തിരുവനന്തപുരം : മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന് അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മോൻസനുമായി പൊലീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. കേരള പൊലീസിലെ ഉന്നതരായ ആളുകൾക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. സത്യംപുറത്തു വരാൻ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോൻസനെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതിൽ സത്യം പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു, ഇന്റലിജൻസ് വിഭാഗം എന്തിനെന്നും സുധീരൻ ചോദിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവർ കുറ്റക്കാരാവുന്നില്ല. കെ സുധാകരൻ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയം രാഷ്ട്രീയ വിവാദമാക്കരുതെന്നും സുധാകരനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധീരൻ പ്രതികരിച്ചു.

സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാൻ ഇനി താനില്ല. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ഇനിയും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ കോൺഗ്രസുകാരനായി തുടരുക. കോൺഗ്രസായി പ്രവർത്തിക്കുക, മരിക്കുക അതാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസിലെ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. താൻ ഉന്നയിച്ച വിഷയങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരൻ പറഞ്ഞു.