ലണ്ടൻ: ഉപഭോക്താക്കളുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഇന്ന് ബാങ്കുകളിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാം നല്ലതു തന്നെ. പക്ഷേ അവ പഴുതുകളില്ലാത്തതാണെന്ന് പറയാനാവില്ല. നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പാസ്‌വേർഡ് ഉപയോഗിച്ച് ആർക്കും വേണമെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചു പണമിടപാണ് നടത്താം. ഇതിനും ഒരു പരിഹാരം വരുന്നു. ഒരാളുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടത്തുക എന്നത് അനായാസമാവില്ല. കൂടുതൽ ബാങ്കുകൾ ഈ സാങ്കേതിക വിദ്യയെക്കുറിച്ച ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ. വോയ്‌സ് ബയോമെട്രിക് എന്നറിയപ്പെടുന്ന സാങ്കേതി വിദ്യ ഉപയോഗിച്ച് ഫോണിലൂടെ നിങ്ങൾക്കു മാത്രമെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകൂ. ഇത് താമസിയാതെ പൊതു ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വ്യവസായ സ്ഥാപനങ്ങളും സർക്കാരുകളും ഈ സാങ്കേതിക വിദ്യയിലേക്ക് കൂടുതലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസിനു വേണ്ടി റാഫേൽ സാറ്റർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നികുതി പിരിവിനും പെൻഷൻ അടവിനും ക്രിമിനലുകളെ ട്രാക് ചെയ്യുന്നതിനും പലരും ഇതുപയോഗിക്കുന്നുണ്ട്. പക്ഷേ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദമായി ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല. ഇപ്പോൾ രഹസ്യമായാണ് പരീക്ഷണങ്ങൽ നടന്നു വരുന്നത്. ഒരാളുടെ സംസാരത്തിന്റെ സവിശേഷതകൾ പിടിച്ചെടുക്കുകയാണ് വോയ്‌സ് പ്രിന്റ് സാങ്കേതിക വിദ്യ ചെയ്യുന്നത്. ഈ ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയർ സെർവറിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ശബ്ദത്തിന്റെ സവിശേഷതകളുമായി താരതമ്യപ്പെടുത്തു തിരിച്ചറിയുകയാണ് ചെയ്യുക. രണ്ടു തവണ നാം നൽകുന്ന ശബ്ദം സമാനമായാൽ സിസ്റ്റം ഒ കെ പറയും.

'ഈ സാങ്കേതിക വിദ്യ ഇന്ന് ഇന്റലിജൻസ് രംഗത്ത് മാത്രമാണുള്ളതെന്നാണ് പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഇത് ഇന്ന് സാധാരണയായി ലഭ്യമാണ്. മികവുറ്റതുമാണ്,' ലണ്ടനിലെ വോയ്‌സ് ബയോമെട്രിക് ഉൽപന്നങ്ങൾ വിൽക്കുന്ന വാലിഡ്‌സോഫ്റ്റിലെ പോൾ ബർമെസ്റ്റർ പറയുന്നു. ബാർക്ലേസ് പി എൽ സി വോയ്‌സ് പ്രിന്റിങ് സാങ്കേതിക വിദ്യ തങ്ങളുടെ സമ്പന്ന ഇടപാടുകാർക്കിടയിൽ ഈയിടെ പരീക്ഷിക്കുകയുണ്ടായി. ഇതൊരു വിജയമായതിനെ തുടർന്ന് തങ്ങളുടെ 12 ദശലക്ഷം ബാങ്കിങ് ഉപഭോക്താക്കൾക്കും ഈ സാങ്കേതിക വിദ്യ നൽകാനുള്ള പുറപ്പാടിലാണ് ബാർക്ലേസ്. 'അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അംഗീകൃത സുരക്ഷാ മാനദണ്ഡമായി വോയ്‌സ് ബയോമെട്രിക്‌സ് മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ,' ബാർക്ലേസ് എക്‌സിക്യൂട്ടീവായ ഇയാൻ ഹൻലോൻ പറയുന്നു.

പെൻസിൽവാനിയയിലെ മുച്വൽ ഫണ്ട് സ്ഥാപനമായ വാൻഗാർഡ് ഗ്രൂപ് ഇൻകും തങ്ങളുടെ ഇടപാടുകാർക്കായി ഈ സാങ്കേതിക വിദ്യ നൽകിയിട്ടുണ്ട്. സഹോദരന്മാരുടേയും ഇരട്ടകളുടേയും അടക്കം പല വിധത്തിൽ ശബ്ദ പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് തങ്ങൾ് ഇതു നടപ്പാക്കിയതെന്ന് വാൻഗാർഡ് എക്‌സിക്യൂട്ടീവ് ജോൺ ബൽ പറയുന്നു. ബ്രിട്ടനും യുഎസിനും പുറമെ ന്യൂസീലാന്റ്, തുർക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പല ബാങ്കിങ് സ്ഥാപനങ്ങളും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പലരും സ്വന്തം സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.