ചെന്നൈ: പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് വി.കെ. ശശികല. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരൻ കഴിഞ്ഞ ദിവസം പറഞ്ഞ തിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം. എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരോട് യോജിച്ചു നിൽക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ശശികല പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ഡി.എം.കെയ്‌ക്കെതിരെ വിജയിക്കാനും അമ്മയ്ക്ക് (ജയലളിത) വേണ്ടി സർക്കാർ സ്ഥാപിക്കാനും ശശികല ആഹ്വാനം ചെയ്യുന്നുണ്ട്. ‘എനിക്ക് ഒരിക്കലും ഒരു പദവിയോ അധികാരമോ ആവശ്യമില്ല. തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എപ്പോഴും നന്ദിയുള്ളവളാണ്. ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, ഒരു നല്ല ഭരണം സ്ഥാപിക്കണമെന്ന് ഞാൻ എന്റെ സഹോദരിയോടും (അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോടും) ദൈവത്തോടും പ്രാർത്ഥിക്കുന്നു അമ്മയുടെ യഥാർത്ഥ അനുയായികൾ ‘ദുഷ്ട' ഡി.എം.കെയെതിരെ പോരാടാനും അമ്മയുടെ സർക്കാർ സ്ഥാപിക്കാനും ശ്രമിക്കണം, ‘ ശശികല പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയിൽമോചിതയായത്.അണ്ണാഡിഎംകെയിൽ നിന്ന് ശശികലയെ ജയിൽവാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്റെ നേതൃത്വത്തിൽ അമ്മ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാർത്ഥിയായി ആർ കെ നഗറിൽ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർ കെ നഗർ സീറ്റിൽ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോൽപ്പിച്ച് ദിനകരൻ എംഎൽഎയായി.

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.

ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയർത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയിൽ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോൾ ശശികല പുറത്തായി. 2017 സെപ്റ്റംബറിൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറൽ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാർട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാൽ, ജനറൽ കൗൺസിൽ യോഗം വിളിക്കേണ്ടതു ജനറൽ സെക്രട്ടറിയാണെന്നും താൻ അറിയാതെ വിളിച്ച ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു.