ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി വി കെ ശശികല. അണ്ണാഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഇപിഎസ് -ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം.

കോവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി.

നേരത്തെ ജയിൽ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലും താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നു വി.കെ.ശശികല പ്രഖ്യാപിച്ചിരുന്നു.

അണ്ണാ ഡിഎംകെ നേതാക്കൾ തന്നെ ഭയപ്പെടുന്നു. ജയ സമാധി സർക്കാർ അടച്ചത് പേടി കാരണമാണ്. തന്റെ നീക്കം കാത്തിരുന്നു കാണൂ എന്നുമായിരുന്നു അന്ന് ശശികല പ്രവർത്തകരോട് പറഞ്ഞത്.

ജയിൽവാസത്തിനും കോവിഡ് ചികിൽസയ്ക്കും ശേഷം ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്കു വൻ സ്വീകരണമാണ് അന്ന് പാർട്ടി പ്രവർത്തകരും അനുഭാവികൾ നൽകിയത്.