ക്കൂടെ എന്നാണ്; സിസിഎൽ സീസൺ കഴിഞ്ഞാൽ പിന്നെ ഒരു ജോലിയുമില്ലാതെ അലഞ്ഞിട്ടുണ്ട്; സിസിഎല്ലിന്റെ ആദ്യകളി ഞാൻ കാരണം തോറ്റപ്പോൾ പൊട്ടിക്കരഞ്ഞു: ജീവിതം പറഞ്ഞ് വിവേക് ഗോപൻ
ഏഷ്യാനെറ്റിലെ 'പരസ്പരം' എന്ന സീരിയലിലെ സൂരജ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് വിവേക് ഗോപൻ. ചെറിയ കാലയളവിനുള്ളിൽ തന്നെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന വിവേക് മികച്ചൊരു ക്രിക്കറ്റ് താരമാണെന്നുള്ള കാര്യവും സിസിഎല്ലിലൂടെ പ്രേക്ഷകർ അറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായിരുന്നു അദ്ദേഹം.
ഈ ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ എങ്ങനെയാണ്?
എന്നെ സംബന്ധിച്ച് ഇതൊരു വിശ്രമകാലം കൂടിയാണ്. കുറച്ചുകാലം വീട്ടിലിരിക്കാൻ പറഞ്ഞാൽ എല്ലാവർക്കും അത് ഇഷ്ടമാണ്. എന്നാൽ അത് നീണ്ടുപോകുമ്പോഴാണ് പ്രശ്നം. പുറത്തേയ്ക്കൊന്നും ഇറങ്ങാനാകാതെ വരുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് പ്രധാനം. പിന്നെ ജോലി പോകാനൊന്നും കഴിയാതെ വരുമ്പോളുള്ള സാമ്പത്തിക പ്രശ്നങ്ങളും. പക്ഷെ എനിക്ക് തോന്നുന്നു ആദ്യത്തെ ലോക്ക്ഡൗൺ ആയിരുന്നു ആളുകൾക്ക് കൂടുതൽ പ്രയാസം. ഇപ്പോൾ എല്ലാവർക്കും ഇതൊരു ശീലമായി.
ക്രിക്കറ്റ് താരമായിരുന്നു. പിന്നെ എങ്ങനെയായിരുന്നു പരസ്പരത്തിലെ സൂരജിലേയ്ക്ക് എത്തിപ്പെട്ടത്?
അതൊരു വലിയ കഥയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ടീമംഗമായിരുന്നു. എല്ലാ തവണയും സിസിഎൽ കഴിഞ്ഞാൽ ഞാനടക്കമുള്ള ചില ആളുകൾക്ക് പിന്നെ മറ്റ് പണികളൊന്നുമില്ല. ഒരു ഫാർമ കമ്പനിയിൽ മാനേജരായിരുന്ന ഞാൻ ആ ജോലി രാജിവച്ചിട്ടാണ് സിസിഎൽ കളിക്കാൻ പോയത്. സിസിഎൽ സീസൺ കഴിഞ്ഞാൽ മറ്റ് പണികളൊന്നും ഇല്ലാത്ത അവസ്ഥയായി. സംവിധായകരോട് ചാൻസ് ചോദിക്കുമ്പോൾ അയാളൊരു ക്രിക്കറ്റ് കളിക്കാരനല്ലേ, ചാൻസ് കൊടുത്താൽ അഭിനയിക്കാനറിയാമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു. ഞാൻ അഭിനയിക്കുമെന്ന് കാണിക്കാനുള്ള അവസരങ്ങളൊന്നും എനിക്ക് ലഭിച്ചില്ല. അത്തരമൊരു സാഹചര്യത്തിൽ സിസിഎല്ലൊക്കെ ഉപേക്ഷിച്ച് തിരിച്ച് ജോലിക്ക് കയറാനിരിക്കുമ്പോഴാണ് ഒരു സീരിയലിന്റെ ഓഡിഷനുള്ള പരസ്യം കാണുന്നത്.
