ചെന്നൈ: തമിഴകത്തിൽ വീണ്ടുമൊരു രാഷ്ട്രീയ എൻട്രക്ക് കോപ്പുകൂട്ടുന്ന വി കെ ശശികലയെ ഫിനിഷ് ചെയ്തു എം കെ സ്റ്റാലിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. 2017ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി.

നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതിൽപ്പെടുന്നു. അടുത്തിടെ ഒപിഎസുമായി ശശികല അടക്കുന്നു എന്ന സൂചനകൾ പുറത്തുവന്നിരുന്നു. പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മി മരിച്ച വേളയിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ശശികല ആശുപത്രിയിൽ എത്തുകയുണ്ടായി. വിതുമ്പിക്കരയുന്ന പനീർശെൽവത്തിന്റെ കൈകൾ ചേർത്തുപിടിച്ച് ശശികല സമാശ്വസിപ്പിച്ചു. 20 മിനിറ്റോളം പനീർശെൽവത്തിനൊപ്പം ചെലവഴിച്ചശേഷമാണ് അവർ മടങ്ങിയത്. ഇത് ഭാവിയിൽ ഒരു രാഷ്ട്രീയ നീക്കമായി മാറിയേക്കാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

എന്നാൽ, തമിഴക രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുമ്പോൾ തന്നെ ശശികലക്ക് തിരിച്ചടിയാകുകയാണ് ഇൻകംടാക്‌സ് കേസുകൾ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം 2017-ലാണ് പനീർശെൽവത്തിനും ശശികലയ്ക്കുമിടയിൽ രാഷ്ട്രീയവൈരാഗ്യം ശക്തമാകുന്നത്. ജയ മരിച്ചശേഷം മുഖ്യമന്ത്രിപദവിയിലെത്തിയ പനീർശെൽവത്തെ താഴെയിറക്കി പദവി കൈയാളാൻ ശ്രമിക്കുകയായിരുന്നു ശശികല. ഇതിനിടയിൽ അനധികൃത സ്വത്തുസമ്പാദനക്കേസിൽ അവർക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും തുടർന്ന് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു.

ശശികല വഞ്ചിച്ചു എന്നാരോപിച്ച് അന്ന് ജയലളിതയുടെ ശവകുടീരത്തിനുമുന്നിൽ ധ്യാനമിരുന്ന പനീർശെൽവം ശശികലയ്‌ക്കെതിരേ ധർമയുദ്ധം പ്രഖ്യാപിച്ചു. അതോടെ ഇരുവരും രാഷ്ട്രീയത്തിലെ ശത്രുക്കളായി. വിമതനായി നിലകൊണ്ട പനീർശെൽവം പിന്നീട് എ.ഐ.എ.ഡി.എം.കെ.യുമായി ലയനത്തിനു തയ്യാറായപ്പോൾ ആദ്യം മുന്നോട്ടുവെച്ച ഉപാധി ശശികലയെയും അനന്തരവൻ ടി.ടി.വി. ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നായിരുന്നു. പക്ഷേ, ശശികലയും പനീർശെൽവവും തമ്മിൽ മാനസികമായി അടുപ്പമുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു. ജയലളിതയുടെ തോഴിയായിരുന്നു ശശികലയെങ്കിൽ ജയയുടെ ഏറ്റവും വിശ്വസ്തരിൽ ഒരാളായിരുന്നു പനീർശെൽവം. അതുകൊണ്ടുതന്നെ ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വൈകാരികനിമിഷങ്ങൾ രാഷ്ട്രീയപ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.

അതിനിടെ കോടനാട് എസ്റ്റേറ്റിലെ ദുരൂഹ കൊലപാതകങ്ങളിൽ തമിഴന്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണവും വി കെ ശശികലയിൽ എത്തി നിന്നേക്കാം. എസ്റ്റേറ്റ് ജീവനക്കാരൻ കനഗരാജിന്റേതുൾപ്പെടെയുള്ളവരുടെ മരണം ദുരൂഹമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കോടനാട് എസ്റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്റർ ദിനേശ് കുമാറിന്റെ ആത്മഹത്യയും ഒന്നാം പ്രതിയും മലയാളിയുമായ കെ.പി. സയന്റെ ഭാര്യയും മകളും വാഹനാപകടത്തിൽ മരിച്ച സംഭവവും വീണ്ടും അന്വേഷിക്കും. തമിഴ്‌നാട് പൊലീസ് ഇതിനായി കേരളത്തിലെത്തും.

തൃശ്ശൂർ സ്വദേശി സയൻ കോയമ്പത്തൂരിൽ ബേക്കറി ജീവനക്കാരനായിരുന്നു. 2017- ൽ പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിലാണ് സയന്റെ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിച്ചത്. ഒപ്പമുണ്ടായിരുന്ന സയന് പരിക്കേൽക്കുകയും ചെയ്തു. ഭാര്യയുടെയും മകളുടെയും കഴുത്തിൽ ഒരേപോലെ ആഴത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിലാണ് ദുരൂഹത സംശയിക്കുന്നത്. സയനുമായി സൗഹൃദം സ്ഥാപിച്ചാണ് കനഗരാജ് എസ്റ്റേറ്റ് കൊള്ളയടിക്കാൻ പദ്ധതി ഒരുക്കിയത്. മോഷണസംഘത്തെ തയ്യാറാക്കിയത് സയനാണെന്ന് ആദ്യം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇപ്പോൾ കേസന്വേഷിക്കുന്നത് അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങളാണ്. കേസിലെ പത്താം പ്രതിയും മലയാളിയുമായ ജിതിൻ ജോസിന്റെ അമ്മാവൻ ഷാജിയെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കൃഷ്ണമൂർത്തി തിങ്കളാഴ്ച ഊട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട കനഗരാജിന്റെ സഹോദരൻ ധനപാൽ, എസ്റ്റേറ്റ് മാനേജർ നടരാജൻ എന്നിവരിൽനിന്ന് വരുംദിവസങ്ങളിൽ മൊഴിയെടുക്കും.

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അനധികൃത സ്വത്തുസമ്പാദന കേസിൽ ശശികല ജയിലിലായതിനു പിന്നാലെയാണ് 2017 ഏപ്രിൽ 24-ന് കോടനാട് എസ്റ്റേറ്റിൽ കൊലപാതകവും കവർച്ചയും നടക്കുന്നത്. കാവൽക്കാരൻ ഓം ബഹദൂർ ആദ്യം കൊല്ലപ്പെട്ടു. പിന്നീട് കനഗരാജ് വാഹനാപകടത്തിൽ മരിച്ചു. അതിനുശേഷമാണ് സയന്റെ ഭാര്യയും മകളും മരിക്കുന്നത്. ഏതാനും ദിവസത്തിനകം കംപ്യൂട്ടർ ഓപ്പറേറ്റർ ദിനേശ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് കോടനാട് എസ്റ്റേറ്റ് കേസിൽ വീണ്ടും അന്വേഷണം ഊർജിതപ്പെടുത്തിയത്. കേസിൽ പൊലീസിന് പുനരന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ജയലളിതയുടെ തോഴി വി.കെ. ശശികല, മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എടപ്പാടി പളനിസ്വാമി എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.