- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതറിഞ്ഞ് കഴിഞ്ഞദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് യുഡിഎഫ് യോഗത്തിൽ പറഞ്ഞത് വികാരാധീനനായി; മാണി വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത് കാണാൻ നിൽക്കാതെ ഉന്നതാധികാര സമിതിയിൽ നിന്നും പടിയിറക്കവും; രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയാൽ സാമൂഹികഘടനയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്; കോൺഗ്രസിലും യുഡിഎഫിലും അന്ന് തീർത്തും ഒറ്റപ്പെട്ടെങ്കിലും ഞാനാണ് ശരിയെന്ന് കാലം തെളിയിച്ചെന്ന് വി എം സുധീരൻ
കേരള കോൺഗ്രസിനെ ചൊല്ലി കോൺഗ്രസിലും തർക്കം മുറുകുന്നു. ജോസ് കെ മാണിക്ക് രാജ്യ സഭാ സീറ്റ് നൽകാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിനെ അന്ന് എതിർത്ത വി എം സുധീരൻ തന്റെ അന്നത്തെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു എന്ന അവകാശ വാദവുമായി രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലും തർക്കം രൂക്ഷമാകുന്നത്. പാർട്ടി താത്പര്യം ബലികഴിച്ച് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകരുതെന്ന് വി എം സുധീരൻ അന്ന് നിലപാടെടുത്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹം യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വി എം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് കോൺഗ്രസിലും പഴയ തർക്കങ്ങൾ മറനീക്കി പുറത്ത് വന്നത്.
2018ൽ, യു.ഡി.എഫിന് ഉറപ്പുള്ള ഏക രാജ്യസഭാ സീറ്റാണ് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേരള കോൺഗ്രസിന് വിട്ടുകൊടുത്തത്. ഇതിനെതിരേ കോൺഗ്രസിൽ പോര് മുറുകുന്നതിനിടെയാണ് ഒന്നര വർഷത്തിനുശേഷം മാണിയുടെയും കൂട്ടരുടെയും യു.ഡി.എഫിലേക്കുള്ള മടക്കവും സാധ്യമായത്. വി എം. സുധീരന്റെ ഇറങ്ങിപ്പോക്കിനെത്തുടർന്ന് പ്രക്ഷുബ്ധമായ യു.ഡി.എഫ്. നേതൃയോഗത്തിനൊടുവിലാണ് കേരള കോൺഗ്രസ് വീണ്ടും ഔദ്യോഗികമായി യു.ഡി.എഫിന്റെ ഭാഗമായത്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലായിരുന്നു അന്ന് യു.ഡി.എഫ്. യോഗം ചേർന്നത്. നേതൃയോഗമായതിനാൽ സുധീരനെ ആദ്യം ക്ഷണിച്ചിരുന്നില്ല. അത് പരാതിക്കിടയാക്കിയതോടെയാണ് അദ്ദേഹത്തെക്കൂടി ക്ഷണിച്ചത്. സീറ്റ് വിട്ടുകൊടുത്തതിനെ, ഡൽഹി ചർച്ചയിൽ പങ്കെടുത്ത എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു. ഈ ധാരണ ഉൾക്കൊള്ളാനാകാതെയാണ് സുധീരൻ അന്ന് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. കെ.എം. മാണി വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇറങ്ങിപ്പോക്ക്. സുധീരനും കെപിസിസി. അധ്യക്ഷൻ എം.എം. ഹസനും തമ്മിൽ യോഗത്തിൽ മുഷിഞ്ഞ് സംസാരിക്കുകയും ചെയ്തു. മറ്റ് ഘടകകക്ഷികളെല്ലാം രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെ അനുകൂലിച്ചു.
സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതറിഞ്ഞ് കഴിഞ്ഞദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് സുധീരൻ പറഞ്ഞത്. കോൺഗ്രസിനെ ദുർബലപ്പെടുത്തി എങ്ങനെ മുന്നണി ശക്തമാക്കും. ഈ തീരുമാനം സാമൂഹികഘടനയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സുധീരൻ തന്റെ വാദങ്ങൾ നിരത്തുന്നതിനിടെ ഹസൻ ഇടപെട്ടു. കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ നമ്മുടെ പാർട്ടിവേദിയിലാണ് പറയേണ്ടതെന്നും മുന്നണി നേതൃയോഗത്തിൽ പാർട്ടിയുടേതായി രണ്ടുശബ്ദം വരുന്നത് ശരിയല്ലെന്നും ഹസൻ പറഞ്ഞു. സുധീരൻ സംസാരം തുടർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേർദിശയിൽ ചിന്തിക്കുന്നയാളാണെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനത്തിന് അംഗീകാരം നേടിയെടുത്തതെന്നും സുധീരൻ പറഞ്ഞു. ഇത് ഹസനെ പ്രകോപിപ്പിച്ചു. അങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ വ്യക്തിത്വമല്ല രാഹുലെന്ന് ഹസൻ പറഞ്ഞു.
