- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതാക ഉയർത്തൽ ബഹിഷ്കരിച്ചു; ദേശീയ ഗാനം ആലപിക്കുമ്പോൾ സെല്ലിൽ കിടന്ന് വിളിച്ചത് ദേശീയ അന്വേഷണ ഏജൻസിയ്ക്കെതിരായ മുദ്രാവാക്യം; രാജ്യദ്രോഹ പ്രവർത്തനം നടത്തിയത് യുഎപിഎ കേസിൽ തടവിൽ കഴിയുന്ന പത്തു പേർ; സ്വർണ്ണ കടത്ത് കേസിലെ പ്രതികളെ താമസിപ്പിക്കേണ്ട ജയിലിലുള്ളത് അസാധാരണ സാഹചര്യം; വിയ്യൂർ ജയിലിലെ സുരക്ഷയെ കുറിച്ച് ആശങ്ക ശക്തം; ഇനി പഴുതുകൾ അടച്ച സുരക്ഷ; സ്വാതന്ത്ര്യ ദിനത്തിൽ വിയ്യൂരിലെ തടവറയ്ക്കുള്ളിൽ ഉണ്ടായത് അതീവ ഗൗരവതരമായ ക്രിമിനൽ ഗൂഢാലോചന
കൊച്ചി: വിയ്യൂർ അതീവസുരക്ഷാ ജയിലിലെ സുരക്ഷയെ കുറിച്ച് ആശങ്ക ശക്തം. ഇവിടെ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിച്ച ചില തടവുകാർ എൻഐഎക്കെതിരെ മുദ്രാവാക്യം മുഴക്കിയതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. അതീവ പ്രാധാന്യത്തോടെയാണ് ഇക്കാര്യത്തെ കേന്ദ്ര ഏജൻസികൾ കാണുന്നത്. പഴുതുകൾ അടച്ച സുരക്ഷയാകും ഇനി ഒരുക്കുക.
പതാക ഉയർത്തൽ അടക്കമുള്ള ചടങ്ങുകൾ ബഹിഷ്കരിച്ച ഇവർ ദേശീയഗാനത്തിനിടെയാണു സെല്ലിൽ മുദ്രാവാക്യം മുഴക്കിയത്. യുഎപിഎ (ഭീകരവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട 10 പ്രതികളുടെ നേതൃത്വത്തിലാണു പ്രതിഷേധ ആഹ്വാനമുണ്ടായതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. അതായത് രാജ്യദ്രോഹ ശക്തികൾ ജയിലിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട്. സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ റിമാൻഡ് ചെയ്യേണ്ടതു വിയ്യൂരിലാണ്. ഭീകര പ്രവർത്തനത്തിന് കരുത്ത് പകരാനാണ് സ്വർണ്ണ കടത്ത് നടന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇവിടേക്ക് ഈ പ്രതികളെ അയയ്ക്കുന്നത് വലിയ തലവേദനയാകും.
സ്വർണ്ണ കടത്ത് കേസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതു സംബന്ധിച്ചും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷിച്ചിരുന്നു. സ്വപ്ന സുരേഷിനെ 2 ദിവസം എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ചപ്പോൾ ജില്ലയ്ക്കു പുറത്തുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അസമയത്ത് അവിടം സന്ദർശിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതും എൻഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നാ സുരേഷിന്റെ മൊഴികളെ സ്വാധീനിക്കാാണ് ഇതെന്ന സംശയം ശക്തമാണ്. ഇതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തിലെ രാജ്യ വിരുദ്ധ നിലപാട് സ്വീകരിക്കൽ ചർച്ചയാകുന്നത്.
വിയ്യൂർ ജയിലിലെ പ്രതിഷേധം, ജയിൽ സൂപ്രണ്ടിന്റെ സ്ഥലംമാറ്റം, ജില്ലാ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്റലിജൻസ് ഏജൻസികളോടു കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളും വിയ്യൂർ ജയിലിലാണ് ഉള്ളത്. ഭീകര പ്രവർത്തന നിയമ പ്രകാരം പിടിയിലായ മാവോയിസ്റ്റുകളും ഇവിടെ തടവകാരാണ്. അതുകൊണ്ട് കൂടിയാണ് സ്വതന്ത്ര്യ ദിനത്തെ അപമാനിക്കലിലെ ഗൗരവം കൂടുന്നത്. രാജ്യത്തിനെതിരായ പരസ്യ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണാനും കഴിയും.