ഞാൻ സീരിയലിന്റെ പ്രൊഡ്യൂസർ ജയകുമാർ സാറിനെ വിളിച്ചു. ഓഡിഷൻ ഡേറ്റ് അറിയിക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഓഡിഷന്റെ ഡേറ്റ് വിളിച്ചുപറയുന്ന സമയത്ത് സിസിഎല്ലിൽ ടീമിലുണ്ടായിരുന്ന വിനു മോഹന്റെ കല്യാണത്തിന് പങ്കെടുക്കാൻ ഞാൻ എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു. ഓഡിഷന്റെ തലേന്നാണ് വിളിച്ചത്. എറണാകുളത്താണ് വരാൻ പറ്റില്ലെന്ന് അറിയിച്ചപ്പോൾ മറ്റൊരു ഓഡിഷൻ കൂടി ഉണ്ട്. അതിൽ പങ്കെടുത്താൽ മതിയെന്ന് അറിയിച്ചു. പക്ഷെ മറ്റെന്തോ കാരണം കൊണ്ട് അതിലും പങ്കെടുക്കാൻ സാധിച്ചില്ല. ഞാൻ ഇക്കാര്യങ്ങൾ ജയകുമാർ സാറിനെ വിളിച്ചു പറഞ്ഞു. പക്ഷെ പിന്നെ കുറേനാളെത്തേയ്ക്ക് ഒരു വിവരങ്ങളുമുണ്ടായിരുന്നില്ല. അതിന് ശേഷം കുറച്ചുനാളുകൾക്ക് ശേഷം പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് തിരുമല ഒരു വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. ഞാൻ എന്റെ കാറുമായി തിരുമല എത്തി. എന്നാൽ എല്ലാ ഇടറോഡുകളും കയറിയിറങ്ങിയിട്ടും ലൊക്കേഷൻ കണ്ടുപിടിക്കാൻ പറ്റിയില്ല. ഒടുവിൽ അവരെ വിളിച്ച് സ്ഥലം കണ്ടുപിടിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ട് വരുന്നില്ലെന്നും പറഞ്ഞു. അവർ എന്നോട് ചോദിച്ചു എവിടെയാണ് നിൽക്കുന്നതെന്ന്. ഞാൻ അവിടെയുള്ള ഒരു വാഴത്തോട്ടത്തിന്റെ അടയാളം പറഞ്ഞപ്പോൾ അവർ വലത്തേയ്ക്ക് നോക്കാൻ പറഞ്ഞു. അവിടെ നിന്നൊരാൾ കൈ ഉയർത്തിക്കാണിക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞ വീടിന് മുന്നിൽ നിന്നായിരുന്നു ഞാൻ ഫോൺ വിളിച്ചുകൊണ്ടിരുന്നത്.
അങ്ങനെ ഞാൻ ആ വീട്ടിലെത്തി. അവിടെ എന്റെ പ്രായത്തിലുള്ള ഒരുപാടുപേർ ഉണ്ടായിരുന്നു. ഓഡിഷനിലൂടെ എടുത്തവർക്ക് വേണ്ടിയുള്ള ക്യാംപായിരുന്നു അത്. ഞാനും അവിടെ ഒരു കസേര ഇട്ടിരുന്നു. അവിടെ എല്ലാവരും ക്യാംപിലെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ഞാനവിടെ എത്തുന്നത്. മൈക്ക് എന്റെടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ഇപ്പോൾ എത്തിയിട്ടെ ഉള്ളു. ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലായിട്ടില്ല. അപ്പോൾ സീരിയലിന്റെ സംവിധായകൻ പുരുഷോത്തമൻ സാർ എന്നോട് പറഞ്ഞു, താൻ സ്വയം പരിചയപ്പെടുത്തിയാൽ മതി എന്ന്. അങ്ങനെ ഞാൻ എന്നെ പരിചയപ്പെടുത്തി തുടങ്ങി. എന്റെ പേരി വിവേക് ഗോപൻ, പ്രിയൻ സാറിന്റെ അറബിയും ഒട്ടകവും പി മാധവൻ നായരിലുമാണ് ആദ്യം അഭിനയിച്ചത്.... ഇത്രയുമായപ്പോൾ അത്രയും നേരം ശ്രദ്ധിക്കാതിരുന്നവരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ ഞാൻ അവർക്കിടയിൽ ഒരു ഹീറോ ആയി. പിന്നീട് ഓരോരുത്തരായി അടുത്ത് വന്ന് പ്രിയൻ സാറിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു, ലാലേട്ടനെ നേരിൽ കണ്ടിട്ടുണ്ടോ, തൊട്ടിട്ടുണ്ടോ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.
അതിന് ശേഷം സീരിയലിലെ ഓരോ സീനുകൾ തന്ന് അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. അതൊക്കെ അവർ ഷൂട്ട് ചെയ്തു. അതുകഴിഞ്ഞ് കുറേക്കാലം വീണ്ടും ഒരു ഗ്യാപ്പ് വന്നു. അപ്പോൾ ഞാൻ വിചാരിച്ചു, കഴിഞ്ഞു, നമ്മളെ വിളിക്കില്ലായിരിക്കും എന്ന്. ഞാൻ വീണ്ടും ജോലിക്ക് കയറാനുള്ള ബയോഡാറ്റയൊക്കെ പ്രിപ്പെയർ ചെയ്യാൻ തുടങ്ങി. അപ്പോഴാണ് അടുത്ത വിളി വരുന്നത്. ഒരു ഓഡിഷൻ കൂടിയുണ്ടെന്ന് വിളിച്ചു പറയുന്നു. പക്ഷെ അപ്പോഴും നമുക്ക് പ്രതീക്ഷ ഒന്നുമില്ല. അടുത്ത ഓഡിഷന് പോകുമ്പോൾ ഞാൻ മാത്രമേ ആണായിട്ട് അവിടെയുള്ളു. ദീപ്തി ഐപിഎസിന്റെ സഹോദരന്റെ വേഷമാണ് എനിക്ക് അഭിനയിക്കാൻ തന്നത്. എല്ലാ സ്ത്രീകൾക്കുമൊപ്പം ഞാൻ ആ റോൾ അഭിനയിക്കണം. പോകാൻ നേരം കൺട്രോളർ എന്നോട് പറഞ്ഞു, ക്യാരക്ടർ ഫിക്സ് ആയിട്ടുണ്ട്. ഷൂട്ട് എന്ന് ആരംഭിക്കുമെന്നൊക്കെ വിളിച്ചുപറയാം. മനസിനൊരു ആശ്വാസമായി.
