ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തിന് പുതിയൊരു വഴിത്തിരിവ് കൂടി. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത് എത്തിയതാണ് ഇതിന് കാരണം. താൻ മകനാണെന്ന വിവരം ലോകത്തിനുമുന്നിൽ വെളിപ്പെടുത്താനിരിക്കെയായിരുന്നു 'അമ്മ'യുടെ മരണമെന്നും ഇയാൾ പറയുന്നു. ഇതാണ് ജയയുടെ മരണത്തിൽ പുതിയ സംശയങ്ങൾക്ക് ഇട നൽകുന്നത്.

തമിഴ്‌നാട്ടിലെ ഈറോഡിൽനിന്നുള്ള കൃഷ്ണമൂർത്തി എന്നയാളാണ്, താൻ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അവകാശികളില്ലാതെ കിടക്കുന്ന ജയലളിതയുടെ സ്വത്തിന്മേലും ഇയാൾ അവകാശവാദം ഉന്നയിച്ചു. ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം ബോധ്യപ്പെടുത്താനാകും. ജയയുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളിലൂടെ ഇത് സ്ഥാപിക്കാനും കഴിയും. അതുകൊണ്ട് തന്നെ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിലും സംഭവിക്കും.

താൻ മകനാണെന്ന വിവരം ലോകത്തിനുമുന്നിൽ വെളിപ്പെടുത്താനിരിക്കെയായിരുന്നു 'അമ്മ'യുടെ മരണമെന്നാണ് കൃഷ്ണകുമാർ അവകാശപ്പെടുന്നത്. 2016 സെപ്റ്റംബർ 14ന് ചെന്നൈ പോയസ് ഗാർഡനിലെത്തി ജയലളിതയെ കണ്ടിരുന്നു. നാലു ദിവസം ഞാൻ അമ്മയോടൊപ്പം താമസിച്ചു. ലോകത്തിനു മുന്നിൽ എന്നെ മകനായി അംഗീകരിക്കാൻ അമ്മ തയാറായിരുന്നു. എന്നാൽ, വിവരമറിഞ്ഞ് തോഴിയായ ശശികല എതിർത്തതോടെ ജയലളിതയും അവരും തമ്മിൽ തർക്കം ഉടലെടുത്തെന്നും കൃഷ്ണമൂർത്തി വെളിപ്പെടുത്തി. ജയലളിതയെ ശശികല പിടിച്ചു തള്ളിയെന്നും ആരോപിക്കുന്നു. ഇതാണ് ജയയുടെ മരണകാരണമെന്ന തരത്തിലാണ് പ്രചരണം എത്തുന്നത്.

ഇതുവരെ ഇക്കാര്യങ്ങൾ തുറന്നുപറയാൻ തനിക്കു ഭയമായിരുന്നുവെന്നും, ഇനി സത്യമെന്തെന്ന് ലോകം അറിയണമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും കൃഷ്ണമൂർത്തി വ്യക്തമാക്കി. തന്നെ ദത്തെടുത്തവർക്കൊപ്പം ജയലളിതയുടെ സുഹൃത്തായ വനിതാമണിയുടെ വസതിയിലാണ് താൻ താമസിക്കുന്നതെന്നും കൃഷ്ണമൂർത്തി അറിയിച്ചു. നിയമപരമായി ജയലളിതയുടെ അനന്തരാവകാശി എന്ന നിലയിൽ, അവരുടെ സ്വത്തുക്കളിന്മേലും തനിക്കാണ് അവകാശമെന്ന് കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി.

ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് അടുത്തിടെ ഒരു യുവതിയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇവരുടെ അവകാശവാദം വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.