മോസ്‌കോ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായി പുതിയ ആണുവായുധം വികസിപ്പിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ തന്നെയാണ് തെളിവുകൾ സഹിതമുള്ള വെളിപ്പെടുത്തൽ നടത്തിയത്. ലോകത്തെവിടെയും നാശം വിതക്കാൻ ശേഷിയുള്ള അണുവായുധങ്ങൾ തന്റെ വശമുണ്ടെന്നായിരുന്നു പുടിന്റെ വെളിപ്പെടുത്തൽ. കരയിലൂടെയും കടലിലൂടെയും ആകാശത്ത് കൂടെയും ഒരേപോലെ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പറക്കാൻ ശേഷിയുള്ള ആണുവായുധമാണ് ഇത്. ഒപ്പം മനുഷ്യരാശിക്ക് തന്നെ ഈ ആയുധം ഭീഷണിയാകുന്ന ആയുധമാണ് റഷ്യ വികസിപപ്ിച്ചിരിക്കുന്നത്.

ഒരു സാങ്കല്പിക വീഡിയോക്ക് ഒപ്പമാണ് പുതിയ ആയുധം റഷ്യ പരിചയപ്പെടുത്തിയത്. അമേരിക്കയുടെ ചുറ്റും ആയുധങ്ങളുമായി പറക്കുന്ന മിസൈലിനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഭൂമിയിൽ എവിടേക്കും തടസങ്ങളില്ലാതെ തൊടുക്കാൻ കഴിയുന്നതാണ് പുതിയ മിസൈലുകൾ എന്ന് പുടിൻ അവകാശപ്പെട്ടു. മോസ്‌കോ സഖ്യത്തിലുള്ള ഏത് രാജ്യത്തിന് നേരെയുള്ള ആക്രമണവും റഷ്യക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അത്തരം പ്രകോപനങ്ങൾക്ക് ഉടൻ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാർമത് ബാലിസ്റ്റിക് മിസൈലുകളുടെ പുതിയ പതിപ്പും അവതരിപ്പിക്കപ്പെട്ടു. 15 പോർമുനകളുമായി 6800 മൈൽ സഞ്ചരിക്കാൻ കഴിയുന്നതാണ് പുതിയ മിസൈലുകൾ. ഒരു ലേസർ ആയുധത്തിന്റെ പരീക്ഷണവും വിജയകരമാണെന്ന് പുടിൻ അവകാശപ്പെട്ടു. റഷ്യയുടെ സൈനികശക്തിയിൽ നിർണായകമാകുന്നവയാണ് ആണവ പോർമുനകൾ വഹിക്കാൻ കഴിയുന്ന പുതിയ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെന്ന് പുടിൻ രാജ്യത്തെ അറിയിച്ചു. നിലവിലെ മിസൈൽവേധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കരുത്ത് ഇവയ്ക്കുണ്ടാകുമെന്ന് പുടിൻ പറഞ്ഞു.

പുതിയ ആയുധങ്ങൾ ലോകത്തിന്റെ നാശത്തിന് വേണ്ടിയല്ലെന്നും ലോകത്ത് സമാധാനം നിലനിർത്തുവാൻ ഇത് ഉതകുമെന്നും പുടിൻ പറഞ്ഞു. പുതിയ ആയുധങ്ങളുടെ വീഡിയോ ദൃശ്യങ്ങളും റഷ്യൻ പ്രസിഡന്റ് പുറത്തുവിട്ടു. 15 വർഷമായി ആയുധമത്സരത്തിന് പ്രേരിപ്പിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കുമുള്ള മറുപടിയെന്നാണ് പുടിൻ പുതിയ മിസൈലുകളെ വിശേഷിപ്പിച്ചത്. 1972ലെ മിസൈൽ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും നാശം വിതക്കാൻ ശേഷിയുള്ള അണുവായുധങ്ങൾ തന്റെ വശമുണ്ടെന്നും ഇവ ചെറുക്കാൻ ഒരു സംവിധാനവും വികസിപ്പിക്കാൻ ഒരു ശക്തിക്കും ആയിട്ടില്ലെന്നും മോസ്‌കോയിൽ നടത്തിയ പ്രഭാഷണത്തിൽ പുടിൻ പറഞ്ഞു. റഷ്യ ഇതിനിടെ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന ആയുധങ്ങളുടെ അപൂർവ ശേഖരത്തിന്റെ വിഡിയോകൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചായിരുന്നു പുടിന്റെ പ്രഭാഷണം.

പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈലുകളുടെ അറ്റത്ത് ഘടിപ്പിക്കാവുന്ന ചെറിയ അണുവായുധം, ജലാന്തര ആണവ ഡ്രോണുകൾ, സൂപ്പർസോണിക്, ലേസർ ആയുധങ്ങൾ എന്നിവയാണ് ലോകത്തെ വെല്ലുവിളിച്ച് റഷ്യ വികസിപ്പിച്ചെടുത്തത്. ഇത്രയും ആയുധങ്ങൾ ലോകത്തെ ഏതു ശക്തിയെയും നിലക്കുനിർത്താൻ ശേഷിയുള്ളതാണ്. റഷ്യൻ അതിർത്തിയിൽ നാറ്റോ സംവിധാനം ഉപയോഗിച്ച് മിസൈൽ പ്രതിരോധം ഒരുക്കുന്നത് ഇനി ഫലിക്കില്ലെന്നും പുടിൻ പറഞ്ഞു.

ആണവായുധ വിഷയത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന ഭീഷണി ഒഴിവാക്കാൻ യു.എസുമായി ചർച്ചക്ക് റഷ്യ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് നേർവിപരീതമായാണ് പുതിയനീക്കം. റഷ്യക്കെതിരെയോ സഖ്യകക്ഷി രാഷ്ട്രങ്ങൾക്കെതിരെയോ ആണവായുധ ആക്രമണമുണ്ടായാൽ യുദ്ധപ്രഖ്യാപനമായിക്കണ്ട് അണുവായുധംകൊണ്ട് തിരിച്ചടിക്കുമെന്ന് റഷ്യൻ പാർലമന്റെ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും സാക്ഷിനിർത്തി പുടിൻ പറഞ്ഞു.