തിരുവനന്തപുരം: അദാനി തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകും. മന്ത്രി വി.അബ്ദു റഹിമാനുമായി ഇന്നലെ ലത്തീൻ അതിരൂപതാ ഭാരവാഹികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും നടത്തിയ ചർച്ചയിൽ പ്രധാന ആവശ്യങ്ങളിൽ തീരുമാനമായില്ല. തുറമുഖ നിർമ്മാണം നിർത്താനാകില്ലെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. ഇതാണ് ചർച്ചയിലെ പ്രധാന തടസ്സവും.

7 ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിലെ 5 ആവശ്യങ്ങൾ അംഗീകരിച്ചു. ഇവ സമയബന്ധിതമായി നടപ്പാക്കും. എന്നാൽ തുറമുഖ നിർമ്മാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നീ ആവശ്യങ്ങളിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കുമെന്നു മന്ത്രി അറിയിച്ചു. തീരശോഷണം എന്ന ആവശ്യത്തിൽ നിന്നും പ്രതിഷേധക്കാർ പിന്മാറില്ല. ഇതിന് വ്യക്തമായ കാരണങ്ങൾ സമരക്കാർ പറയുന്നുണ്ട്. അറബിക്കടലിൽ പുലിമുട്ട് നിർമ്മിച്ചാൽ പോലും അതിന്റെ ആഘാതം തീരത്തുണ്ടാകും. പുലിമുട്ടിന്റെ വടക്കു വശത്ത് തീര ശോഷണവും തെക്ക് ഭാഗത്ത് തീരം കൂടുകയും ചെയ്യും. അത് കടലിലെ നിർമ്മാണത്തിന്റെ പ്രതിഫലനമാണ്.

വിഴിഞ്ഞത്തും അതു തന്നെയാണ് സംഭവിക്കുന്നത്. വടക്ക് വശത്ത് തീര ശോഷണമുണ്ടാകുന്നു. മറുഭാഗത്ത് തീരം കൂടുന്നു. ഇതിൽ നിന്ന് തന്നെ തുറമുഖമാണ് പ്രശ്‌നം എന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ പഠനം നടക്കണം. മുമ്പ് കേന്ദ്ര സർക്കാർ ഏജൻസിയാണ് പഠിച്ചത്. ഇത് അദാനിക്ക് വേണ്ടിയുള്ളതായിരുന്നു. ഈ പഠനം കാട്ടിയാണ് പാരിസ്ഥിതിക അനുമതികൾ അദാനി വാങ്ങിയത്. അതിന് പകരം തുറമുഖ നിർമ്മാണം നിർത്തി സ്വതന്ത്രമായ ഏജൻസിയെ കൊണ്ട് എല്ലാം പഠിക്കണം. ഇതിനൊപ്പം മണ്ണെണ്ണ സബ്‌സിഡിയും അടിയന്തര ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.

മന്ത്രിയുമായുള്ള ചർച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്നും സമരം നിർത്താൻ അഭ്യർത്ഥിച്ചെന്നും ചർച്ച തുടരുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു വാടക ഒഴിവാക്കി താൽക്കാലിക താമസ സൗകര്യം, മതിയായ നഷ്ടപരിഹാരം നൽകി ഇവരുടെ പുനരധിവാസം, കാലാവസ്ഥാ മുന്നറിയിപ്പു കാരണം ജോലിക്കു പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കു മിനിമം വേതനം, മുതലപ്പൊഴി മത്സ്യബന്ധന യോഗ്യമാക്കുക, തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെയെല്ലാം മാറ്റിപ്പാർപ്പിക്കുക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്.

336 കുടുംബങ്ങളാണു വാടക വീട്ടിലും ബന്ധു വീടുകളിലും ഗോഡൗണുകളിലുമായി കഴിയുന്നത്. ഇവർക്കു സ്ഥിരം പുനരധിവാസകേന്ദ്രം ആകുന്നതുവരെ വാടക സർക്കാർ നൽകും. ഇതേക്കുറിച്ചു റിപ്പോർട്ട് നൽകാൻ കലക്ടർ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ഓണത്തിനു മുൻപ് ഇതിനു പരിഹാരമാകും. സ്ഥിരമായി അപകടം ഉണ്ടാകുന്ന മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്തി പരിഹാരമുണ്ടാക്കും. മന്ത്രി ആന്റണി രാജു, ഫിഷറീസ് സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ ഡോ.അദീല അബ്ദുല്ല, കലക്ടർ ജെറോമിക് ജോർജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

എന്നാൽ മണ്ണെണ്ണ സബ്‌സിഡിയിൽ തീരുമാനം ഉണ്ടായില്ല. തീരശോഷണത്തിന്റെ ഫലമായി കടലിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽ മാത്രമേ മീൻ കിട്ടൂ. ഈ സാഹചര്യത്തിൽ സബ്‌സിഡി അനിവാര്യതയാണ്. കടലിൽ നിന്ന് ഏറെ അകലെ പോയി മീൻ പിടിക്കേണ്ടി വരുന്നതു മൂലം കൂടുതൽ മണ്ണെണ്ണ ബോട്ടുകൾക്ക് ആവശ്യമായി വരുന്നു. ഇത് ലഭ്യമാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാസർഗോഡ് വരെയുള്ള മത്സ്യത്തൊഴിലാളികൾ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നതാണ് വസ്തുത. 

തിരുവനന്തപുരത്തെ തീരദേശജനതയെ മുഴുവൻ 30-ാം തീയതിവരെ വിഴിഞ്ഞത്തെ തുറമുഖ കവാടത്തിലെത്തിച്ച് ശക്തമായ സമരമാണ് നാലാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അടുത്ത വർഷം തുറമുഖത്തിന്റെ ആദ്യ ബർത്ത് പണിപൂർത്തിയാക്കാനാണ് തീരുമാനം. ഈ ഘട്ടത്തിൽ പുനരധിവാസ പാക്കേജ് നടപ്പായില്ലെങ്കിൽ, പിന്നീട് അതിനുള്ള സാധ്യത തീരെക്കുറവാണെന്ന വിലയിരുത്തലിലാണ് ഇപ്പോൾ സമരം ശക്തമാക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവെച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു പ്രധാന ആവശ്യം.

പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡൽ സബ്‌സിഡി നടപ്പാക്കുക, കാലാവസ്ഥാ മുന്നറിയിപ്പു കാരണം ജോലിക്ക് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് അതിരൂപത ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. തീരദേശത്തെ മുഴുവൻ ജനങ്ങളും സമരരംഗത്തേക്ക് എത്തിയതോടെ പ്രശ്നപരിഹാരത്തിനു സർക്കാരും ആക്കംകൂട്ടിയിട്ടുണ്ട്. തുറമുഖ നിർമ്മാണം കാരണം വീടുകൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് മുട്ടത്തറയിൽ 18 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണിരാജു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ മുട്ടത്തറയിലുള്ള ഈ ഭൂമി മൃഗസംരക്ഷണവകുപ്പിന്റേതാണ്.

ഈ ഭൂമി നൽകിയാൽ ഡയറി കോളേജിന്റെ അംഗീകാരം നഷ്ടമാകുമെന്ന നിലപാടാണ് മൃഗസംരക്ഷണ വകുപ്പിന്. പകരം ഭൂമി കണ്ടെത്തി നൽകിയാലേ മുട്ടത്തറയിലെ സ്ഥലം പുനരധിവാസത്തിനു ലഭ്യമാകൂവെന്നതാണ് നിലവിലെ അവസ്ഥ.