ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1997 ൽ വടകരയിൽ പ്രവർത്തനമാരംഭിച്ച പ്രസ്ഥാനമാണ് വടകര ഇസ്ലാമിക് വെൽഫെയർ അസോസിയേഷൻ (വിവാ). ഈ കേന്ദ്രം ഇന്ന് എയ്ഡഡ് പദവിയിലേക്ക് നീങ്ങുകയാണ്. ഇതിനായി സർക്കാർ നിഷ്‌ക്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഒരുക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംഘാടകർ.

145 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് നാലുവർഷമായി സർക്കാർ ഗ്രാന്റ് ലഭിക്കുന്നുണ്ട്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ ബുദ്ധിനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നൽകുന്നത്. എയ്ഡഡ് പദവി ലഭിക്കണമെങ്കിൽ എട്ട് കുട്ടികൾക്ക് ഒരു അദ്ധ്യാപകനും ഒരു ക്ലാസ്മുറിയും ആവശ്യമുണ്ട്. അതിനാൽ 16 ക്ലാസ്മുറികൾ ഉള്ള വിശാലമായ സൗകര്യം ആവശ്യമായി വന്ന സാഹചര്യത്തിൽ വടകര മുനിസിപ്പാലിറ്റിക്കുള്ളിൽ തന്നെ 62 സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകിയിട്ടുണ്ട്. ഇതിന് ഒന്നേകാൽ കോടി രൂപയാണ് ആവശ്യം. കെട്ടിടം പണിയാൻ മൂന്നരക്കോടി വേറെയും ആവശ്യമുണ്ട്.

കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ട് പാൽ എന്നിവ നൽകുന്നു. ആറ് വാഹനങ്ങളിലായി കുട്ടികളെ കൂട്ടിെക്കാണ്ടു വരുകയാണ് െചയ്യുന്നത്. യോഗ്യതയുള്ള അദ്ധ്യാപകരാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ആയമാരടക്കം 16 ജീവനക്കാർ പ്രവർത്തിക്കുന്നു. വടകര, നാദാപുരം, കല്ലാച്ചി, വാണിമേൽ തുടങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ എത്തുന്നത്. പ്രവാസികളുടെയും മനുഷ്യസ്‌നേഹികളുടെയും കാരുണ്യമാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. വിവിധ ഗൾഫ് നാടുകളിൽ ഈ സ്ഥാപനത്തിനായി കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്. ഇതുവഴി സമാഹരിക്കുന്ന സഹായങ്ങളാണ് സ്ഥാപനത്തിന്റെ മുഖ്യ വരുമാന സ്രോതസ്.

നിർധനർക്ക് വീട് നിർമ്മിക്കാനുള്ള സഹായമെത്തിക്കൽ, നിർധനർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ, രോഗികൾക്ക് ചികിത്സാ സഹായം നൽകൽ, തൊഴിൽ രഹിതർക്ക് മാർഗ്ഗ നിർദ്ദേശം, രക്തദാനം, വൈദ്യസഹായം തുടങ്ങിയ മേഖലകളിലെല്ലാം വിവാ പ്രവർത്തിക്കുന്നു. ഫോൺ-39652824.