വിഴിഞ്ഞത്തിൽ അദാനിയെങ്കിൽ പ്രതിപക്ഷം എതിർക്കും; തുറമുഖം പൊതുമേഖലയിൽ മതിയെന്ന് വി എസ്; അദാനിയെ കാണുന്നതിന് മിനിട്സ് വേണ്ടെന്ന് മുഖ്യമന്ത്രി; അട്ടിമറിക്കുന്നത് അരുവിക്കരയിൽ വിജയകുമാറിന് വേണ്ടി; എന്തുവിലകൊടുത്തും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞത്തിലെ തർക്കത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം തുടങ്ങി. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. സഭയിൽ മുദ്രാവാക്യംവിളികളും അരങ്ങേറി. ചോദ്യോത്തരവേളയോടു സഹകരിക്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞത്തിലെ തർക്കത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം തുടങ്ങി. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. സഭയിൽ മുദ്രാവാക്യംവിളികളും അരങ്ങേറി. ചോദ്യോത്തരവേളയോടു സഹകരിക്കണമെന്നു സ്പീക്കർ എൻ.ശക്തൻ ആവശ്യപ്പെട്ടു. ബാർ കോഴക്കേസും അരുവിക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണവും ശക്തമാകുന്നതിനിടെയാണ് നിയമസഭ ചേരുന്നത്.
ചോദ്യോത്തരവേളയിൽ വിഴിഞ്ഞമായിരുന്നു വിഷയം. അതുകൊണ്ട് തന്നെ തർക്കങ്ങൾ അവിടെ തുടങ്ങി. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. അരുവിക്കരയിൽ വിജയകുമാറിന് വേണ്ടിയാണ് അതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിജയകുമാറിന് ചെയ്യാൻ കഴിയാത്തത് മറ്റാരും ചെയ്യരുതെന്നാണ് ആഗ്രഹം. എന്തുവന്നാലും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അദാനിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞത്തിൽ പുറത്ത് പറയാൻ കഴിയുന്നതെല്ലാം വെളിപ്പെടുത്തി. സർക്കാർ രേഖകൾ വെ്സൈറ്റിലുണ്ടെന്നും വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ആരുശ്രമിച്ചാലും നടക്കില്ല. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകതന്നെചെയ്യും. പ്രതിപക്ഷം ഏത് നിർദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അദാനിയെ കണ്ടതിന് മിനിട്സൊന്നുമില്ല. ഇത്തരം കൂടിക്കാഴ്ചകൾക്ക് മിനിട്സ് തയ്യാറാക്കുന്ന പതിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും അദാനിയെ കണ്ടിട്ടുണ്ട്. അതിന് മിനിട്സ് ഉണ്ടായിരുന്നോ എന്നും ചോദിച്ചു.
എന്നാൽ വിഴിഞ്ഞം തുറമുഖം ഇടത് സർക്കാരിന്റെ കാലത്ത് അദാനിക്ക് നൽകിയോ എന്നതായിരുന്നു വി എസ് ഉയർത്തിയ മറു ചോദ്യം. സ്വകാര്യമേഖലയ്ക്ക് കേരളത്തിന്റെ താൽപ്പര്യം അടിയറവ് വയ്ക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഇത് ആരെങ്കലും നടത്തിയാൽ മതിയെന്ന സമീപനത്തോട് യോജിപ്പില്ല. അത് പൊതുമേഖലയിൽ ആകണം. ലാൻഡ് ലോർഡ് മോഡലാകണം. അത് എങ്ങനേയും നടത്താനാണ് ശ്രമം. എങ്ങനേയെങ്കിലും വിഴിഞ്ഞം നടപ്പാക്കാമെന്നാണ് പറയുന്നത്. അതിന് അർത്ഥം അദാനിക്ക് തീറെഴുതുമെന്നാണ്. ഇത് അംഗീകരിക്കില്ല-വി എസ് വിശദീകരിച്ചു.
ഏതായാലും അദാനിയിലൂടെ വിഴിഞ്ഞം വേണ്ടെന്നാണ് സിപിഐ(എം) നിലപാട്. അതു തന്നെയാണ് വ്യക്തമാകുന്നതും. അങ്ങനെ നിയമസഭാ സമ്മേളനത്തിലന്റെ ആദ്യ ദിനത്തിൽ വിഴിഞ്ഞം താരമായി. അടിയന്തര പ്രമേയ ചർച്ചയുടെ വിഷയമായി പ്രതിപക്ഷം ഉയർത്തുന്നത് ബാർ കോഴയാണ്. അരുവിക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്് വിഴിഞ്ഞത്തിലെ മുഖ്യമന്ത്രി നടത്തിയ പരാമർശവും ശ്രദ്ധേയമായി. വിഴിഞ്ഞത്തിൽ സിപിഐ(എം) എതിർപ്പുമായി വന്നാൽ അത് രാഷ്ട്രീയ ആയുധമാക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.
ബജറ്റിന്മേലുള്ള ചർച്ച, വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥനകൾ, ധനവിനിയോഗ ബിൽ എന്നീ സുപ്രധാന കാര്യങ്ങളാണ് നിയമസഭയ്ക്കു മുന്നിലെത്തുന്നതെങ്കിലും ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം അംഗീകരിക്കാത്ത പ്രതിപക്ഷം ചർച്ചകളോടു സഹകരിക്കില്ല. സഭാതലം വീണ്ടും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെങ്കിൽ അതും ബജറ്റ് അവതരണവേളയിലെ പ്രതിപക്ഷത്തിന്റെ അതിരുവിട്ട പ്രതിഷേധ പ്രകടനവും അരുവിക്കരയിലെ പ്രചാരണ വിഷയമാക്കാനാവും ഭരണപക്ഷം ശ്രമിക്കുക.
ആദ്യ രണ്ട് ദിവസം സമ്മേളിച്ചശേഷം ഉപതിരഞ്ഞെടുപ്പിനു ശേഷം മതിയോ പ്രധാന ചർച്ചകളും വോട്ടെടുപ്പും എന്നു കാര്യോപദേശക സമിതിയിൽ തീരുമാനമെടുക്കും.