- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിൽ സംഘടിപ്പിച്ച പാർട്ടി; പ്രവേശനത്തിനായി ഒരാളിൽ നിന്നും ഈടാക്കിയത് ആയിരം രൂപ; മദ്യത്തിന് അധിക തുകയും; പങ്കെടുത്തത് സ്ത്രീകൾ ഉൾപ്പെടെ 50 പേർ; എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചെന്ന് സംശയം; വിഴിഞ്ഞത്ത് പിടിയിലായവരിൽ സംഘാടകരും അതിഥികളും
തിരുവനന്തപുരം: കൊച്ചിയിലെ ലഹരിപാർട്ടിയും മോഡലുകളുടെ അപകട മരണവും കേരളത്തിൽ സജീവ ചർച്ചയാകുമ്പോൾ തന്നെയാണ് തിരുവനന്തപുരത്തും ലഹരിപാർട്ടി നടന്നെന്ന വിവരം ലഭിക്കുന്നത്. ബംഗളുരുവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാർട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം.
വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാർട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്.
ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത് ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തുവെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. ഡിജെ മ്യൂസിക് ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക ഈടാക്കിയിരുന്നു.
പാർട്ടിയിൽ പങ്കെടുത്ത 20 പേർ ഇപ്പോഴും റിസോർട്ടിനകത്താണ്. പൂവാർ ഐലൻഡിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകൾ അടക്കം സജ്ജമാക്കിയിരുന്നു. ഇതെല്ലാം പതിവായി പാർട്ടി നടക്കുന്ന ഇടമാണ് ഇവിടമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
അക്ഷയ് മോഹന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ലഭ്യമാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ട്.
മുൻപ് കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയുടെ സമാനമായി വിഴിഞ്ഞത്തും കോവളത്തും ലഹരി പാർട്ടി നടക്കുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയായ കാർ ചേസിങ് സംഭവത്തിലുൾപ്പെട്ട സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചിലവന്നൂരിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ലഹരി പാർട്ടി മാത്രമല്ല ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നതായും വിവരം ലഭിച്ചു. ഇതിന് പുറമെ മരട്, തേവര ഉൾപ്പടെ ഭാഗങ്ങളിലെ ഫ്ളാറ്റുകളിലും പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