തിരുവനന്തപുരം: സഹകരണ സമരത്തിൽ ഇടതുപക്ഷവുമായി കൈകോർക്കാൻ കോൺഗ്രസിനെ കിട്ടില്ല. ബിജെപി ശൈലി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത് വന്നുബിജെപിയെ എതിർക്കാൻ അവരുടെ ശൈലി ഉപേക്ഷിച്ചിട്ട് വേണം സമരം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ സമരത്തിൽ സംയുക്ത സമരമില്ല. സമാന സമരമെന്നാൽ സംയുക്ത സമരമല്ല. ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാൻ സിപിഐ(എം) ശ്രമിക്കുന്നു. ഭരണത്തിൽ ബിജെപി ശൈലി വച്ചുപുലർത്തി സ്വാധീനമില്ലാത്ത ജില്ലാ ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോൾ അവരുമായി സംയുക്ത സമരത്തിനില്ലെന്നും സുധീരൻ പറഞ്ഞു.

യോജിച്ച സമരമെന്ന ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടാണ് സുധീരൻ തള്ളുന്നത്. സഹകരണ മേഖലയിൽ കള്ളപ്പണമുണ്ടെന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം ധനകാര്യ മന്ത്രിക്ക് പരാതി നൽകിയതും വേറിട്ട് സമരം നടത്താൻ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സുധീരൻ നിലപാട് വിശദീകരിച്ചത്.

സഹകരണ മേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡൽഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരൻ കൂട്ടിച്ചേർത്തു. മാത്രമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഡൽഹിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ സമരവുമായി ബന്ധപ്പെട്ട് യോജിച്ചുള്ള സമരമെന്നാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സൂചിപ്പിച്ചത്.

എന്നാൽ സംയുക്ത സമരത്തിനേക്കുറിച്ച് പാർട്ടിയിൽ ചർച്ച നടത്തിയിട്ടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പിന്നീട് പറഞ്ഞത്. വി എം സുധീരൻ അടക്കമുള്ള നേതാക്കളാണ് സമരം യുഡിഎഫ് മുന്നണിയായോ പാർട്ടി ഒറ്റയ്‌ക്കോ നടത്തിയാൽ മതി എന്ന നിലപാടെടുത്തത്.