ഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം കുളച്ചൽ പദ്ധതിയും രാജ്യത്തിനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്തിനു പ്രഥമ പരിഗണന നൽകുമെന്നും. തുറമുഖത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി കേരളത്തിന്റെ ആശങ്ക പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതാണിത്.

വിഴിഞ്ഞം പദ്ധതിക്കു മുൻഗണന നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തുറമുഖങ്ങൾ തമ്മിലുള്ള അകലം സംബന്ധിച്ചു മാനദണ്ഡം വേണം. ഒരേസമയം അടുത്തടുത്തു രണ്ടു തുറമുഖനിർമ്മാണം പാടില്ല. കുളച്ചൽ തുറമുഖത്തിനു കേരളം എതിരല്ലെന്നും പിണറായി മോദിയെ അറിയിച്ചു. വിഴിഞ്ഞം തുറമുതത്തിന് വെറും 36 കിലോമീറ്റർ മാത്രം അകലെ ഒരു പുതിയ തുറമുഖം വരുന്നത് വിഴിഞ്ഞത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്ന് നേരത്തെ കേരളം വാദമുന്നയിച്ചിരുന്നു.

കുളച്ചലും വിഴിഞ്ഞവും വികസനത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രണ്ട് തുറമുഖങ്ങൾ അടുത്തടുത്ത് വന്നാൽ ആ മേഖലയിൽ ഉണ്ടാകുന്ന മത്സരം രാജ്യത്തിന് ഗുണം ചെയ്യുമെന്നും പക്ഷേ ആദ്യം പ്രഖ്യാപിച്ച പദ്ധതി എന്ന നിലയിൽ വിഴിഞ്ഞത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയതായാണ് വിവരം. എന്നാൽ കുളച്ചൽ പദ്ധതി ഉപേക്ഷിക്കാൻ പറ്റില്ലെന്നും മോദി ചൂണ്ടിക്കാട്ടി. കുളച്ചൽ പദ്ധതിയുടെ പേരിൽ വിഴിഞ്ഞും തുറമുഖത്തെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ സംഘവുമായി നടത്തിയ ചർച്ചയിലാണ് മോദി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം ആദ്യം പൂർത്തീകരിച്ചാൽ കേന്ദ്രത്തിന്റെ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്താനുള്ള സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.കുളച്ചൽ തുറമുഖത്തിന് കേന്ദ്രം അനുമതി നൽകിയതോടെ വിഴിഞ്ഞത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എംപിമാരും അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കണ്ടത്.

കുളച്ചൽ തുറമുഖത്തിന് കേന്ദ്രം ഭരണാനുമതി നൽകിയത്‌കൊണ്ട് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന അഭിപ്രായമുയർത്തുന്ന ഒരു വിഭാഗവുമുണ്ട്. ഭരണാനുമതി ലഭിച്ചു എങ്കിലും കുളച്ചൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ഉൾപ്പടെ ലഭിക്കേണ്ടതുണ്ട്.