മുംബൈ: വമ്പൻ വിലക്കുറവിൽ ഫോക്സ്വാഗൺ ഹോട്ട് ഹാച്ച്ബാക്ക് പോളോ GTI വിപണിയിൽ. 25.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിലെത്തിയ പോളോ GTI വില ഏകദേശം ആറ് ലക്ഷത്തിനടുത്ത് കുറച്ചാണ് ഫോക്സ്വാഗൺ വിറ്റഴിക്കുന്നത്.

ആദ്യഘട്ടത്തിൽ ഹാച്ച്ബാക്ക് പോളോ GTI-യുടെ 99 മോഡലുകളാണ് കമ്പനി ഇങ്ങോട്ടെത്തിച്ചിരുന്നത്. എന്നാൽ വേണ്ടത്ര സ്വാധീനം വിപണിയിലുണ്ടാക്കാൻ GTI-ക്ക് സാധിച്ചിരുന്നില്ല. ഇതിനാലാണ് ഇത്ര വലിയ ഓഫർ നൽകി സ്റ്റോക്ക് വിറ്റഴിക്കാൻ കമ്പനിയുടെ നീക്കമെന്നാണ് വിവരം. ഇതോടെ 19.99 ലക്ഷം രൂപയ്ക്ക് (മുംബൈ എക്സ്ഷോറൂം) GTI സ്വന്തമാക്കാം. നിലവിൽ മുംബൈയിലെ ചില ഡീലർഷിപ്പുകളിൽ ഓഫർ വിലയിൽ പോളോ GTI വിൽപ്പന ആരംഭിച്ചതായി സൂചനയുണ്ട്. ഫിയറ്റ് അബാർത്ത് 595, മിനി കൂപ്പർ എസ് എന്നീ ശക്തർക്കിടയിലേക്കാണ് ഫോക്സ്വാഗൺ പോളോ GTI അവതരിപ്പിച്ചിരുന്നത്.

കരുത്തിനൊത്ത രൂപം അവകാശപ്പെടാൻ സാധിക്കാത്തതും ത്രീ ഡോർ പതിപ്പ് ആണെന്നതും വിപണിയിൽ GTI-ക്ക് തിരിച്ചടിയേകി. 1.8 ലിറ്റർ ഫോർ സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ 189 ബിഎച്ച്പി കരുത്താണ് നൽകുക. സെവൻ സ്പീഡാണ് ഗിയർബോക്സ്. 7.2 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാം. മണിക്കൂറിൽ 233 കിലോമീറ്ററാണ് പരമാവധി വേഗത.