തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ കേരളഭാഷാ ഇന്സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ചുവരുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തകപ്രകാശനവും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ രചിച്ച മത്സരപരീക്ഷയിലെ ഗണിതം, സ്പോർട്സ് കൗണ്‌സിൽ മുൻസെക്രട്ടറി ഡോ.മുഹമ്മദ് അഷ്റഫ് രചിച്ച കളിയെഴുതിന്റെ സൗന്ദര്യം എന്നീ പുസ്തകങ്ങൾ കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, തൃശൂർ കേരളവർമ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാരി രചിച്ച വള്ളിക്കുടിലും പുഷ്പഭാരങ്ങളും എന്ന പുസ്തകം ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു. കേരളഭാഷാ ഇന്സ്റ്റിറ്റിയൂട്ടിന്റെ ത്രൈമാസ ബുള്ളറ്റിൻ ആദ്യ കോപ്പി എം.വിജയകുമാർ പള്ളിയറ ശ്രീധരന് നൽകി പ്രകാശനം ചെയ്തു.

വിജ്ഞാന വസന്തം 2018ന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൻ നറുക്കെടുപ്പ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ നിർവഹിച്ചു. എം.വിജയകുമാർ, പള്ളിയറ ശ്രീധരൻ, പ്രമോദ് പയ്യന്നൂർ, ഡോ.കെ.കൃഷ്ണകുമാരി, ശ്രീകല ചിങ്ങോലി, മാർക്കറ്റിങ് മാനേജർ നിതിൻ ചന്ദ്രൻ.സി.എസ് എന്നിവർ സംസാരിച്ചു.