വീട്ടിലെത്തി ഒരു മാസമായിട്ടും ഒരു വിവരവുമില്ല. വീണ്ടും വീട്ടിൽ പ്രഷർ ആയി. വീട്ടിലെ ഏക ഏണിങ് മെമ്പർ ഞാനാണ്. അപ്പോൾ എത്രകാലം ഇങ്ങനെ ജോലിയും കൂലിയുമില്ലാതെ മുന്നോട്ട് പോകും. അങ്ങനെ എന്തുവന്നാലും വീണ്ടും ജോലി പോയി തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വീണ്ടും ഫോൺ റിങ് ചെയ്യുന്നത്. നോക്കിയപ്പോൾ അവർ തന്നെയാണ്. '26-ാം തീയതി മുതൽ ഷൂട്ട് തുടങ്ങുകയാണ്. നിങ്ങൾ ഒരു ബേക്കറി കടക്കാരനാണ്. നിങ്ങളാണ് ഇതിലെ ഹീറോ' ഇത്രയും കേട്ടപ്പോൾ പിന്നെ എനിക്ക് ബോധമില്ലാത്ത അവസ്ഥയായി. ഒന്നും അങ്ങോട്ട് ചോദിക്കാൻ പോലും പറ്റുന്നില്ല. എന്റെ കഥാപാത്രത്തെ പറ്റി ഞാനൊന്നും ചോദിച്ചുമില്ല, അവരൊന്നും പറഞ്ഞതുമില്ല.
ഞാൻ പിന്നെ പൃഥ്വിരാജിന്റെയും ധനുഷിന്റെയുമൊക്കെ സിനിമകളുടെ സിഡികൾ വാങ്ങിച്ച് കാണലായിരുന്നു സ്ഥിരം പരിപാടി. അവാർഡ് പടങ്ങളൊക്കെ തപ്പിപ്പിടിച്ച് കാണാൻ തുടങ്ങി. പക്ഷെ ബേക്കറികടക്കാരൻ നായകനായ ഒരു സിനിമയുമില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഭാര്യ പറയുന്നത് ഹിന്ദിയിൽ ബേക്കറിക്കടക്കാരൻ ഭാര്യയെ പഠിപ്പിച്ച് ഐപിഎസുകാരിയാക്കുന്ന ഒരു സീരിയലുണ്ട്, ചിലപ്പോൾ അതിന്റെ റീമേക്കായിരിക്കും ഇതെന്ന്. പിന്നെ അതിരുന്ന് കാണാൻ തുടങ്ങി. പക്ഷെ ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ആ സീരിയലിന്റെ മേക്കിങ്. നമ്മുടെ സീരിയലുമായി അത് തികച്ചും വ്യത്യസ്തമാണ്. പക്ഷെ കഥയും ത്രഡുമൊക്കെ ഒന്നായിരുന്നു. പക്ഷെ സീരിയലിന്റെ മേക്കിങ് അതുപോലെ എടുക്കാൻ പറ്റില്ല. അവരുടെ റൊമാന്റിക്ക് സീൻ എന്ന് പറഞ്ഞാൽ കണ്ണും കണ്ണും നോക്കിയിരിക്കുന്നത് തന്നെ രണ്ടാഴ്‌ച്ച അങ്ങ് പോകും. അവർ ഭയങ്കര ലൈറ്റപ്പും ബിജിഎമ്മുമൊക്കെ ഇട്ട് വലിയ ബിൽഡപ്പ് ഉണ്ടാക്കി ആ സീൻ അങ്ങനെ കൊണ്ടുപോകും. ഇവിടെ അങ്ങനെ ചെയ്താൽ ആര് കാണും. ഇവിടെ പഴയ സീരിയലുകളെക്കാൾ കുറച്ചുകൂടി സ്പീഡപ്പായാണ് പുതിയ സീരിയലുകളെല്ലാം പോകുന്നത്.
