- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വുമൺ ഓഫ് ദ ഇയർ 2020 എന്ന ക്യാപ്ഷനോടെ വോഗ് ഇന്ത്യയുടെ കവർ പേജിൽ ശൈലജ ടീച്ചർ; ഭയത്തേക്കാളധികം ഈ പ്രതിസന്ധിയിൽ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു എന്ന് അഭിമുഖത്തിലെ വെളിപ്പെടുത്തലും; ശെെലജ ടീച്ചറുടെ ചിത്രം ഫേയ്സ് ബുക്കിൽ പ്രൊഫൈൽ പിക്ച്ചറാക്കി ഫഹദ് ഫാസിലും
വോഗ് ഇന്ത്യയുടെ വിമൻ ഓഫ് ദി ഇയർ സീരീസിൽ ഇടംനേടി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ. അധികാരത്തിലിരിക്കുന്ന സ്ത്രീകളിൽ ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്ന സംഘത്തിൽ ഒരാളാണ് ശൈലജ ടീച്ചറെന്ന് വോഗ് ഇന്ത്യ കവർ സ്റ്റോറിയിൽ പരാമർശിക്കുന്നു. നിപാ വൈറസിനെയും കോവിഡ് മഹാമാരിയെയും മികച്ച രീതിയിൽ കൈകാര്യം ചെയ്ത ശൈലജ ടീച്ചറുടെ നേതൃപാടവമാണ് വോഗ് ഇന്ത്യയും പ്രശംസിക്കുന്നത്.
ലീഡർ ഓഫ് ദി ഇയർ എന്ന വിഭാഗത്തിലാണ് കെ.കെ. ശൈലജ ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനമാണ് വിജയിയെ പ്രഖ്യാപിക്കുക. മാഗസിന്റെ നവംബർ ലക്കത്തിൽ കെ.കെ.ശൈലജയാണ് ഒരു കവർ ചിത്രവും. ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അഭിമുഖവും വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ചു. കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നിൽ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഭിമുഖം. ‘ ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയിൽ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,' കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.
അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ കവർ പേജിൽ വുമൺ ഓഫ് ദ ഇയർ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത്. വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ എഡിഷനിലാണ് ശെെലജ ടീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെ ശെെലജ ടീച്ചറുടെ ചിത്രം ഫഹദ് ഫാസിൽ തന്റെ ഫേയ്സ്ബുക് പ്രൊഫൈലാക്കിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ.
മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇത്ര സജീവമല്ല ഫഹദ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമാണ് ഫഹദ് തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകളോ, വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളോ പരസ്യമായി പ്രകടിപ്പിക്കാത്തതിനാൽ ഫഹദിന്റെ പ്രൊഫെെൽ ചിത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകർ.
നേരത്തെ കോവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കെ.കെ ശൈലജ ഇടം നേടിയിരുന്നു. തൊട്ടുപിന്നിലായിരുന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡേന്റെ സ്ഥാനം. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്പെക്ടസ് മാഗസീൻ പട്ടികയിൽ കെ.ക ശൈലജ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നത്. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോസ്പെക്ട് മാഗസിൻ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങൾ ഉൾപ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉൾപ്പെടുത്തിയത്. നിപ്പാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്