കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം വി.ജെ.ടി ഹാളിൽ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീൽ വിജ്ഞാന വസന്തം ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.

ഡോ.ആർ.രഘുനാഥൻ രചിച്ച മലയാള ഭാഷോൽപ്പത്തി: വിവരണാത്മക സൂചിക, സാഹിത്യപഠന രേഖകൾ, എസ്.രാമചന്ദ്രൻ നായർ രചിച്ച അധിനിവേശ കേരളത്തിലെ ഭൂപരിഷ്‌കരണവും സാമൂഹിക പരിവർത്തനവും എന്നീ പുസ്തകങ്ങൾ യഥാക്രമം ഡോ.എസ്.ശ്രീദേവി, ഡോ.സി.ആർ.പ്രസാദ്, ഡോ.ബി.മിനിദേവി എന്നിവർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. ഡോ.ആർ.രഘുനാഥൻ, ഡോ.എസ്.ശ്രീദേവി, ഡോ.സി.ആർ.പ്രസാദ്, എസ്.രാമചന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ സ്വാഗതവും റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി നന്ദിയും പറഞ്ഞു.

വിജ്ഞാനവസന്തത്തിൽ 20മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. വിവിധ വൈജ്ഞാനിക ശാഖകളിലായി 4400-ൽപ്പരം മികച്ച ഗ്രന്ഥങ്ങളാൽ സമ്പന്നമായ പുസ്തകമേളയിൽ ശബ്ദാവലികൾ, പദകോശങ്ങൾ, വേദോപനിഷതുകൾ, നിഘണ്ടുക്കൾ, ശാസ്ത്രഗ്രന്ഥങ്ങൾ, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, നരവംശശാസ്ത്രം, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിങ്, ഗണിതം, കൃഷി, ആരോഗ്യം, സംഗീതം, ആദ്ധ്യാത്മികം, പാഠപുസ്തകങ്ങൾ, ഉപനിഷത്തുകൾ, ഭാഷ, സാഹിത്യം, കലകൾ, ഫോക്ലോർ, നാടകം, സംഗീതം, സിനിമ, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുർവേദം, പ്രകൃതിചികിത്സ, ഇൻഫർമേഷൻ ടെക്നേളജി, മാനേജ്മെന്റ്, ജേർണലിസം, നിയമം, സ്പോർട്സ്, ഗെയിംസ് എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ ലഭ്യമാണ്. 250 രൂപ നൽകിയാൽ വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. നവംബർ 21ന് സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

ദിവസവും രാവിലെ 10മുതൽ രാത്രി 8.30വരെയാണ് പുസ്തകമേള. നാളെ (ബുധനാഴ്ച) രാവിലെ 11മണിക്ക് സുരേഷ് മുതുകുളം, ഡോ.സി.ടി.ചാക്കോ എന്നിവർ രചിച്ച കേരളത്തിന്റെ ഗോകുലം, പശുവളർത്തൽ വാണിജ്യാടിസ്ഥാനത്തിൽഎ ന്നീ പുസ്തകങ്ങൾ കെ.എൽ.ഡി.ബി എം.ഡി ഡോ.ജോസ് ജെയിംസ് പ്രകാശനം ചെയ്യും. ഡോ.ഡി.ബാബു പോൾ ഐ.എ.എസ് പുസ്തകം സ്വീകരിക്കും.