കോഴിക്കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇനി ആരെത്തുമെന്നതിനെ കുറിച്ചുള്ള ചർച്ച കോൺഗ്രസിൽ സജീവമാകുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതിലേക്കു വി എം.സുധീരനെ നയിച്ച വീഴ്ച കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ടായിരുന്നു. നഗരത്തിൽനിന്നു മാറി അണ്ടിക്കോട്ടുള്ള മയാമി കൺവൻഷൻ സെന്ററിലെ കോൺഗ്രസ് കുടുംബ സംഗമ പരിപാടിക്കിടെ താഴെ വീണ സുധീരൻ ഒരു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് നഗരത്തിൽനിന്നു മടങ്ങിയത്. അപ്പോഴും രാജിയിൽ ഒരു സൂചനയും സുധീരൻ നൽകിയിരുന്നില്ല.

എന്നാൽ തിരുവനന്തപുരത്ത് എത്തിയ ഡോക്ടർമാരും വാരിയെല്ലിലെ ക്ഷതത്തിൽ വിശ്രമവും ചികിൽസയും വേണമെന്ന് വിലയിരുത്തി. ഇതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. യാത്രകൾ ചെയ്യാൻ കഴിയാത്തതാണ് ഇതിന് കാരണം. ആരോഗ്യം വീണ്ടെടുത്താൽ സുധീരൻ വീണ്ടും പോതുരംഗത്ത് സജീവമാകും. എന്നാൽ ഇനി കെപിസിസി അധ്യക്ഷനാകാനില്ലെന്ന് സുധീരൻ തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ എ കെ ആന്റണിയേയും അറിയിച്ച ശേഷമാണ് സുധീരൻ രാജിവയ്ക്കുന്നത്.

കോഴിക്കോട്ടെ സംഗമത്തിൽ പങ്കെടുക്കാൻ ഭാര്യ ലതയുമായാണ് സുധീരൻ എത്തിയത്. ഇത് പതിവില്ലാത്തതായിരുന്നു. കോൺഗ്രസ് കുടുംബത്തിന്റെ പരിപാടിയെന്ന നിലയിലായിരുന്നു ഭാര്യയുമായി ചടങ്ങിനെത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷം കലാപരിപാടികൾ നടക്കുന്നതിനിടെ സുധീരൻ ഹാൾ വിട്ടിറങ്ങാൻ എഴുന്നേറ്റു. വേദിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കുന്ന സമയമായിരുന്നതിനാൽ വെളിച്ചം കുറവായിരുന്നു. പ്രവർത്തകരെ അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടെ സൗണ്ട് സിസ്റ്റത്തിന്റെ കേബിളിൽ കാൽകുരുങ്ങി, നെഞ്ചടിച്ചു നിലത്തു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ കുഴപ്പമില്ലെന്നായിരുന്നു സുധീരന്റെ മറുപടി. ആശുപത്രിയിൽ പോകാനും ആദ്യം മടിച്ചു. പിന്നീടാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധീരന്റെ എക്‌സ്‌റേയും ഇസിജിയും എടുത്തു. എംആർഐ സ്‌കാനിങ്ങിനും വിധേയനാക്കി. വാരിയെല്ലിൽ സാരമായ ക്ഷതമേറ്റെന്നാണു ഡോക്ടർമാർ പറയുന്നത്. സാധാരണ ഗതിയിൽ രണ്ടാഴ്ചത്തെ വിശ്രമമാണ് ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ, രണ്ടു തവണ ഹൃദയശസ്ത്രക്രിയയും ഒരു തവണ ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞ സുധീരനു ക്ഷതം സുഖപ്പെടാൻ സമയം എടുക്കുമെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഒരു മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.

ഈ സമയമത്രയും വേദനയും സഹിക്കേണ്ടി വരും. ചികിൽസയിൽ കാര്യമായി മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു തിങ്കളാഴ്ച രാത്രി സുധീരൻ ആശുപത്രി വിട്ടു. രാത്രി വിമാനത്തിൽ തന്നെ തിരുവനന്തപുരത്തേക്കു മടങ്ങി.