ആഗ്ര: ഇവിടെ നടന്നു വരുന്ന എസ് എസിന്റെ ത്രിദിന ക്യാമ്പിൽ ഇന്നലെ ക്ലാസെടുക്കാൻ വൈകിയെത്തിയ മുൻ സേനാ മേധാവി വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന് ആർഎസ്എസ് നേതൃത്വം അവസരം നൽകാതെ വെറും കാഴ്ചക്കാരനാക്കി മടക്കി അയച്ചു. യുവ സങ്കൽപ് ശിബിരിൽ സുരക്ഷ, പ്രതിരോധ നയം സംബന്ധിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കാനാണ് ജനറൽ വികെ സിംഗിനെ ക്ഷണിച്ചിരുന്നത്. പതിനൊന്ന് മണിക്ക് എത്തേണ്ടിയിരുന്ന അദ്ദേഹത്തിനു പക്ഷേ സമയത്തിന് സ്ഥലത്തെത്താനായില്ല. വൈകി എത്തിയ സിംഗിനെ മറ്റു പ്രതിനിധികൾക്കു പിന്നിലായി ഇരുത്തുകയായിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതും കൂട്ടത്തിലുണ്ടായിരുന്നു.

'11 മണിക്കു മുമ്പായാണ് സിങ് എത്തേണ്ടിയിരുന്നത്. പക്ഷേ 12.40-നാണ് അദ്ദേഹം എത്തിയത്. ആർഎസ്എസ് നയമനുസരിച്ച് ആർക്കു വേണ്ടിയും ഞങ്ങളുടെ പരിപാടിയുടെ ഷെഡ്യുൾ മാറ്റാറില്ല. അദ്ദേഹം വൈകി എത്തി. അതുകൊണ്ട് പ്രസംഗിക്കാൻ അനുവദിച്ചില്ല,' ആർഎസ്എസ് മാദ്ധ്യമ വിഭാഗം ചുമതലയുള്ള വിരേന്ദ്ര വർഷനേയ പറഞ്ഞു. മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാൻ നാം ആദ്യ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും ചട്ടങ്ങൾ എല്ലാവർക്കും ഒരു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം ലഭിക്കാത്തതിനെ തുടർന്ന് 40 മിനിറ്റുകൾക്കു ശേഷം സിങ് വേദി വിട്ടു പോകുകയും ചെയ്തു. പരിപാടി സ്ഥലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കാനും സിങ് വിസമ്മതിച്ചെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു. സമയമില്ലെന്ന് പറഞ്ഞായിരുന്നു ഇത്.

പരിപാടിക്കെത്തിയ സിംഗിനെ ഭഗവത് തന്റെ താൽക്കാലിക വീട്ടിൽ സ്വീകരിച്ചുവെന്ന് ആർഎസ്എസ് പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 500 വിദ്യാർത്ഥികളാണ് ആർഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഒളിമ്പ്യൻ രാജ്യവർധന സിങ് റാത്തോഡ്, സൂപ്പർ 30 താരം അനന്ദ് കുമാർ തുടങ്ങിയവരും ക്യാമ്പിൽ സംസാരിച്ചു. ആഗ്രയിലേയും ഫതേഹ്പൂരിലെയും ബിജെപി എംപിമാരും ക്യാമ്പിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.