സീരിയൽ തുടങ്ങി ആദ്യത്തെ ഒരു ഒന്നര മാസം ഞാൻ ഒരുപാട് ബുദ്ധിമുട്ടി. കാരണം ആദ്യമായിട്ടാണല്ലോ ഇത്രയും വലിയൊരു ഭാരം നമ്മളെടുക്കുന്നത്. പക്ഷെ പുരുഷോത്തമൻ സാർ ഒരുപാട് സഹായിച്ചു. ക്യാമറയുടെ മുന്നിൽ വരുമ്പോൾ നമ്മൾ ചിരിക്കുന്നത് പോലും ആർട്ടിഫിഷ്യലായി തോന്നും. അതൊക്കെ മാറിവരാൻ കുറച്ചുകാലമെടുത്തു. നമ്മൾ അഭിനയിക്കുമ്പോൾ ക്യാമറാമാനും യൂണിറ്റിലെ മറ്റംഗങ്ങളുമൊക്കെ കളിയാക്കുമോ എന്ന തോന്നൽ നമ്മുടെ ഉള്ളിൽ കിടക്കുന്നുണ്ട്. സീരിയൽ ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ കൂട്ടുകാരൊക്കെ വിളിച്ച് നിനക്ക് പറ്റുന്ന പണിക്ക് പൊയ്ക്കൂടേടാ എന്നൊക്കെ ചോദിച്ചു. അവർ തമാശയ്ക്ക് ചോദിക്കുന്നതാണെങ്കിലും അതൊക്കെ നമ്മുക്ക് വല്ലാതെ ഫീൽ ചെയ്യു. രണ്ട് മാസത്തോളമെടുത്തു എല്ലാമൊന്ന് ശരിയാവാൻ.
ആ സമയത്തൊക്കെ സംവിധായകന്റെ പ്രതികരണം എന്തായിരുന്നു?
സാർ നമ്മുടെ പ്രകടനമെല്ലാം കാണുന്നുണ്ടല്ലോ. എല്ലാ സീനും മൂന്നാല് റിഹേഴ്സലിന് ശേഷമായിരിക്കും ചെയ്യുന്നത്. ഓരോ റിഹേഴ്സലും കഴിയുമ്പോൾ കൂടുതൽ നന്നായി വന്ന്, ഒടുവിൽ ഓക്കെ ആണെന്ന് സാറിന് തോന്നുമ്പോഴാണല്ലോ ടേക്ക് പോകുന്നത്. റിഹേഴ്സലിലെ ബെറ്ററാണ് നമ്മൾ ചെയ്യുന്നതെന്ന് സാറിനറിയാം. അപ്പോൾ സാറിന് വലിയ പ്രശ്നമില്ല. പക്ഷെ നമ്മൾ ആദ്യം ചെയ്തതിനെക്കാൾ മെച്ചമാണ് ഒടുവിൽ സ്‌ക്രീനിൽ വരുന്നതെന്ന് കാണുന്നവർക്ക് അറിയില്ലല്ലോ.
രണ്ടുമാസം നന്നായി ബുദ്ധിമുട്ടി. ഒടുവിൽ ക്രൂവും നമ്മളെല്ലാവരുമായി കമ്പനിയായി ഒരു ഫാമിലി പോലെ ആയ ശേഷമാണ് എല്ലാമൊന്ന് ശരിയായത്.
രണ്ടാമത്തെ ഓഡിഷന് പോയപ്പോൾ പുരുഷന്മാരിൽ താങ്കൾ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നു പറഞ്ഞു. അപ്പോൾ എന്താണ് തോന്നിയത്? ബാക്കി എല്ലാവരെയും സെലക്ട് ചെയ്തിട്ട് എന്നെ മാത്രം ഒരിക്കൽ കൂടി നോക്കാൻ വിളിപ്പിച്ചതാണ് എന്നൊക്കെയാണോ തോന്നിയത്?
ഉറപ്പായിട്ടും. പിന്നെ കാരക്ടർ ഫിക്സ് ആയി എന്ന് പറഞ്ഞപ്പോഴും ഹീറോ ആകുമെന്ന് കരുതിയില്ല. എന്നെ അവിടെ ചെയ്യിച്ചത് മുഴുവൻ ഹീറോയിന്റെ ചേട്ടൻ കഥാപാത്രമാണ്. അപ്പോൾ ആ ക്യാരക്ടറായിരിക്കുമെന്നാണ് വിചാരിച്ചത്. പക്ഷെ ഒടുവിൽ ഹീറോ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. എല്ലാത്തിനും ഓരോ സമയമുണ്ട് എന്ന് പറയുന്നത് ഇതാണ്.
ആദ്യമായി ടേക്ക് തെറ്റിച്ചപ്പോൾ എന്താണ് തോന്നിയത്?
ടേക്ക് തെറ്റിച്ചപ്പോൾ അങ്ങനെ വലിയ വിഷമമൊന്നും തോന്നിയില്ല. സീരിയൽ ടെലികാസ്റ്റിങ് തുടങ്ങിയ ശേഷം എന്റെ അഭിനയത്തെ പറ്റി കൂട്ടുകാരൊക്കെ മോശം അഭിപ്രായം പറഞ്ഞപ്പോഴും പിന്നെ ചിലപ്പോഴൊക്കെ മൂന്ന് നാല് ടേക്കിൽ കൂടുതൽ തെറ്റിക്കുമ്പോഴുമൊക്കെയാണ് വിഷമം തോന്നിയത്. ടേക്ക് തെറ്റിയാൽ ദേഷ്യപ്പെടുന്ന ആളൊന്നുമല്ല പുരുഷോത്തമൻ സാർ. കാരണം സാറിനറിയാം ഞങ്ങളൊക്കെ പുതിയ ആൾക്കാരാണെന്ന്. സാർ വളരെ അപൂർവമായി മാത്രമേ 'ആ... അതു ശരിയായില്ല. ഒന്നൂടെ നോക്ക്' എന്ന് പറയാറുള്ളു.