നോമ്പായതിനാലും ഈ തീരുമാനം എടുക്കേണ്ടി വന്നതിനാലും തനിക്കും കഴിഞ്ഞദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഹസൻ തിരിച്ചടിച്ചു. മാണിയെ യോഗത്തിലേക്ക് ക്ഷണിക്കുന്ന ഘട്ടമായി. എം. എൽ.എ. ഹോസ്റ്റലിൽനിന്ന് അവർ വരുമ്പോഴേക്കും സുധീരൻ താൻ യോഗത്തിൽനിന്ന് പ്രതിഷേധസൂചകമായി വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ചു. യോഗത്തിനുവന്ന സ്ഥിതിക്ക് ഇറങ്ങിപ്പോകുന്നത് മര്യാദയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനത്തിന് മാറ്റമില്ലാത്തതിനാൽ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ മുറിയിലേക്ക് പോയി. മാണി അകത്തേക്കുപോയപ്പോൾ സുധീരൻ പുറത്തേക്കിറങ്ങി മാധ്യമങ്ങളെ കാണുകയായിരുന്നു.
അന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞത്..
സ്വന്തം രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ചതോടെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടു, ഇതിന്റെ ഗുണഭോക്താവായിരിക്കുന്നത് ബിജെപിയാണെന്നും യുഡിഎഫ് യോഗത്തിൽ നിന്നും ഇറങ്ങി വന്ന സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. മാണി മുന്നണിയിലേക്ക് വരുന്നതിന് തനിക്ക് എതിർപ്പില്ല. എന്നാൽ അതിന് ഉപയോഗിച്ച രീതി കോൺഗ്രസിനെ വലിയ നാശത്തിലേക്കാണ് നയിക്കുന്നതെന്നും സുധീരൻ പറഞ്ഞു. വിനാശകരമായ തീരുമാനമാണിത്, കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടു. ഇതുപോലൊരു പ്രതിഷേധമുണ്ടാക്കുന്ന സംഭവം കോൺഗ്രസിൽ ഇതുവരെയുണ്ടായിട്ടില്ല. എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമായിരുന്നു ഐക്യമുന്നണിയുടെ വിജയം. ഇപ്പോഴത്തെ ശൈലി ഒട്ടും സുതാര്യമല്ല. കോൺഗ്രസ് നശത്തിലേക്ക് പോവുകയായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
രാഷ്ട്രീയപരമായ തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയകാര്യ സമിതിപോലൊരു സംവിധാനം പാർട്ടിക്കുണ്ട്. അതിൽ മാണിയെ തിരിച്ച് കൊണ്ട് വരണമെന്ന് ചർച്ച വന്നിരുന്നു. എന്നാൽ ഇപ്പോഴെടുത്ത രീതി ഒരു തരത്തിലും ചർച്ചയായിട്ടില്ല. അതിഗുരുതരമായ അവസ്ഥയാണ് പാർട്ടിക്കുണ്ടായിട്ടുള്ളത്. ഇത് എങ്ങനെ പരിഹരിക്കുമെന്നും സുധീരൻ ചോദിച്ചു. പ്രവർത്തകരും ജനങ്ങളും ചർച്ചയാവുന്ന വിഷയമായതുകൊണ്ടാണ് പരസ്യമായി പറയുന്നത്. എന്ത് ഉദ്ദേശ്യം വച്ചായിരുന്നോ ഇങ്ങനെയൊരു തീരുമാനമെടുത്തത് അതിന് നേരെ വിപരീതമായതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പഴയ കഥകൾ എല്ലാം ഓർമ്മപ്പെടുത്തുന്നതാണ് ഇപ്പോൾ സുധീരൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്. ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തുടർന്നാണ് പ്രതികരണവുമായി വി എം സുധീരൻ രംഗത്തെത്തിയിരിക്കുന്നത്. ജോസ് വിഭാഗത്തിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എന്നാൽ യു ഡി എഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് സുധീരന്റെ പ്രതികരണം.
വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്. കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. എന്റെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.
മറുനാടന് ഡെസ്ക്