ജർമൻ കാർ നിർമ്മാണ കമ്പനിയായ ഫോക്‌സ്‌വാഗൺ അമേരിക്കയിൽ നിന്നും 500000 കാറുകൾ പിൻവലിക്കാൻ നിർബന്ധിതരാവുന്നു. മലിനീകരണത്തിന്റെ തോത് മറച്ചു വയ്ക്കാൻ സഹായിക്കുന്ന ഉപകരണം കാറിൽ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇങ്ങനെയൊരു നടപടിക്ക് തയ്യാറാവുന്നത്.  ഡിഫീറ്റ് ഡിവൈസ് എന്ന ഉപകരണം കാറിനെ മലിനീകരണവുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റ് പാസാവാൻ സഹായിക്കുന്നു. എന്നാൽ കാറു കാരണം ഉണ്ടാവുന്നത് എമിഷൻ സ്റ്റാൻഡേർഡിനേക്കാൾ 40 മടങ്ങ് അധികം മലിനീകരണമാണ്.

കാർ കാരണം രാജ്യത്തെ അന്തരീക്ഷം മലിനമാവുന്നതായും രാജ്യത്തെ ക്ലീൻ എയർ ആക്ട് ഇവ ലംഘിക്കുന്നതായും യുഎസ് എൻവിറോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി വ്യക്തമാക്കി. തിരിച്ചു വിളിക്കുന്നതും ഫൈനും എല്ലാം ചേർത്ത് ഏകദേശം 18 ബില്ല്യൺ ഡോളർആണ് കാർ നിർമ്മാണ കമ്പനികൾക്ക് നഷ്ടമാവുക.

ഡിഫീറ്റ് ഡിവൈസ് ഉപയോഗിച്ച് കാറിനു സാധുത നൽകിയത് നിയമവിരുദ്ധവും പൊതുജനാരോഗ്യത്തിന് ഹാനികരവുമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. വാഹന പുക പരിശോധന നടക്കുമ്പോൾ മലിനീകരണ തോത് കുറച്ച് കാണിച്ച് സാധുത നേടാൻ കാറിനു കഴിഞ്ഞു.  കാലിഫോർണിയയിലും ഇതേ കാരണം കാണിച്ച് കാറിനു നോട്ടീസ് നൽകിയിരിക്കുകയാണ്.  

2012-ൽ പ്രമുഖ സൗത്ത്‌കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോർസ് അമേരിക്കൻ വിപണിയിൽ നിന്നും അതിന്റെ  കാറുകൾ പിൻവലിച്ചിരുന്നു.