തനിക്ക് മേൽ മാപ്പുസാക്ഷിയാകാൻ സമ്മർദ്ദമുണ്ടെന്ന് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബ് പറഞ്ഞിരുന്നു. കോടതിയിലാണ് അലൻ ഇത്തരത്തിൽ മൊഴി നൽകിയത്. പല കോണുകളിൽ നിന്നും ഇത്തരത്തിൽ ആവശ്യം വന്നു. എന്നാൽ കൂട്ടുപ്രതികൾക്ക് നേരെ ഇത്തരത്തിൽ മൊഴി നൽകാൻ താൻ തയ്യാറല്ലെന്നും അലൻ കോടതിയിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയപ്പോൾ അറിയിച്ചു. എന്നാൽ അലന് നേരെ സമ്മർദ്ദമില്ലെന്നും താത്പര്യം ഉണ്ടെങ്കിൽ മാത്രം മാപ്പ് സാക്ഷിയാകാമെന്നുമാണ് എൻഐഎയുടെ നിലപാട്. ജയിലധികൃതരുടെ ക്രൂരമായ പെരുമാറ്റം കാരണം കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും അലനും താഹയും കോടതിയിൽ പറഞ്ഞിരുന്നു വിഷാദരോഗത്തോളമെത്തുന്ന മാനസികപിരിമുറുക്കമുണ്ടെന്ന് അലനും കോടതിയിൽ വിശദീകരിച്ചിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിലെ ഒരു വിഭാഗം കുറ്റവാളികൾക്ക് സുഖവാസവും 'ഉന്നത ജോലി'യും മറ്റുള്ളവർക്ക് ഉദ്യോഗസ്ഥരുടെ വീട്ടുജോലികളും പീഡനങ്ങളും എന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. ജയിലിലെ വിവേചനം മുകളിലേക്ക് റിപ്പോർട്ട് ചെയ്യാനോ രേഖാമൂലം പരാതികൾ നൽകിക്കാനോ തയ്യാറാവാത്തതിനെതിരെ അന്തേവാസികൾക്കിടയിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നതായി റിപ്പോർട്ട് 2019ൽ ഉയർന്നിരുന്നു. അന്തേവാസികളുടെ തമ്മിലടിയും സംഘട്ടനങ്ങളും വൈര്യവും ഉണ്ടാക്കിയെടുക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും പെരുകുന്നു. വാർഡന്മാരടക്കമുള്ള ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സിലെ കോൺക്രീറ്റിങ്ങിനും കൃഷി, ചെടിത്തോട്ടം ഒരുക്കൽ എന്നിവയ്ക്കുമെല്ലാം ജയിൽ അന്തേവാസികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ജയിൽ കോമ്പൗണ്ടിനകത്ത് ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ നിന്നും തടവുകാരെ ഉപയോഗിച്ച് സിമന്റും മറ്റും കടത്തി വാർഡൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കോൺക്രീറ്റിങ് പ്രവൃത്തികൾ നടത്തിച്ചുവെന്നും ആരോപണമുണ്ട്. സംഭവം മേലുദ്യോഗസ്ഥരറിഞ്ഞ് ചർച്ചയായെങ്കിലും മറ്റുള്ളവരും ഇത്തരം പ്രവൃത്തികൾ ചെയ്യിക്കുന്നുണ്ടെന്ന മറുവാദമുന്നയിച്ച് വാർഡൻ ആരോപണങ്ങളെ തള്ളുകയായിരുന്നു. ഇതോടെ മുകളിലേക്ക് റിപ്പോർട്ട് ചെയ്യുന്ന നടപടിയുണ്ടായില്ല. മുമ്പ് ജയിലിലേക്ക് കൊണ്ടുവന്ന മദ്യവും കഞ്ചാവും പിടിച്ചെടുത്തിരുന്നു. ലഹരി വസ്തുക്കൾ ജയിലിനുള്ളിൽ എത്തിയതിൽ വാർഡന്മാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിലും നടപടിയുണ്ടായിട്ടില്ല.
ജയിൽ കോമ്പൗണ്ടിന് പുറത്തേക്ക് തടവുകാരെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം. ജയിലിന് മുന്നിലെ ചപ്പാത്തി കൗണ്ടറിൽ തടവുകാരുണ്ടെങ്കിലും ഇത് പ്രത്യേക ഇളവോടെ നിയമാനുസൃതമാണ്. എന്നാൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ ഡ്രൈവർമാരായി പോലും ചില ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാർക്ക് തടവുശിക്ഷയെന്ന് പേര് മാത്രമാണെങ്കിലും ജയിലിൽ സുഖവാസമാണെന്നും നേരത്തെ റിപ്പോർട്ട് ത്തിയിരുന്നു.
ഇവർക്ക് പ്രത്യേകം സ്വാതന്ത്ര്യവും ജയിലിലും പുറം ജയിലിലും നൽകുന്നത് ജയിൽ അന്തേവാസികൾക്കിടിയിൽ അസ്വാരസ്യങ്ങളുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. അത്തരത്തിലൊരു ജയിലിലാണ് ഇപ്പോൾ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അപമാനിക്കലിന് സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