നമ്മളൊരു ഡയലോഗ് തെറ്റിച്ചുകഴിഞ്ഞാൽ അടുത്ത ഡയലോഗ് പറയേണ്ടയാൾക്കും തെറ്റും. അപ്പോൾ ഷൂട്ട് നീണ്ടുപോകും. ചിലപ്പോഴൊക്കെ ഒരു എപ്പിസോഡ് എടുക്കാൻ തന്നെ നാലും അഞ്ചും ദിവസത്തെ ഷൂട്ട് വേണ്ടിവന്നിട്ടുണ്ട്. പിന്നെ മറ്റൊന്ന് രാപ്പകലില്ലാതെ ഷൂട്ടിങ് നടക്കുമായിരുന്നു. വെളുപ്പിന് മൂന്ന് മണി വരെയൊക്കെ ഷൂട്ട് പോയിട്ട് തിരിച്ച് പിറ്റേന്ന് ഏഴുമണിക്ക് തന്നെ ഷൂട്ട് തുടങ്ങിയ സന്ദർഭങ്ങളുമുണ്ട്. എന്റെ വീട് തിരുവനന്തപുരത്ത് തന്നെയായതുകൊണ്ട് എത്ര ലേറ്റായാലും ഞാൻ വീട്ടിൽ വന്ന് കിടന്നുറങ്ങിയിട്ട് പിറ്റെന്ന് രാവിലെ എഴുന്നേറ്റ് പോകുമായിരുന്നു. ബാക്കി ആൾക്കാരൊക്കെ ലൊക്കേഷനിൽ തന്നെയായിരുന്നു സ്റ്റേ.
തുടക്കസമയത്ത് രേഖ ചേച്ചിയും എന്റെ അച്ഛൻ കഥാപാത്രം ചെയ്ത പ്രദീപേട്ടനും മാത്രമായിരുന്നു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ. ഒരുപാട് കാര്യങ്ങൾ അവർ തന്നെ പറഞ്ഞുതരുമായിരുന്നു. ദീപ്തി ഐപിഎസിന്റെ കഥാപാത്രം സീരിയൽ തുടങ്ങി കുറച്ച് കഴിഞ്ഞാണ് വരുന്നത്. തുടക്കത്തിൽ ഞങ്ങളുടെ കുടുംബത്തിനുള്ളിലെ കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്. അതിൽ എന്റെ അനിയനായി അഭിനയിച്ചിരുന്ന ശ്രീനാഥ് ഞാൻ അഭിനയിക്കുമ്പോൾ ഡയറക്ടർക്കൊപ്പം സ്‌ക്രീനിൽ നോക്കിക്കൊണ്ടിരിക്കും. ടേക്ക് കഴിയുമ്പോൾ അവൻ ഓക്കെ ആണെന്ന് സിഗ്‌നൽ തരും. മറ്റൊരു അനിയനായി അഭിനയിച്ച നിരഞ്ജന് അഭിനയത്തേക്കാൾ താൽപര്യം ഡയറക്ഷൻ സൈഡിലാണ്. അവനിപ്പോൾ ഒരുപാട് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നുണ്ട്.
താങ്കളുടെ കുടുംബത്തിലെ ഏക ഏണിങ് മെമ്പറായിരുന്നു താങ്കളെന്ന് നേരത്തെ പറഞ്ഞിരുന്നു. ചുരുക്കത്തിൽ കുടുംബത്തിന്റെ നെടുംതൂണ്. താങ്കൾക്ക് കിട്ടിയ കഥാപാത്രവും അത്തരത്തിലുള്ളതായിരുന്നു. ഒരു കുടുംബം കൊണ്ടുപോയിക്കൊണ്ടിരുന്നത് സൂരജിന്റെ ബേക്കറിയായിരുന്നല്ലോ എങ്ങനെ കൃത്യമായി വന്നു?
എന്റെ ഭാര്യ പറയാറുണ്ട് 'നിങ്ങൾക്ക് സൂരജുമായിട്ട് ഒരു സാമ്യവുമില്ല' എന്ന്. ജീവിതം വേറെ അഭിനയം വേറെ. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമൊക്കെയാണ് ഞാൻ പലയിടത്തും എത്തിയിട്ടുള്ളത്. ക്രിക്കറ്റിനും ജോലിക്കുമൊക്കെയായി അത്തരത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ കുടുംബം അത്ര സമ്പന്നമൊന്നുമല്ല. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. ഞാനും അനിയത്തിയുമാണ് ഉള്ളത്. അച്ഛൻ കുറച്ച് ആൾക്കഹോളിക് ആയിരുന്നു. അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി. അടുത്തുള്ള ക്ലീനിക്കിൽ അച്ഛന് ജോലി ഉണ്ടായിരുന്നു. പക്ഷെ പലപ്പോഴും പോകാറില്ലായിരുന്നു. അനിയത്തി ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് വളർന്നത്. ചോറൊക്കെ ഒരുനേരം മാത്രമെ കഴിക്കാൻ കഴിഞ്ഞിരുന്നുള്ളു. അടുത്ത് ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ നിന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അന്ന് കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം എന്നെങ്കിലും കിട്ടുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
അന്നൊക്കെ ഫുൾടൈം കളിയായിരുന്നു. രാവിലെ എന്തെങ്കിലും കഴിച്ചിട്ട് കളിക്കാൻ പോയാൽ പിന്നെ വരുന്നത് വൈകുന്നേരമായിരിക്കും. പിന്നെ കിടന്നുറങ്ങിയാൽ എഴുന്നേൽക്കുന്നത് പിറ്റെന്ന് രാവിലെയായിരിക്കും. അന്നത്തെ ലക്ഷ്യം തന്നെ എസ്‌ബിറ്റിയിലോ റെയിൽവേയിലോ മറ്റോ ജോലി വാങ്ങി അവരുടെ ക്രിക്കറ്റ് ടീമിൽ കയറുക എന്നതായിരുന്നു. ഇന്ത്യൻ ടീമിൽ കയറുന്നത് വരെയുള്ള ഗോളൊക്കെ സെറ്റ് ചെയ്ത് വച്ചിരുന്നു. പക്ഷെ ക്രിക്കറ്റിനുള്ളിലുണ്ടായിരുന്ന പൊളിറ്റിക്സിന്റെ ഇരയാകുകയായിരുന്നു ഞാൻ.
സിസിഎൽ കളിക്കാൻ പോകുമ്പോൾ മോഹൻലാലിന്റെയൊക്കെ മുമ്പിൽ നിങ്ങളൊക്കെയാണ് ഹീറോ. താങ്കളുടെയും രാജീവ് പിള്ളയുടെയുമൊക്കെ അത്രയും കിക്കറ്റ് അറിവ് അവർക്കില്ല. അപ്പോൾ മോഹൻലാലൊക്കെ വന്ന് ക്രിക്കറ്റ്പരമായ കാര്യങ്ങളൊക്കെ ചോദിച്ചിരുന്നോ?
അതൊരു വലിയ എക്സ്പീരിയൻസ് ആയിരുന്നു. സിസിഎല്ലിന്റെ തുടക്കത്തിൽ പ്രാക്ടീസിന്റെ സമയത്ത് ഒരുപാട് ദിവസങ്ങളൊന്നും ലാലേട്ടൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഷൂട്ട് ഉണ്ടായിരുന്നു. സിസിഎല്ലിന് ആറ് മാസം മുമ്പ് മുതൽ എല്ലാ ശനിയും ഞായറും എറണാകുളത്ത് വച്ച് പ്രാക്ടീസ് ഉണ്ടായിരുന്നു. ഞാൻ ഇവിടെ നിന്നും ട്രയിനിൽ എറണാകുളത്തെത്തും. അവിടെ നിന്നും രാജീവ് പിള്ളയുടെ വണ്ടിയിലാണ് പോകുന്നത്. അദ്ദേഹത്തിന്റെ വീട്ടിലാണ് നിന്നത്. പ്രാക്ടീസ് സമയത്ത് എല്ലാ കളിയിലും ഞാൻ അമ്പതിന് മുകളിൽ സ്‌കോർ ചെയ്യുകയും രണ്ട് മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഒപ്പം കളിച്ച ചാക്കോച്ചനൊക്കെ ബെസ്റ്റ് പ്ലെയേഴ്സ് ആണ്. അതുപോലെയാണ് ഉണ്ണി മുകുന്ദനും. ഉണ്ണിക്ക് ഒരു അഫ്രീദി സ്‌റ്റൈലാണ്.
