തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ നാശത്തിലേക്ക് പോകുന്നുവെന്ന് വികെസി മമ്മദ്കോയ എംഎൽഎ. 500, 1000 എന്നീ നോട്ടുകൾ പിൻവലിച്ചതിലൂടെ കള്ളപ്പണം തിരികെ കൊണ്ട വരാനാകും എന്ന് വിശ്വസിച്ചവർപ്പോലും ഇപ്പോൾ വിപരീതഫലങ്ങൾ അനുഭവിച്ചുതുടങ്ങിയതായും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

രാജ്യത്തെ ചെറുകിട വ്യവസായങ്ങൾക്ക് വലിയതിരിച്ചടിയാണ് ഉണ്ടായത്. അവശ്യ വസ്തുക്കളായ അരി, മുളക്, മീൻ തുടങ്ങിയവ മാത്രമാണ് ഇപ്പോൽ ജനം സ്ഥിരമായി വാങ്ങുന്നത്. കയ്യിൽ പണം കിട്ടിയാൽപ്പോലും സാധനങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ല. നാളെ ഇനി എന്തെങ്കിലും അത്യാവശ്യം വന്നാൽ പണം കയ്യിലില്ലെങ്കിലോ എന്ന ഭയമാണ് ജനങ്ങളിലുള്ളത്.

വിൽപ്പന കുറഞ്ഞ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഓൺലൈൻ ഷോപ്പിങ്ങ് പോലെയുള്ളവ വശമില്ലാത്ത സാധാരണക്കാരാണ് ചെറുകിട സ്ഥാപനങ്ങളെ കൂടുതലായും ആശ്രയിച്ചിരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇത് തന്നെയാണ്. ചെറുകിട വ്യവസായങ്ങളിൽ നിന്നും വിൽപ്പനയ്ക്കായി സാധനങ്ങൾ വാങ്ങിയിരുന്നവർ ഇപ്പോൾ സാധനങ്ങൾ വാങ്ങാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കാരണം ചെറുകിട വ്യവസായ കേന്ദ്രങ്ങളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്.

സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം കൂടി ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.ചെറുകിട വ്യവസായി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചയാളാണ് വികെസി മമ്മദ് കോയ. ചെറുകിട വ്യവസായികൾക്കൊപ്പം തന്നെ അവരിൽ നിന്നും സാധനങ്ങൾ മൊത്തവിലയ്ക്ക് വാങ്ങിയ ശേഷം കച്ചവടം നടത്തുന്നവരേയും പ്രതിസന്ധി ബാധിച്ചിരിക്കുന്നു.

നഗരങ്ങളിൽ ചെറുകിട വ്യവസായികളിൽ നിന്നും സാധനങ്ങൾ മൊത്തവിലയ്ക്ക് വാങ്ങി വാടക കെട്ടിടത്തിലാണ് പലവും കച്ചവടം നടത്തുന്നത്. 1000 രൂപ മുതൽ 2000 രൂപ വരെ ദിവസ വാടക നൽകി കച്ചവടം നടത്തുന്നവർക്ക് കൃത്യമായി വ്യാപാരം നടത്താൻ സാധിക്കാത്തതിനാൽ വാടക പോലും നൽകാൻ കഴിയാതെ വരുന്നു. കൃത്യമായി വാടക കിട്ടാത്തതിനാൽ പലരോടും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ നിന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടതായും ശ്രദ്ധയിൽപെട്ടതായും അദ്ദേഹം പറയുന്നു.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഒരുകാലത്ത് ആളുകൾ ക്യൂ നിന്നുപോലും ഭക്ഷണം കഴിച്ചിരുന്ന ഇന്ത്യൻ കോഫീ ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾപോലും ഇന്ന് പ്രതിസന്ധിയിലാണ്.ദീർഘകാലത്തെ നിരവധി കടമ്പകൾ കടന്നാണ് ഒരു സംരംഭകൻ സ്ഥലം ഈടുനൽകി വായ്പയെടുത്ത് പണം മുടക്കി വ്യവസായം തുടങ്ങുന്നതും അത് മുടങ്ങാതെ നോക്കികൊണ്ട് പോകുന്നതും. സംസ്ഥാനത്തെയും അന്യസംസ്ഥാനങ്ങളിലെയും നിരവധി പേർക്ക് ഈ രംഗത്ത് ജോലിയും നൽകുന്നുണ്ട്.

വിവിധ ഇനങ്ങളിലായി സംസ്ഥാന സർക്കാരിന് ലക്ഷക്കണക്കിന് രൂപ നികുതിയായും ചെറുകിട വ്യവസായികൾ നൽകുന്നുണ്ട്. ഈ മേഖലയുടെ നിലനിൽപ്പിനും സംരക്ഷണത്തിനും പുതിയ നിയമങ്ങളും ഭൗതിക സാഹചര്യങ്ങളും അത്യന്താപേക്ഷിതമാണെന്നിരിക്കെ നോട്ട് പ്രതിസന്ധികൂടി രൂക്,മായതോട് പുതിയ സംരബകരെ പോലും കിട്ടാത്ത അവസ്തയാണ് ഇപ്പോൾ നിലനിൽക്കുന്നതും.