പ്രാക്ടീസിന്റെ അവസാനസമയത്ത് രഞ്ജിട്രോഫി വിക്കറ്റ് കീപ്പറായിരുന്ന ദീപക്ക് ചേട്ടൻ ട്രയിനിങിന്റെ ഭാഗമായി അവിടെ വന്നു. പ്രാക്ടീസൊക്കെ കഴിഞ്ഞ് ഗ്രൗണ്ടിലൂടെ ഞങ്ങൾ വെറുതെ നടന്നപ്പോൾ ദീപക് ചേട്ടൻ എന്നോട് പറഞ്ഞു ' വിക്കി, നീയാണ് ടീമിന്റെ നെടുംതൂണ്. നീ വേണം റൺസ് എടുത്തും വിക്കറ്റെടുത്തും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ.' അത് കേട്ടപ്പോൾ ഞാനാകെ പ്രഷറിലായി. 'ഞാൻ റൺസ് എടുത്തില്ലെങ്കിൽ ടീം തോൽക്കോ' എന്നൊക്കെയുള്ള ചിന്തയിലായി. അങ്ങനെ ഞാനാകെ ഡെസ്പ് ആയി. ആ സീസൺ മൊത്തം ഞാൻ ഫ്ളോപ്പ് ആയിരുന്നു. കളി ക്രൂഷൽ സിറ്റുവേഷനിൽ നിൽക്കുമ്പോൾ ഞാൻ വന്ന് വൈഡ് എറിഞ്ഞ് കളി തോൽപ്പിക്കുകയായിരുന്നു. എല്ലാവരും ഡെസ്പ് ആയി. ജയിപ്പിക്കുമെന്ന് എല്ലാവരും കരുതിയ ഞാൻ തന്നെ കളി തോൽപ്പിച്ചു. ഞാൻ വച്ചിരുന്ന കണ്ണടയ്ക്കിടയിലൂടെ കണ്ണുനീര് ഒലിച്ചുകൊണ്ടാണ് ഞാൻ ഗാലറിയിലേയ്ക്ക് നടക്കുന്നത്. അപ്പോൾ എല്ലാവരും വന്ന് സാരമില്ല എന്ന് പറഞ്ഞ് എന്ന് ആശ്വസിപ്പിക്കുകയാണ്. ഭാവന വന്ന് സാരമില്ലടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചപ്പോൾ ഞാൻ ഒരു തള്ള് തള്ളി. എന്നിട്ട് ഓടി ബാത്ത് റൂമിൽ കയറി പൊട്ടിക്കരഞ്ഞു. അപ്പോൾ ബാലച്ചേട്ടനൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. അവിടെ മുതൽ ഞാൻ ഡെസ്പ് ആയിരുന്നു. പിന്നീട് പ്രാക്ടീസ് ചെയ്യുമ്പോഴൊന്നും എനിക്ക് കോൺസൺട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല.
എന്റെയൊരു അഭിപ്രായത്തിൽ ഒരാൾ ഡൗൺ ആകുമ്പോൾ 'സാരമില്ലെടാ ഇത് എല്ലാവർക്കും പറ്റും' എന്ന് പറഞ്ഞല്ല ആശ്വസിപ്പിക്കേണ്ടത്, അങ്ങനെ പറഞ്ഞാൽ അയാൾ വീണ്ടും വീണ്ടും ആ അവസരങ്ങളെ പറ്റിയെ ചിന്തിക്കുകയുള്ളു. മറിച്ച് അയാളുടെ നല്ല പ്രകടനങ്ങൾ എടുത്ത് പറഞ്ഞ്, 'നീയന്ന് ഫിഫ്റ്റി എടുത്തില്ലേ, നീയെടുത്ത് ആ വിക്കറ്റ് എത്ര മനോഹരമായിരുന്നു' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചാൽ അയാൾ തന്റെ പ്രകടനങ്ങളെ പറ്റി ആലോചിക്കും. പെട്ടെന്ന് റിക്കവർ ചെയ്യാൻ പറ്റും.
എന്നെ ഏറ്റവും നന്നായി മോട്ടിവേറ്റ് ചെയ്തത് മണിക്കുട്ടനായിരുന്നു. അവൻ എന്റെ റൂമേറ്റ് ആയിരുന്നു. ഞാൻ റൂമിൽ വന്നാലും ഒന്നും മിണ്ടില്ല, ഫുൾടൈം കരച്ചിൽ ഒക്കെയായി ഇരുന്നപ്പോൾ അവനാണ് പറഞ്ഞത് ' ടാ നീയെന്താ ഇങ്ങനെ. നീ ഡൗണായാൽ ടീം മൊത്തം ഡൗൺ ആകും. നീയല്ലെ എല്ലാവരെയും ചിയറപ്പ് ചെയ്യേണ്ടത്' എന്നൊക്കെ. പിന്നെ അവനെന്നെ കളിയാക്കാനും ചിരിപ്പിക്കാനുമൊക്കെ തുടങ്ങി. അങ്ങനെ ഫസ്റ്റ് സീസൺ അങ്ങ് പോയി. മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന ശ്രീകുമാർ ചേട്ടൻ ഒരിക്കൽ പറഞ്ഞു ' വിവേക് ബാറ്റ് ചെയ്യാൻ നിൽക്കുന്നത് ക്യാമറയുടെ ലെൻസിലൂടെ കാണുമ്പോൾ തന്നെ അറിയാം പ്രഷറിലാണ് നിൽക്കുന്നതെന്ന്. എന്ത് അങ്ങനെ. വിവേക് പ്ലയറല്ലേ. അതൊക്ക് വിട്ടേക്ക്' എന്ന്. സെക്കൻഡ് സീസൺ മുതൽ നമ്മൾ അങ്ങ് കളിച്ചുതുടങ്ങി.
(വിവേക് ഗോപന്റെ ഭാര്യ സുമിയോട്)
പരസ്പരം സീരിയലിലെ ഏത് സിറ്റുവേഷനാണ് ഏറ്റവുമധികം ക്രിട്ടിസൈസ് ചെയ്തിട്ടുള്ളത്?
സുമി: പരസ്പരത്തിലല്ല വിവേക് ആദ്യമായി അഭിനയിക്കുന്നത്. സിസിഎല്ലിന്റെ ബെയ്സിൽ മുമ്പും സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ അതൊക്കെ ചെറിയ ചെറിയ വേഷങ്ങളിലായിരുന്നു എന്നുമാത്രം. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. വിവേകിന് അഭിനയിക്കാൻ കഴിവുണ്ടെന്ന് അന്നെ തോന്നിയിട്ടുണ്ട്. പക്ഷെ പരസ്പരത്തിലേയ്ക്ക് എത്തിയപ്പോൾ ലിപ്പ് മൂവ്മെന്റിലെ പ്രശ്നങ്ങളൊക്കെ ഞങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ട്.
ഇപ്പോൾ ജീവിതം ഇത്രയും മുന്നേറിക്കഴിയുമ്പോൾ എന്തുതോന്നുന്നു?
വളരെ ബെറ്ററാണ്. അതിന് ദൈവത്തോട് നന്ദി പറയുന്നു. കാരണം ഞങ്ങൾ ജീവിതം തുടങ്ങുന്നത് പൂജ്യത്തിൽ നിന്നാണ്. ആക്ച്വലി ഞങ്ങളുടെത് ഒരു ലവ് മേരേജാണ്. ഞങ്ങൾ രജിസ്റ്റർ മാരേജ് ചെയ്ത ശേഷം വീട്ടുകാർ അംഗീകരിച്ച് പള്ളിയിൽ വച്ച് കല്യാണം കഴിച്ചതാണ്.
എവിടെ വച്ചാണ് ആദ്യമായി നിങ്ങൾ കാണുന്നത്?
ഞാനൊരു ഡാൻസ് ട്രൂപ്പിലുണ്ടായിരുന്നു. പുള്ളി അവിടെ വരുമായിരുന്നു. അങ്ങനെ പരിചയപ്പെട്ടതാണ്. പിന്നീട് പ്രേമമായി. നാല് വർഷത്തോളം പ്രേമിച്ചു. പിന്നീട് രജിസ്റ്റർ മാരേജ് ചെയ്തു. അത് പിന്നീട് വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. ഇനി ഇവിടെ നിൽക്കാൻ പറ്റില്ല, കെട്ടിപ്പൊയ്ക്കോണം എന്ന് അവർ പറഞ്ഞു. അങ്ങനെ ഒഫിഷ്യലായി ഞങ്ങൾ പള്ളിയിൽ വച്ച് കല്യാണം കഴിച്ചു. ജീവിതമാരംഭിച്ചപ്പോൾ വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പുള്ളിക്ക് ക്രിക്കറ്റിൽ വലിയനിലയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സിസിഎല്ലിലെത്തി, അതുവഴി ഇന്നത്ത നിലയിലെത്തി. തീർച്ചയായും അതിന് പിന്നിൽ വലിയ സ്ട്രഗിൾ ഉണ്ടായിരുന്നു. ഒട്ടും ഈസി ആയിരുന്നില്ല. പക്ഷെ ഇന്ന് നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു നിലയിലെത്തി. അന്നത്തെക്കാൾ അ്ഡ്വാൻസ്ഡ് ആണ് ഇന്ന്. പക്ഷെ ഈ ഫെയിം നിലനിർത്തികൊണ്ടുപോകുന്നതിന് വലിയ സ്ട്രഗിൾ ഉണ്ട്. പക്ഷെ നമ്മൾ ആഗ്രഹിച്ചതിലും എത്രയോ മുകളിലാണ് ഇന്ന് എന്നത് വളരെ സത്യമാണ്. കേരളത്തിലെ ഒട്ടുമുക്കാൽപേർക്കും നമ്മളെ അറിയാമെന്നത് ചെറിയകാര്യമല്ല. അതിന് ദൈവത്തോട് നന്ദിയുണ്ട്.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
വിവേക് ഗോപൻ: ഈ മഹാമാരിക്കാലത്ത് എല്ലാവരും സ്റ്റേ ഫിറ്റ്, സ്റ്റേ പോസിറ്റീവ്, സ്റ്റേ ഹോം, സ്റ്റേ സേഫ്. ഒരുപാട് നല്ല കാര്യങ്ങളും നല്ല കാലവും വരാൻ പോകുന്നുവെന്ന വിശ്വാസത്തോടുകൂടി പ്രാർത്ഥനയോടെ മുന്നോട്ടുപോകുക. എല്ലാവർക്കും കഴിവ് തെളിക്കാനുള്ള അവസരം ഈ ജീവിതത്തിൽ ദൈവം തരും. അതുറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